തിരുവനന്തപുരം:സാമൂഹിക മാധ്യമങ്ങളില്‍ അപമാനിച്ചെന്നാരോപിച്ച് ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ദേവിനെതിരെ പരാതി നല്‍കി വടകര എം.എല്‍.എ കെ.കെ. രമ. സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനുമാണ് പരാതി നല്‍കിയത്. ഇത് ആദ്യമായാണ് ഒരു എം.എല്‍.എയ്‌ക്കെതിരെ മറ്റൊരു എം.എല്‍.എ സൈബര്‍സെല്ലില്‍ പരാതി നല്‍കുന്നത്.
നിയമസഭയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചണം നടത്തുന്നു എന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. നിയമസഭയില്‍ ഏതാനും സീറ്റുകള്‍ അപ്പുറം ഇരിക്കുന്ന ജനപ്രതിനിധി തന്നോട് കാര്യങ്ങള്‍ ചോദിച്ച് വിവരം മനസ്സിലാക്കുന്നതിന് പകരം സാമൂഹിക മാധ്യമങ്ങള്‍ വഴി തനിക്ക് അപമാനമുണ്ടാക്കുന്ന വിധത്തിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതായും രമ ആരോപിക്കുന്നു.
ഒരു നിയമസഭാംഗത്തിന്റെ പേരില്‍ അപകീര്‍ത്തികരമായ കള്ളപ്രചരണങ്ങള്‍ നടത്തുകയും ഒരു സാമാജിക എന്ന നിലയില്‍ തന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതും ചൂണ്ടിക്കാട്ടിയാണ് രമ പരാതി നല്‍കിയിരിക്കുന്നത്. പ്രസ്തുത പോസ്റ്റ് പിന്‍വലിക്കണമെന്നും അവര്‍ പരാതിയില്‍ പറയുന്നു.
‘വിവിധ സമയങ്ങളിലെടുത്ത ഫോട്ടോ ഉപയോഗിച്ചുകൊണ്ട് സച്ചിന്‍ദേവ് എനിക്കെതിരെ പോസ്റ്റിടുന്നു. ഇത് മറ്റുള്ളവര്‍ ഏറ്റ് പിടിക്കുന്ന സ്ഥിതിയാണ്. ഒരു എം.എല്‍.എ ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ സത്യം തിരിച്ചറിയണം. മറിച്ച് ഇത്തരത്തില്‍ നീങ്ങുന്നത് വളരെ അപകീര്‍ത്തികരമായ കാര്യമാണ്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വ്യക്തികളെ അധിക്ഷേപിക്കുന്ന നിലപാടിലേക്ക് പോകുന്നതിനെതിരെയാണ് നടപടി ആവശ്യപ്പെട്ടത്’-കെ.കെ രമ പറഞ്ഞു.