കിഴക്കമ്പലത്ത് പോലീസിനെ ആക്രമിച്ച സംഭവം; പ്രത്യേക സംഘം അന്വേഷിക്കും

കൊച്ചി: കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും. പെരുമ്പാവൂര്‍ ഡിവൈഎസ്പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. രക്ഷപെട്ട പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു. അക്രമത്തില്‍ 156 ഇതര സംസ്ഥാന തൊഴിലാളികള്‍ കസ്റ്റഡിയിലെന്ന് റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു. കസ്റ്റഡിയിലെടുത്ത തൊഴിലാളികളെ വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റി.

തൊഴിലാളികളുടെ ക്യാമ്പില്‍ പോലീസ് പരിശോധന പുരോഗമിക്കുകയാണ്. അഞ്ഞൂറോളം പോലീസ് ഉദ്യോഗസ്ഥരെ സംഭവ സ്ഥലതത്ത് വിന്യസിച്ചിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി. ഇതിനിടെ കിഴക്കമ്പലം അക്രമം ഒറ്റപ്പെട്ട സംഭവമെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. അടിയന്ത റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ലേബര്‍ ഓഫിസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ രാത്രി 12 മണിയോടെയാണ് ചൂരക്കോട് കിറ്റെക്സില്‍ ജോലിക്കെത്തിയ അഞ്ഞൂറിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘര്‍ഷമുണ്ടാക്കിയത്. ക്രിസ്മസ് ആഘോഷത്തിനിടെയായിരുന്നു സംഘര്‍ഷം. തൊഴിലാളികള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസിന് നേരെ അക്രമികള്‍ സംഘര്‍ഷം അഴിച്ചുവിടുകയായിരുന്നു. അക്രമികള്‍ രണ്ട് പോലീസ് ജീപ്പുകള്‍ കത്തിച്ചു. ആക്രമണത്തില്‍ കുന്നത്തുനാട് സിഐ വി.ടി ഷാജന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം കിറ്റെക്സില്‍ ആരോപണങ്ങളുയരുന്നത് പോലെ പ്രശ്നങ്ങളില്ലെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും കിറ്റെക്സ് എംഡി സാബു എം ജേക്കബ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News