കൊച്ചി: കിഴക്കമ്പലം കിറ്റെക്‌സിലെ ഇതര സംസ്ഥാന തൊഴിലാളികൾ നടത്തിയ സംഘട്ടനം കലാപത്തിന് വഴിമാറാതിരുന്നത് പോലീസിന്റെ തക്കസമയത്തെ ഇടപെടൽ കാരണം. കലാപസമാനമായ നീക്കങ്ങളാണ് തൊഴിലാളികളുടെ ഭാഗത്തു നിന്നുണ്ടായതെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
ഏകദേശം മൂവായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കിഴക്കമ്പലം പോലുള്ള പ്രദേശത്തുണ്ടായ അക്രമ സംഭവങ്ങളുടെ വ്യാപ്തി അറിയാതെയാണ് രണ്ട് ജീപ്പ് പോലീസുകാർ സ്ഥലത്തെത്തിയത്. ആവശ്യത്തിന് പോലീസ് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നില്ല. ക്രിസ്മസ് ദിന ആഘോഷങ്ങളുടെ ഭാഗമായി തൊഴിലാളികൾ മദ്യവും കഞ്ചാവും ഉൾപ്പെടെയുള്ള മയക്കുമരുന്നും ഉപയോഗിച്ചിരുന്നെന്നാണ് സൂചന.
പോലീസിനെ ചുട്ടുകൊല്ലാനായിരുന്നു ഇവരുടെ ശ്രമം. എന്നാൽ തലനാരിഴയ്ക്ക് വൻദുരന്തം ഒഴിവാകുകയായിരുന്നു. പോലീസ് തൊഴിലാളികൾ തമ്മിലുണ്ടായ പ്രശ്‌നത്തിന് പരിഹാരം കാണാൻ ശ്രമിക്കുന്നതിനിടെ ഇവർ പോലീസിനെതിരെ തിരിയുകയായിരുന്നു.
ജീപ്പ് തല്ലിത്തകർത്ത ശേഷം അതിന് മുകളിൽ കയറി കൊലവിളി നടത്തിയ സംഘം തടയാൻ ശ്രമിച്ച പോലീസുകാരെ അതിക്രൂരമായി മർദ്ദിച്ചു. കൺട്രോൾ റൂം വാഹനത്തിലും കുന്നത്തുനാട് സ്റ്റേഷനിലും നിന്നാണ് ആദ്യം പോലീസെത്തിയത്. അക്രമി സംഘങ്ങളുടെ ചെയ്തികൾ ചിത്രീകരിച്ച നാട്ടുകാരെയും ഇവർ അക്രമിച്ചു.
ഗുരുതരമായി പരിക്കേറ്റ പോലീസുകാരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. എസ്‌ഐ ഉൾപ്പെടെയുള്ള പോലീസുകാരെ ഇവർ കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് പരിക്കേൽപ്പിച്ചിരുന്നു. പോലീസുകാരെ ആക്രമിക്കുന്നത് കണ്ട പ്രദേശവാസിയും ടിപ്പർ ലോറി ഡ്രൈവറുമായ സരുൺ കൺട്രോൾ റൂമിലേക്ക് വിളിച്ചറിയിച്ചതോടെയാണ് സഹായത്തിനായി കൂടുതൽ പോലീസുകാരെത്തിയത്.