പുതിയ വർഷത്തിൽ കീശ കാലിയാവാതിരിക്കാൻ ഇക്കാര്യങ്ങളറിയുക
കൊച്ചി:പുതിയ വർഷത്തിലെ ഈ സാമ്പത്തിക മാറ്റങ്ങള്‍ അറിഞ്ഞിരുന്നില്ലെങ്കിൽ പോക്കറ്റ് കാലിയായേക്കും. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.
എ ടി എം ഇടപാടുകൾക്ക് ചെലവേറും
ശ്രദ്ധിച്ചില്ലെങ്കില്‍ ജനുവരി ഒന്ന് മുതല്‍ എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന്റെ ചെലവ് ഉയരും. ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകളിലെ സൗജന്യ ഇടപാടുകളുടെ പ്രതിമാസ പരിധി മറികടന്നാല്‍ ഉപഭോക്താക്കള്‍ അടുത്ത മാസം മുതല്‍ അധിക ചാര്‍ജ് നല്‍കേണ്ടി വരും. എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുമ്പോള്‍ ഈടാക്കുന്ന നിരക്കില്‍ വര്‍ധന വരുത്താന്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ജനുവരി ഒന്നു മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.
അടുത്ത മാസം മുതല്‍, സൗജന്യ ഇടപാടുകളുടെ പ്രതിമാസ പരിധി കഴിഞ്ഞ് നടത്തുന്ന ഓരോ ഇടപാടിനും 20 രൂപയ്ക്ക് പകരം ഉപഭോക്താക്കളില്‍ നിന്നും 21 രൂപ വീതം ബാങ്കുകള്‍ ഈടാക്കും. അതിനാൽ ഓരോ തവണയും എടിഎമ്മിലേക്ക് പോകാതെ ലഭിക്കുന്ന സൗജന്യ ഇടപാടുകളിലൂടെ ആ മാസത്തേക്ക് ആവശ്യമുള്ള തുക കൈയ്യിൽ കരുതുവാൻ ശ്രദ്ധിക്കുക.
സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് എല്ലാ മാസവും അഞ്ച് സൗജന്യ ഇടപാടുകള്‍ക്ക് (സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകള്‍ ഉള്‍പ്പെടെ) അര്‍ഹതയുണ്ടായിരിക്കും. മെട്രോ കേന്ദ്രങ്ങളില്‍ മറ്റ് ബാങ്ക് എടിഎമ്മുകളില്‍ നിന്ന് മൂന്ന് സൗജന്യ ഇടപാടുകളും മെട്രോ ഇതര കേന്ദ്രങ്ങളില്‍ അഞ്ച് ഇടപാടുകളും നടത്താനാകും.
പണം നിക്ഷേപിക്കുന്നതിന് പരിധി
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്റ് ബാങ്ക് ഉപഭോക്താക്കൾ ജനുവരി 1 മുതല്‍ സൗജന്യ പരിധി തീര്‍ന്നതിന് ശേഷം പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും അധികമായി ചാര്‍ജ് നല്‍കേണ്ടി വരും. ഐപിപിബി ഉപഭോക്താക്കള്‍ 10,000 രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും ഇങ്ങനെ ചാര്‍ജ് നല്‍കേണ്ടിവരും.
ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കിലെ അടിസ്ഥാന സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് എല്ലാ മാസവും 4 തവണ പണം പിന്‍വലിക്കല്‍ സൗജന്യമായിരിക്കും. എന്നാല്‍ ഇതിനുശേഷം, പണം പിന്‍വലിക്കുമ്പോഴെല്ലാം, ഉപഭോക്താക്കള്‍ ഇടപാട് മൂല്യത്തിന്റെ 0.50 ശതമാനം ചാര്‍ജ് നല്‍കേണ്ടിവരും, ഇത് കുറഞ്ഞത് 25 രൂപയായിരിക്കും. അടിസ്ഥാന സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ എത്ര തുക നിക്ഷേപിക്കുന്നതിനും ചാര്‍ജ് ഈടാക്കില്ലെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. കറന്റും,സേവിങ്‌സും അക്കൗണ്ട് ഉള്ളവർക്ക് ഇത് ബാധകമാണ്.
മെഡിസെപിന് മാസം 500 രൂപ പ്രീമിയം
സർക്കാർ ജീവനക്കാര്‍ക്കും പെൻഷൻകാർക്കും ‘മെഡിസെപ്’ പരിരക്ഷ ജനുവരി 1 മുതൽ തത്വത്തിൽ പരിരക്ഷ ആരംഭിക്കും. നിലവിലുള്ള രോഗങ്ങൾക്കുൾപ്പെടെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള രോഗങ്ങൾക്ക് പണരഹിത ചികിത്സ ലഭിക്കും. അതേ സമയം ഒപി ചികിത്സ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.സർക്കാർ ജീവനക്കാർക്ക് നിലവിലുള്ള മെഡിക്കൽ റീ-ഇമ്പേഴ്സ്മെന്റ് സമ്പ്രദായം തുടരും.ജീവനക്കാരുടെയും പെൻഷൻകാരുടെയും ഇൻഷൂറൻസ് പ്രീമിയം പ്രതിമാസം 500 രൂപയാണ്. എംപാനൽ ചെയ്യപ്പെട്ട പൊതു-സ്വകാര്യ ആശുപത്രികളിൽ മാത്രമേ പദ്ധതി പ്രകാരമുള്ള ചികിത്സ ലഭിക്കുകയുള്ളൂ.
ഇ പി എഫ്
നോമിനീ വിവരങ്ങൾ കൊടുത്തിട്ടുള്ളവർക്കു മാത്രമായി പല ഇ പി എഫ് സേവനങ്ങളും ചുരുങ്ങും. ഡിസംബർ 31 ആണ് നോമിനിയെ ചേർക്കുന്നതിനുള്ള അവസാന തിയതി.
ജി എസ് ടി നിയമങ്ങൾ
ജി എസ് ടി നിയമങ്ങൾ കൂടുതൽ കർക്കശമായി ജനുവരി മുതൽ നടപ്പിലാക്കും. ഇപ്പോഴുള്ള ജി എസ് ടി നിയമങ്ങളിൽ ചില മാറ്റങ്ങളും ജനുവരി മുതൽ വരുന്നുണ്ട്. കൂടുതൽ നികുതി ദാതാക്കളെ ഇതിലൂടെ ബിസിനസുകാരിൽ നിന്നും കണ്ടെത്താനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
എൽ പി ജി
അന്താരാഷ്ട്ര വിപണിക്കനുസരിച്ച് എൽ പി ജി നിരക്കുകളിൽ മാറ്റം വന്നേക്കാം. ഡിസംബറിൽ വില മാറിയിരുന്നില്ല.