കൊച്ചി: കിഴക്കമ്പലത്ത് പോലീസിന് നേരെ ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി എറണാകുളം റൂറല്‍ എസ്പി കെ. കാര്‍ത്തിക്. നിലവില്‍ പ്രദേശത്ത് സമാധാന നിലയാണുള്ളതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്പി പറഞ്ഞു.
‘രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. മദ്യപിച്ച് തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത് അറിഞ്ഞാണ് 1500ഓളം തൊഴിലാളികളുള്ള ക്യാമ്പിലേക്ക് പോലീസ് എത്തിയത്. തൊഴിലാളികളെല്ലാം വൈലന്റായിരുന്നത് കൊണ്ടുതന്നെ കൂടുതല്‍ പോലീസിനെ എത്തിച്ചു. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ പോലീസിന് നേരെ സംഘര്‍ഷമുണ്ടാകുകയായിരുന്നു’.
സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍ പറഞ്ഞു. പൊലീസുകാരെ ആക്രമിക്കുന്ന സംഭവം ഒരിക്കലും നീതീകരിക്കാന്‍ കഴിയില്ല. തൊഴിലാളികള്‍ ക്യാമ്പില്‍ മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെ ഉപോഗിക്കുന്നുണ്ടെന്നാണ് വിവരമെന്നും എംഎല്‍എ വ്യക്തമാക്കി.
ഇന്നലെ രാത്രിയോടെയാണ് ചൂരക്കോട് കിറ്റെക്സില്‍ ജോലിക്കെത്തിയ അഞ്ഞൂറിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘര്‍ഷമുണ്ടാക്കിയത്. ക്രിസ്മസ് ആഘോഷത്തിനിടെയായിരുന്നു സംഘര്‍ഷം. തൊഴിലാളികള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിന് നേരെ അക്രമികള്‍ സംഘര്‍ഷം അഴിച്ചുവിടുകയായിരുന്നു. അക്രമികള്‍ രണ്ട് പൊലീസ് ജീപ്പുകള്‍ കത്തിച്ചു. ആക്രമണത്തില്‍ കുന്നത്തുനാട് സിഐ വി.ടി ഷാജന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഘര്‍ഷമുണ്ടാക്കിയ തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുന്നത്തുനാട്, എടത്തല എന്നിവിടങ്ങളില്‍ നിന്നായി 120 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ആക്രമണത്തില്‍ അഞ്ഞൂറിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു. മണിപ്പൂരില്‍ നിന്നും നാഗാലാന്റില്‍ നിന്നും ജോലിക്കെത്തിയ തൊഴിലാളികളാണ് പരസ്പരം ഏറ്റുമുട്ടിയത്. സ്ഥലത്ത് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.