25.3 C
Kottayam
Tuesday, May 14, 2024

‘സഞ്ജു മോനെ ഒന്ന് സൂക്ഷിച്ചോ, അടുത്തുള്ള ഏതോ ഒരു മുട്ടൻ പണി വരുന്നു’ഫേസ് ബുക്ക് പോസ്റ്റുമായി കിഷോര്‍ സത്യ

Must read

തിരുവനന്തപുരം: ഐപിഎല്ലിലും ലഭിച്ച അവസരങ്ങളിലെല്ലാം ഇന്ത്യന്‍ ടീമിലും തിളങ്ങിയിട്ടും മലയാളി താരം സഞ്ജു സാംസണ് ഇന്ത്യന്‍ ടീമില്‍ വേണ്ടത്ര അവസരവും പിന്തുണയും നല്‍കാത്തതിനെതിരെ തുറന്നടിച്ച് നടന്‍ കിഷോര്‍ സത്യ. നിരന്തരം ഫോം ഇല്ലാതെ ഉഴറിയ റിഷഭ് പന്തിനും കെ. എൽ രാഹുലിനും ഒക്കെ കിട്ടിയ ഒരു നീതി സഞ്ജുവിന് ഒരിക്കലും കിട്ടിയിട്ടില്ലെന്ന് കിഷോര്‍ സത്യ തന്‍റെ ഫേസ്ബുക് പോസ്റ്റില്‍ പറ‍ഞ്ഞു. സഞ്ജുവിനെക്കാള്‍ മികച്ച കളിക്കാരനാണ് കെ എല്‍ രാഹുലെന്ന മുന്‍ താരം വീരേന്ദര്‍ സെവാഗിന്‍റെ പ്രസ്താവന കണ്ണടച്ച് ഇരുട്ടാക്കലാണെന്നും കിഷോര്‍ സത്യ വ്യക്തമാക്കി.

ആറ് മത്സരങ്ങളിൽ നിന്നും 36 ഓവർ പവർപ്ലേയുടെ അഡ്വാന്‍റേജ് പൂർണമായും നേടിയിട്ടും 194 റൺസ് മാത്രം കൈമുതലായ കെ എൽ രാഹുലുമായി താരതമ്യം ചെയ്യുമ്പോൾ 159 റൺസ് നേടിയ ഈ കൊച്ചു സാംസണോട് ഒരു സാമാന്യ മര്യാദയെങ്കിലും സെവാഗെ കാണിക്കേണ്ടിയിരുന്നില്ലേയെന്നും കിഷോര്‍ സത്യ ഫേസ്ബുക് പോസ്റ്റില്‍ ചോദിച്ചു. കിഷോര്‍ സത്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം.

വിരേന്ദർ സെവാഗിനെ നമുക്ക് എല്ലാവർക്കും ഇഷ്ടമാണ്. ഒരു ക്രിക്കറ്റർ എന്ന നിലയിലും അതിനുശേഷം വളരെ സരസമായ രീതിയിൽ കളിയെ വിശകലനം ചെയ്യുന്ന ഒരാൾ എന്ന നിലയിലും. എന്നാൽ ഇന്ന് സഞ്ജു സാംസണെ പറ്റിയുള്ള അദ്ദേഹത്തിന്റെ ഒരു കമന്റ് അതായത് കെ എൽ രാഹുലാണ് സഞ്ജു സാംസണെ ക്കാൾ മികച്ച കളിക്കാരൻ, രാഹുൽ ഫോം വീണ്ടെടുത്തിരിക്കുന്നു തുടങ്ങിയ രീതിയിലുള്ള ഒരു വാർത്ത അദ്ദേഹത്തിന്റെതായി കാണുകയുണ്ടായി. ഇത് വായിച്ചതോട്  കൂടെ സെവാഗിനോട് ഇതുവരെയുണ്ടായിരുന്ന ഇഷ്ടത്തിന്  ഇടിവ് സംഭവിച്ചു.

ഇപ്പോൾ നടക്കുന്ന ഐപിഎല്ലിലെ പ്രകടനത്തിനെ അടിസ്ഥാനമാക്കി എങ്ങനെ ഇത്തരമൊരു പ്രസ്താവനയിൽ അദ്ദേഹത്തിന് എത്താൻ സാധിച്ചു എന്നുള്ളത് എന്നെ വളരെ അത്ഭുതപ്പെടുത്തി. സാന്ദർഭിക വശാൽ മറ്റൊരു കൗതുകമുള്ള വാർത്തയും ഇതോടൊപ്പം നമുക്ക് ചേർത്ത് വായിക്കാം. ഇന്ത്യയുടെ ദേശീയ ടീമിന്റെ മുൻ സെലക്ടർ ആയിരുന്ന ശരൺ ദീപ് സിംഗിന്റെ വകയാണ് അത്. 2015ൽ സിംബാവെക്കെതിരെ ക്കെതിരെയുള്ള  ടി20 ടീമിൽ സഞ്ജു സാംസണെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തുമ്പോൾ ഇദ്ദേഹം സെലക്ഷൻ കമ്മിറ്റിയിൽ ഉണ്ടായിരുന്നു.

അവസരങ്ങൾ ലഭിച്ചിട്ടും സഞ്ജുവിന് ശോഭിക്കാൻ സാധിച്ചില്ല എന്നാണ് അദ്ദേഹം പറയുന്നത്. അത് ശരിയുമാണ്. സമ്മതിക്കുന്നു.പക്ഷേ പിന്നീട് ലഭിച്ച അവസരങ്ങൾ സഞ്ജു മനോഹരമായി ഉപയോഗിച്ചപ്പോഴും സഞ്ജുവിന്റെ ഇന്ത്യൻ ടീമിലെ സ്ഥാനം കയ്യാല പുറത്തെ തേങ്ങ പോലെ ആയിരുന്നില്ലേ?!

ഇപ്പോൾ അദ്ദേഹം പറയുന്നത് ഈ ഐപിഎൽ ലീഗിൽ 700 – 800 റൺസ് എങ്കിലും അടിച്ചാൽ മാത്രമേ സഞ്ജുവിന് ഇന്ത്യൻ ടീമിലേക്ക് ഇനി എന്തെങ്കിലും സാധ്യതയുള്ളൂ എന്നാണ്. ഇഷാൻ കിഷനും “പരിക്ക് പറ്റി വിശ്രമിക്കുന്ന” റിഷഭ് പന്തും ദിനേശ് കാർത്തിക്കും ഒക്കെ അദ്ദേഹത്തിന് വലിയ ഭീഷണികളാണത്രെ ഇപ്പോൾ!. നിരന്തരം ഫോം ഇല്ലാതെ ഉഴറിയ റിഷഭ് പന്തിനും കെ. എൽ രാഹുലിനും ഒക്കെ കിട്ടിയ ഒരു നീതി എപ്പോഴെങ്കിലും സഞ്ജുവിന് ലഭിച്ചിരുന്നോ?!. കണ്ണുമടച്ചു പറയാം ഒരിക്കലും ഇല്ല.

സെവാഗ് പറയുന്നത് ആറ് കളികളിൽ നിന്നും രാഹുൽ ഇതുവരെ 194 റൺസ് നേടിയെന്നും എന്നാൽ ആറ് കളികളിൽ നിന്നും സഞ്ജു 159 റൺസ് മാത്രമേ നേടിയിട്ടുള്ളൂ എന്നുമാണ്! ഒപ്പം രാഹുൽ ഫോമിലേക്ക് തിരിച്ചെത്തി എന്ന് എന്തോ വലിയ സംഭവമായിട്ടാണ് അദ്ദേഹം പറയുന്നത്. പവർ പ്ലേയുടെ പൂർണ്ണ അധികാരം നേടി ഓപ്പണർ ആയി ഇറങ്ങുന്ന രാഹുലിനെയാണ് വൺ ഡൗണോ  ടു  ഡൗണോ ആയി ഇറങ്ങുന്ന സഞ്ജുമായിട്ട് അദ്ദേഹം താരതമപ്പെടുത്തിയിരിക്കുന്നത്. വിചിത്രം തന്നെ!.ഓപ്പണർ കെ. എൽ രാഹുലിന്റെ സ്ട്രൈക്ക് റേറ്റ് 114  സഞ്ജു സാംസന് 160! ഇനി മറ്റു ടീമുകളിലെ ഓപ്പണർമാരുടെ റൺസും സ്ട്രൈക്ക് റേറ്റും നോക്കുന്നത് വളരെ കൗതുകമുള്ള ഒരു കാഴ്ചയാണ്.

ഫാഫ് ഡൂപ്ലസി 6 മത്സരം റൺസ് 343 സ്ട്രൈക്ക് റേറ്റ് 166, ഡേവിഡ് വർണർ  6 മത്സരം.റൺസ് 285 സ്ട്രൈക്ക് റേറ്റ്120,വിരാട് കോലി 6 മത്സരം റൺസ് 279 സ്ട്രൈക്ക് റേറ്റ്142, ജോസ് ബറ്റ്ലർ 6 മത്സരം  റൺസ് 244 സ്ട്രൈക്ക് റേറ്റ് 146. ആദ്യ മത്സരത്തിൽ സഞ്ജു ഇറങ്ങുന്നത്  5.5 ഓവറിൽ.രണ്ടാം മത്സരത്തിൽ അദ്ദേഹം സെക്കന്‍ഡ് ഡൌൺ ആയിട്ടാണ് ഇറങ്ങിയത് 3.2 ഓവറിൽ. മൂന്നാമത്തെയും നാലാമത്തെ മത്സരങ്ങളിൽ 0 റൺസ് ആണ് നേടിയത്. അഞ്ചാമത്തെ മത്സരത്തിൽ സെക്കന്‍ഡ് ഡൌൺ ആയാണ് അദ്ദേഹം ഇറങ്ങുന്നത് 2.5 ഓവറിൽ. ആറാമത്തെ മത്സരത്തിൽ ഇറങ്ങുന്നത് ആവട്ടെ 12.4 ഓവറിൽ.

ആറ് മത്സരങ്ങളിൽ നിന്നും 36 ഓവർ പവർപ്ലേയുടെ അഡ്വാന്‍റേജ് പൂർണമായും നേടിയിട്ടും 194 റൺസ് മാത്രം കൈമുതലായ കെ എൽ രാഹുലുമായി താരതമ്യം ചെയ്യുമ്പോൾ 159 റൺസ് നേടിയ ഈ കൊച്ചു സാംസണോട് ഒരു സാമാന്യ മര്യാദയെങ്കിലും സെവാഗെ കാണിക്കേണ്ടിയിരുന്നില്ലേ. ടി20  മത്സരങ്ങളിൽ റൺസിക്കാൾ  പ്രാധാന്യം കൊടുക്കുന്നത് സ്ട്രൈക്ക് റേറ്റ്ന് ആണ് എന്നുള്ള ഒരു കാര്യം സെവാഗ് മനപ്പൂർവം കണ്ണടച്ച് ഇരുട്ടാക്കി കളഞ്ഞു! സെവാഗിന്റയും ശരൺ ദീപ് സിംഗിന്റെയും ഈ വിശകലനങ്ങൾ കാണുമ്പോൾ പ്രിയപ്പെട്ട സഞ്ജു നിങ്ങളെ ആരൊക്കെയോ വീണ്ടും ഭയപ്പെടുന്നു എന്ന് വ്യക്തം. അത് വ്യക്തികൾ ആയാലും ലോബികൾ ആയാലും. സഞ്ജു മോനെ ഒന്ന് സൂക്ഷിച്ചോ. അടുത്തുള്ള ഏതോ ഒരു മുട്ടൻ പണിക്കുള്ള വെള്ളം ആരൊക്കെയോ അടുപ്പിൽ വച്ച്  തീയെരിക്കാൻ തുടങ്ങിയിരിക്കുന്നു. Never mind. You go ahead with your cricket.ആശംസകൾ. ഇങ്ങ് ഇട്ടാവട്ടത്ത് കിടക്കുന്ന ചുരുക്കം മലയാളികൾ മാത്രമല്ല ലോകം മുഴുവനുള്ള നിരവധിപേർ നിങ്ങളുടെ പുറകിൽ ഉണ്ട്. ഇഷ്ടങ്ങളും  ആശംസകളും സ്നേഹപ്പൂക്കളുമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week