പാലക്കാട്: കേരളത്തില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്നും അനര്‍ഹമായി കൈപ്പറ്റിയ പണം മുഴുവന്‍ തിരിച്ചു പിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി ആരംഭിച്ചു.
സംസ്ഥാനത്ത് വലിയതുക ആദായനികുതി നല്‍കുന്നവരും ചെറുകിട കൃഷിക്കാര്‍ക്കുള്ള ഈ പണം വാങ്ങിയെടുക്കുന്നതായി കണ്ടെത്തി. അനധികൃതമായി ഇനിയും കൂടുതല്‍ പേര്‍ പണം കൈപ്പറ്റിയിട്ടുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍. ഇവര്‍ക്കായുള്ള അന്വേഷണവും ശക്തമാക്കും.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്നും അനധികൃതമായി സഹായധനം കൈപ്പറ്റിയവരുടെ പട്ടിക കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതുപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത്. പദ്ധതി ഗുണഭോക്താക്കളുടെ മുഴുവന്‍ അടിസ്ഥാന വിവരങ്ങളും ശേഖരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധന ആരംഭിച്ചതായാണ് വിവരം. ആദായനികുതി നല്‍കുന്നവര്‍ പിഎം കിസാന് അപേക്ഷിക്കാന്‍ പാടില്ലെന്ന് പദ്ധതി വ്യവസ്ഥയില്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും അതു പാലിക്കാതെ ഈ വിഭാഗത്തിലുള്ളവര്‍ തുക കൈപ്പറ്റിയതിനു കാരണം രേഖകള്‍ പരിശോധിക്കുന്നതിലെ വീഴ്ചയാണെന്ന് ആരോപണമുണ്ട്.
അനര്‍ഹര്‍ പണം ബാങ്കില്‍ നിന്ന് തുക പിന്‍വലിച്ചതിനാല്‍ അത് എങ്ങനെ തിരിച്ചുപിടിക്കുമെന്നതിനെക്കുറിച്ച് വകുപ്പില്‍ വ്യക്തതയില്ല. റവന്യൂ റിക്കവറി മാതൃകയില്‍ നടപടി വേണ്ടിവരുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് അടുത്തദിവസം നിര്‍ദ്ദേശമുണ്ടാകും. പണം തിരിച്ചുപിടിക്കാന്‍ കൃഷി ഡയറക്ടറുടെ പേരില്‍ പ്രത്യേക അക്കൗണ്ടും തുറന്നിട്ടുണ്ട്. കര്‍ഷകര്‍ക്കു വേണ്ടി 2019 ഫെബ്രുവരി 24നാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി നിലവില്‍ വന്നത്. 2018 ഡിസംബര്‍ മുതല്‍ മുന്‍കാലപ്രാബല്യത്തോടെ ആനുകൂല്യം ഗുണഭോക്താക്കള്‍ ലഭിച്ചു. ഒടുവിലത്തെ കണക്കനുസരിച്ച് സംസ്ഥാനത്തുനിന്ന് 36.7 ലക്ഷം അപേക്ഷകരാണുള്ളത്. കോടിക്കണക്കിന് രൂപയാണ് ഈ വകയില്‍ കേന്ദ്രം ചിലവഴിച്ചത്.
സംസ്ഥാനത്ത് പിഎം കിസാനില്‍ അനര്‍ഹമായി പണം കൈപ്പറ്റിയവരില്‍ കൂടുതല്‍ പേര്‍ തൃശൂരാണ് 2384, കുറവ് കാസര്‍കോട് 614. മറ്റുജില്ലകളിലെ കണക്ക് തിരുവനന്തപുരം (856), കൊല്ലം (899), കോട്ടയം(1250), പത്തനംതിട്ട(574), ഇടുക്കി(636), ആലപ്പുഴ(1530), എറണാകുളം(2079), പാലക്കാട് (1435), മലപ്പുറം( 624), കോഴിക്കോട്(788), കണ്ണൂര്‍(825), വയനാട് (642).