KeralaNews

കേന്ദ്രത്തിന്റെ 6000 രൂപ അനധികൃതമായി കൈപ്പറ്റിയവർ ഇനി കുടുങ്ങും; കേരളത്തിൽ റവന്യു റിക്കവറി നേരിടുക 2079 പേർ

കൊച്ചി:ചെറുകിട കൃഷിക്കാർക്കുള്ള പ്രധാനമന്ത്രിയുടെ ധനസഹായം പി.എം കിസാൻ സമ്മാൻനിധി അനധികൃതമായി വാങ്ങിയവരെ കുരുക്കാനും അർഹരാണെങ്കിലും ഒഴിവായവരെ കൂട്ടിച്ചേർക്കാനും വില്ലേജ് തലത്തിൽ നോഡൽ ഓഫീസർമാർ വരുന്നു. കേന്ദ്ര കൃഷി മന്ത്രാലത്തിന്റെ നിർദ്ദേശപ്രകാരമാണിത്. 3 വില്ലേജുകൾക്ക് ഒരാൾ എന്ന നിലയിൽ കൃഷി ഓഫീസർ, കൃഷി അസിസ്റ്റന്റ് എന്നിവരെ നോഡൽ ഓഫീസറായി നിയമിച്ചുതുടങ്ങി.

അപേക്ഷിച്ചിട്ടും ആനുകൂല്യം ലഭിക്കാത്തവർ, ബാങ്ക് അക്കൗണ്ടും ആധാറും ബന്ധിപ്പിക്കാത്തവർ എന്നിവരെ നേരിൽക്കണ്ട് നടപടി സ്വീകരിക്കുക, ഗ്രാമസഭയും തപാൽ, ബാങ്ക് പ്രതിനിധികളുടെ യോഗവും വിളിച്ച് പുരോഗതി വിലയിരുത്തുക തുടങ്ങിയവയാണ് നോഡൽ ഓഫീസറുടെ ചുമതല.

ഭൂരേഖയിലെ അപാകതയും മറ്റു സാങ്കേതികപ്രശ്നങ്ങളും കാരണം സംസ്ഥാനത്ത് 11 ലക്ഷം പേർ പദ്ധതിയിൽ നിന്ന് പുറത്തായിരുന്നു. തുടർന്ന് വകുപ്പുകളുടെ സംയുക്ത പരിശോധനയിൽ 4 ലക്ഷത്തിലധികം പേർക്ക് ആനുകൂല്യം പുന:സ്ഥാപിച്ചു. ജനുവരി 15 നകം പരിശോധനയും നടപടികളും മുഴുവൻ പൂർത്തിയാക്കാനാണ് നിർദ്ദേശം. ഇതോടൊപ്പം പണം കൈപ്പറ്റിയ അനർഹരെയും കണ്ടെത്തും.

സംസ്ഥാനത്ത് വലിയ തുക ആദായനികുതി നൽകുന്നവരും പി.എം കിസാൻ സമ്മാൻനിധി വാങ്ങിയതായി കണ്ടെത്തിയിരുന്നു. നിലവിൽ അനർഹരായി കണ്ടെത്തിയ 10,808 ഗുണഭോക്താക്കളിൽ നിന്ന് ആദായ നികുതി അടക്കുന്നവരായി കണ്ടെത്തിയ 21,029 ഗുണഭോക്താക്കളിൽ നിന്ന് അവർ അനർഹമായി കൈപ്പറ്റിയ ആനുകൂല്യം തിരിച്ചുപിടിക്കുന്നതിനു നടപടികൾ പുരോഗമിക്കുകയാണ്.

കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും കാർഷിക മേഖലയിൽ കൂടുതൽ മുതൽ മുടക്കിന് കർഷകരെ പ്രാപ്തരാക്കുന്നതിനും വേണ്ടിയാണ് കിസാൻ സമ്മാൻനിധി നടപ്പാക്കിയത്. പി.എം കിസാൻ പദ്ധതിയനുസരിച്ച് രണ്ട് ഹെക്ടർവരെ കൃഷിഭൂമിയുള്ള ചെറുകിട, ഇടത്തരം കർഷകർക്ക് വർഷത്തിൽ 6000രൂപ അക്കൗണ്ടിൽ ലഭിക്കും.

2000രൂപ വീതം 3 ഗഡുക്കളായാണ് തുക നിക്ഷേപിക്കുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് സംസ്ഥാനത്തുനിന്ന് 37.1 ലക്ഷം അപേക്ഷകരാണുള്ളത്. 2022 ഏപ്രിൽവരെ പത്ത് ഗഡുക്കൾക്കായി 6426.30 കോടി രൂപ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നൽകിയിട്ടുണ്ട്.

അനധികൃതമായി പണം കൈപ്പറ്റിയവർ തിരിച്ചടയ്ക്കാതിരുന്നാൽ റവന്യൂ റിക്കവറി വഴി നടപടി സ്വീകരിക്കാനാണ് നിർദ്ദേശം. ജില്ലയിൽ 2079 പേർ അനധികൃതമായി പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവർക്ക് അതാത് കൃഷി ഭവനുകൾ വഴി നോട്ടീസ് അയച്ചുതുടങ്ങി. നോട്ടീസ് ലഭിച്ച് ഏഴ്‌ദിവസത്തിനകം വിശദീകരണവും 15 ദിവസത്തിനുള്ളിൽ തുക തിരിച്ചടയ്ക്കണമെന്നുമാണ് കൃഷി വകുപ്പ് നല്കുന്ന നോട്ടീസിൽ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button