ന്യൂഡൽഹി: ജമ്മു കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഇന്ത്യൻ ആർമി കേണൽ മൻപ്രീത് സിംഗ് ഉൾപ്പെടെ നാല് സൈനികർക്ക് കീർത്തി ചക്ര നൽകി ആദരിച്ച് രാജ്യം. മരണാനന്തര ബഹുമതിയായാണ് മൻപ്രീത് സിംഗിന് ബഹുമതി നൽകുക. സമാധാനകാലത്ത് ധീരതയ്ക്കുള്ള ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന പുരസ്‌കാരമാണ് കീർത്തി ചക്ര.
കരസേനയുടെ 19 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ കമാൻഡിംഗ് ഓഫീസർ കേണൽ മൻപ്രീത് സിംഗ്, മേജർ ആശിഷ് ധോഞ്ചക്, ജമ്മു കശ്‌മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട്, ശിപായി പർദീപ് സിംഗ് എന്നിവരാണ് കോക്കർനാഗിലെ ഗഡോളിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ ജീവത്യാഗം ചെയ്‌തത്. തെക്കൻ കശ്‌മീരിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 13നാണ് ഏറ്റുമുട്ടൽ നടന്നത്.
ഇത്തവണത്തെ ഗ്യാലന്ററി അവാർഡ് പ്രഖ്യാപനത്തിൽ ആകെ നാല് പേർക്കാണ് കീർത്തി ചക്ര ലഭിച്ചത്. മൻപ്രീത് സിംഗിന് പുറമേ റൈഫിൾമാൻ രവികുമാർ, മേജർ എം നായിഡു എന്നിവരുൾപ്പെടെ മൂന്ന് സൈനികരെയാണ് രാജ്യം കീർത്തി ചക്ര നൽകി ആദരിച്ചത്.
ചണ്ഡീഗഡിനടുത്തുള്ള പഞ്ചാബിലെ ഒരു ചെറിയ ഗ്രാമമായ ഭരോൺജിയാൻ സ്വദേശിയായ കേണൽ മൻപ്രീത് സിംഗ് 19 ആർആർ ബറ്റാലിയനിലെ തന്റെ കാലാവധി പൂർത്തിയാക്കാൻ നാല് മാസം മാത്രം ശേഷിക്കെയാണ് ജീവത്യാഗം ചെയ്‌തത്. ഭാര്യയും ആറുവയസുള്ള മകനും രണ്ടുവയസുള്ള മകളുമുള്ള കേണൽ മൻപ്രീത് സിംഗ് ഒരു യുദ്ധ വിദഗ്‌ധൻ കൂടിയായിരുന്നു.
മൻപ്രീത് സിംഗ് എപ്പോഴും തന്റെ ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി കൂടിയായിരുന്നു. അതിന് അദ്ദേഹം പറയുന്ന കാരണം ഇതായിരുന്നു. "ഞാൻ നയിക്കുമ്പോൾ എല്ലാവരും സുരക്ഷിതരാണെന്ന് ഞാൻ ഉറപ്പാക്കണം." ഒരു കായിക പ്രേമി കൂടിയായിരുന്ന മൻപ്രീത് സിംഗ് എപ്പോഴും യുവാക്കളുടെ ഉന്നമനത്തിൽ വിശ്വസിക്കുകയും അവരെ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്യാറുണ്ടായിരുന്നു.
ജമ്മു കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിലെ ലാർകിപോറ, സൽദൂറ, കോക്കർനാഗ് എന്നിവിടങ്ങളിലെ ഏറ്റവും ഭീകരവാദ ബാധിത പ്രദേശങ്ങളിൽ ഇന്നും അദ്ദേഹം ഒരു നായകനായി തന്നെ ഓർമ്മിക്കപ്പെടുന്നു. നാട്ടുകാർക്കും ആ പ്രദേശത്തെ സാധാരണ വ്യക്തികൾക്കും വരെ മൻപ്രീത് സിംഗിന്റെ പേര് അറിയാം എന്നതാണ് അദ്ദേഹത്തെ വ്യത്യസ്‌തനാക്കുന്നത്.