ന്യൂഡൽഹി : പുതുച്ചേരിയില്‍ കോൺഗ്രസ്സ് സര്‍ക്കാര്‍ പ്രതിസന്ധിയിലേയ്ക്ക് നീങ്ങവേ ലെഫ്. ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് ഡോ. കിരണ്‍ ബേദിയെ നീക്കി. തെലങ്കാന ഗവര്‍ണര്‍ ഡോ. തമിഴിസൈ സൗന്ദരരാജനാണ് പുതുച്ചേരിയുടെ അധികച്ചുമതല നല്‍കിയിരിയ്ക്കുന്നത് എന്ന് രാഷ്ട്രപതി ഭവന്‍ വക്താവ് അജയ് കുമാര്‍ സിംഗ് അറിയിച്ചു.
കിരണ്‍ ബേദിയെ നീക്കണമെന്ന ആവശ്യം പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി ദീര്‍ഘകാലമായി ഉന്നയിച്ചിരുന്നു. ലെഫ്. ഗവര്‍ണര്‍ ഭരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് കാട്ടി മുഖ്യമന്ത്രി പ്രത്യക്ഷ സമരം വരെ നടത്തിയിരുന്നു. പുതുച്ചേരിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഗവര്‍ണറെ മാറ്റിയിരിക്കുന്നത്.
പാര്‍ട്ടിയിലെ 4 എംഎല്‍എമാരാണ് ഇതിനോടകം രാജിവച്ചിരിയ്ക്കുന്നത്. ഇവര്‍ ബിജെപിയില്‍ ചേരുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിയ്ക്കെ ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാറിന്‍റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. കിരണ്‍ ബേദിയെ നീക്കിയത് ബിജെപിയുടെ രാഷ്ട്രീയ തന്ത്രത്തിന്‍റെ ഭാഗമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
പുതുച്ചേരിയുടെ വികസനത്തിന് ബേദി തടയിടുന്നുവെന്ന് കോണ്‍ഗ്രസ് നിരന്തരം ആരോപിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാനിരിക്കേ, ബേദിയെ മാറ്റി ഇതിനെ പ്രതിരോധിക്കാനാണ് കേന്ദ്ര നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
അതേസമയം കോൺഗ്രസ് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ശ്രമിക്കുകയാണ് പ്രതിപക്ഷ കക്ഷികൾ. രാഹുൽ ഗാന്ധിയുടെ പുതുച്ചേരി സന്ദർശനത്തിന് മണിക്കൂറുകൾക്ക് മുന്നെയാണ് ഒരു എംഎൽഎ കൂടി പാർട്ടിവിട്ടത്.