സിയോള്‍: ഉത്തര കൊറിയയില്‍ എത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഊഷ്മളമായ സ്വീകരണം. ബുധനാഴ്ച പ്യോങ്യാങ്ങിലെ വിമാനത്താവളത്തില്‍ എത്തിയ പുടിനെ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ സ്വീകരിച്ചു. സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കിയാണ് കിം ജോങ് ഉന്‍ പുടിനെ സ്വീകരിച്ചത്. 24 വര്‍ഷത്തിന് ശേഷം ആദ്യമായാണ് പുടിന്‍ ഉത്തര കൊറിയ സന്ദര്‍ശിക്കുന്നത്.
ഇരു നേതാക്കളും തങ്ങളുടെ രാജ്യങ്ങളുടെ ബന്ധം വികസിപ്പിക്കാന്‍ സമ്മതിച്ചതായി ഉത്തര കൊറിയന്‍ സ്റ്റേറ്റ് മീഡിയ അറിയിച്ചു. ഇരു രാജ്യങ്ങളും അന്താരാഷ്ട്ര ഒറ്റപ്പെടലിനെ അഭിമുഖീകരിക്കുന്ന സമയത്ത് റഷ്യ-ഉത്തര കൊറിയ ബന്ധം പുനര്‍രൂപകല്‍പ്പന ചെയ്യുന്നതായിരിക്കും ഇരു നേതാക്കളുടേയും കൂടിക്കാഴ്ച. അതേസമയം പശ്ചാത്യലോകം കൂടിക്കാഴ്ചയെ ആശങ്കയോടെയാണ് നോക്കി കാണുന്നത്.
റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തില്‍ ഉത്തര കൊറിയ പിന്തുണ അറിയിച്ചിരുന്നു. യുക്രെയ്‌നെതിരായ ആക്രമണത്തില്‍ റഷ്യ ഉത്തര കൊറിയന്‍ ആയുധങ്ങള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ 7000 കണ്ടെയ്‌നര്‍ ആയുധങ്ങളും സൈനിക ഉപകരണങ്ങളും ഉത്തര കൊറിയ റഷ്യയിലേക്ക് അയച്ചിട്ടുണ്ട് എന്നാണ് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി ഷിന്‍ വോണ്‍ സിക് ആരോപിക്കുന്നത്.
ഇതിന് പകരമായി ഭക്ഷണവും സാമ്പത്തിക സഹായവും ഉത്തര കൊറിയയ്ക്ക് ലഭിക്കുന്നുണ്ട്. മിസൈല്‍ നിര്‍മ്മാണത്തിലും ചാര സാറ്റലൈറ്റുകളുടെ നിര്‍മ്മാണത്തിലുമുള്ള സാങ്കേതിക വിദ്യാ സഹായമാണ് കിം പുടിനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. പുടിന് ആയുധങ്ങളും കിമ്മിന് സാങ്കേതിക വിദ്യയും വേണ്ട സാഹചര്യത്തിലാണ് ഇരു നേതാക്കളും ഒന്നിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ റഷ്യന്‍ പ്രസിഡന്റിന്റെ അതിഥിയായി കിം ജോങ് ഉന്‍ റഷ്യയിലെത്തിയിരുന്നു. അതേസമയം റഷ്യ-ഉത്തര കൊറിയ പങ്കാളിത്തം ഒരു പുതിയ ബഹുധ്രുവലോകത്തിന്റെ നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതിനുള്ള എഞ്ചിന്‍ ആണെന്നും പുടിന്റെ സന്ദര്‍ശനം തങ്ങളുടെ സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും അജയ്യതയും ദൃഢതയും പ്രകടമാക്കുന്നുവെന്നും ഉത്തരകൊറിയയുടെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ കെസിഎന്‍എ പറഞ്ഞു.
യുഎസിന് മുന്നറിയിപ്പ് നല്‍കാനായി റഷ്യ, ഉത്തര കൊറിയയുമായുള്ള ബന്ധം ഉപയോഗിച്ചിരുന്നു. മറുവശത്ത് കനത്ത ഉപരോധം ഏര്‍പ്പെടുത്തിയ ഉത്തരകൊറിയ മോസ്‌കോയില്‍ നിന്ന് രാഷ്ട്രീയ പിന്തുണയും സാമ്പത്തിക പിന്തുണയും വ്യാപാരവും ആണ് തേടുന്നത്. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളാല്‍ നിരോധിച്ച ഉത്തര കൊറിയയുടെ മിസൈല്‍, ആണവ പദ്ധതികള്‍ക്ക് റഷ്യ സഹായം നല്‍കുമെന്നാണ് അമേരിക്കയും സഖ്യകക്ഷികളും ഭയപ്പെടുന്നത്.
യുക്രെയ്‌നിലെ യുദ്ധത്തില്‍ റഷ്യ ഉപയോഗിച്ച ബാലിസ്റ്റിക് മിസൈലുകളും പീരങ്കി ഷെല്ലുകളും പ്യോങ്യാങ് നല്‍കിയതാണ് എന്നാണ് ആരോപണം. എന്നാല്‍ മോസ്‌കോയും പ്യോങ്യാങും ആയുധ കൈമാറ്റം നിഷേധിച്ചു. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ വീറ്റോ അംഗമായ റഷ്യ, ഉത്തരകൊറിയയോടുള്ള സമീപനം പുനഃപരിശോധിക്കുകയാണെന്ന സൂചനയാണ് നല്‍കുന്നത്.
യുഎസ് സാമ്പത്തിക സമ്മര്‍ദ്ദം, ഭീഷണിപ്പെടുത്തല്‍ എന്നിവയെ ചെറുത്തുനിന്നതിന് പുടിന്‍, ഉത്തര കൊറിയയെ പ്രശംസിച്ചിരുന്നു. റഷ്യയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ വിരുദ്ധ സാമ്പത്തിക സംഘത്തിനുള്ളില്‍ ഉത്തരകൊറിയയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അവസരമുണ്ടെന്നാണ് പുടിന്‍ സൂചന നല്‍കുന്നത്. ഉത്തര കൊറിയയുമായി സമഗ്രവും തന്ത്രപരവുമായ പങ്കാളിത്ത ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ മോസ്‌കോ നോക്കുന്നതായി പുടിന്‍ പ്രസിഡന്‍ഷ്യല്‍ ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നു.