33.4 C
Kottayam
Sunday, May 5, 2024

മകളുടെ കൈപിടിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് കിം ജോങ് ഉൻ

Must read

സോൾ∙ ലോകത്തിനു മുന്നിൽ ആദ്യമായി മകളെ വെളിപ്പെടുത്തി ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. യുഎസിൽ വരെ ആക്രമണം നടത്താൻ ശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) ഇന്നലെ ജപ്പാന്റെ അധീനതയിലുള്ള സമുദ്രമേഖലയിൽ പരീക്ഷിച്ചിരുന്നു. ഇതിനു സാക്ഷ്യം വഹിക്കാൻ കിം എത്തിയത് മകൾക്കൊപ്പമായിരുന്നു. ഉത്തര കൊറിയൻ വാർത്താ ഏജൻസി ചിത്രം പുറത്തുവിട്ടെങ്കിലും കുട്ടിയുടെ പേര് പുറത്തുവിട്ടിട്ടില്ല.

പിതാവ് കിം ജോങ് ഉന്നിന്റെ കൈ പിടിച്ചു നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. കിമ്മിന് രണ്ടു പെൺമക്കളും ഒരു മകനുമാണ് ഉള്ളതെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം, വെള്ളിയാഴ്ചത്തെ ചടങ്ങിൽ കിമ്മിന്റെ ഭാര്യ റി സോൾ ജുവും പങ്കെടുത്തുവെന്ന് ഉത്തര കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

കിം മകളുമൊത്ത് ആദ്യമായാണ് പൊതു ചടങ്ങിൽ എത്തുന്നതെന്ന് യുഎസ് ആസ്ഥാനമായ സ്റ്റിംസൺ സെന്ററിലെ ഉത്തര കൊറിയൻ വിഷയ വിദഗ്ധൻ മൈക്കൽ മാഡൻ പറഞ്ഞു. സെപ്റ്റംബറിലെ ദേശീയ അവധിദിന ആഘോഷങ്ങൾക്കിടയിൽ കുട്ടികളിലൊരാൾ പങ്കെടുത്തുവെന്നും റിപ്പോർട്ടുകളുണ്ട്.

അമേരിക്കൻ ബാസ്കറ്റ്ബോൾ താരമായിരുന്ന ഡെന്നിസ് റോഡ്മാൻ ഉത്തര കൊറിയ സന്ദർശിച്ചപ്പോൾ കിമ്മിനും കുടുംബത്തിനുമൊപ്പം സമയം ചെലവഴിച്ചിരുന്നെന്നും അന്ന് കിമ്മിന്റെ ‘മകളെ’ കൈയിൽ എടുത്തു എന്നും വെളിപ്പെടുത്തിയിരുന്നു. ജു എ എന്നാണ് പേരെന്നും അദ്ദേഹം പറഞ്ഞു. ജു എയ്ക്ക് 12–13 വയസ് പ്രായമുണ്ടാകുമെന്നും നാല് – അഞ്ച് വർഷത്തിനുള്ളിൽ സൈനിക സേവനത്തിനോ സർവകലാശാലാ പഠനത്തിനോ യോഗ്യത നേടുമെന്നും മാഡൻ പറയുന്നു.

കിമ്മിന്റെ സഹോദരിയെപ്പോലെ അണിയറയിൽ നിന്നു കാര്യങ്ങൾ നിയന്ത്രിക്കാനോ ഉപദേഷ്ടാവായിട്ടോ കിമ്മിനെപ്പോലെ ഭരണതലപ്പത്ത് എത്തുന്നതിനോ ആയി ജു എയെ പരിശീലിപ്പിക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരാണ് കിമ്മിന്റെ പിന്‍ഗാമിയെന്ന് ഉത്തര കൊറിയ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കിം പെട്ടെന്നു മരിച്ചാൽ അനന്തരാവകാശി പ്രായപൂർത്തിയാകുന്നതുവരെ സഹോദരിയുടെ നേതൃത്വത്തിൽ കിം അനുകൂലികളുടെ ഒരു പാനലിനെ റീജന്റായി നിയമിക്കുമെന്നാണ് വിലയിരുത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week