കൊച്ചി: മസാല ബോണ്ട് കേസില്‍ ഇ.ഡിയുടെ അന്വേഷണം തടയണമെന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം തുടരുന്നതില്‍ തടസ്സമില്ലെന്ന് കോടതി അറിയിച്ചു. തോമസ് ഐസക്കിന്റെയുള്പ്പെടെ സ്വകാര്യ വിവരങ്ങളടക്കം ആവശ്യപ്പെട്ട സമന്‍സ് പിന്‍വലിക്കുമെന്ന് ഇ.ഡി. അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തി ഐസക്കിന്റെയും കിഫ്ബിയുടെയും ഹരജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി.
ഇഡിയുടെ സമന്‍സ് ചോദ്യം ചെയ്താണ് തോമസ് ഐസക്കും കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഇഡിയ്ക്ക് അന്വേഷണം തുടരാം എന്ന നിലപാടായിരുന്നു തുടക്കം മുതലേ കോടതിക്ക്. പക്ഷേ വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സമന്‍സ് അയയ്ക്കാന്‍ ഇഡിക്ക് അധികാരപരിധിയുണ്ടോ എന്ന് കോടതി ചോദ്യമുന്നയിച്ചിരുന്നു.
ഇതിലാണ് സമന്‍സ് പിന്‍വലിക്കാമെന്ന് ഇഡി കോടതിയെ അറിയിച്ചത്. അന്വേഷണം തടയണമെന്ന കിഫ്ബിയുടെ ആവശ്യം തള്ളിയ കോടതി സമന്സിനെതിരാണ് ഹരജി എന്നത് കൊണ്ടു തന്നെ സമന്‍സ് പിന്‍വലിക്കാമെന്ന് ഇഡി അറിയിച്ചതിനെ തുടര്‍ന്ന് ഹരജി തീര്‍പ്പാക്കുകയായിരുന്നു.