FeaturedHome-bannerKeralaNews

വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വൈകി,വൃക്ക രോഗി മരിച്ചു, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച, അന്വേഷണത്തിന് ഉത്തരവിട്ടു മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ഗുരതര അനാസ്ഥയെത്തുടര്‍ന്ന് ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ വൃക്ക രോഗി മരിച്ചു. വൃക്ക തകരാറിലായ രോഗിക്ക് മസ്തിഷ്‌കമരണം സംഭവിച്ച ആളില്‍നിന്ന് എടുത്ത വൃക്കയുമായി എറണാകുളത്തുനിന്നാണ് കൃത്യസമയത്ത് എത്തിയത്. എന്നാല്‍, ശസ്ത്രക്രിയ മണിക്കൂറുകള്‍ വൈകി. പിന്നീട് ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗി ഇന്ന്‌ മരിച്ചു.

എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്. ശനിയാഴ്ചയായിരുന്നു ഇയാളുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളേജിനും മറ്റൊരു വൃക്കയും പാന്‍ക്രിയാസും കൊച്ചി അമൃത ആശുപത്രിയിലേക്കും കരള്‍ രാജഗിരി ആശുപത്രിക്കും അനുവദിച്ചു. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ അനുയോജ്യമായ രോഗി ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് വൃക്ക തിരുവന്തപുരം മെഡിക്കല്‍ കോളേജിന് അനുവദിച്ചത്.

തുടര്‍ന്ന് ഞായറാഴ്ച രാവിലെ നാലുമണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ നിന്ന് രണ്ട് ഡോക്ടര്‍മാരെ എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് സ്വകാര്യ ആംബുലന്‍സില്‍ അയച്ചു. രാവിലെ 10മണിക്ക് ഇവര്‍ രാജഗിരി ആശുപത്രിയിലെത്തി. അവിടെ നിന്ന് മസ്തികിഷ്‌ക മരണം സംഭവിച്ച ആളില്‍ നിന്ന് അവയവം എടുക്കുന്ന ശസ്ത്രക്രിയ ഉച്ചയ്ക്ക് 2.45ന് പൂര്‍ത്തിയാക്കി വൈകിട്ട് മൂന്നുമണിയോടെ ഇവര്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.

അടിയന്തര സാഹചര്യം പരിഗണിച്ച് രാജഗിരിമുതല്‍ തിരുവനന്തപുരം വരെ ട്രാഫിക് സിഗ്‌നലുകള്‍ അണച്ച് ആംബുലന്‍സിന് വേണ്ടി പോലീസ് ഗ്രീന്‍ചാനല്‍ ഒരുക്കുനല്‍കി. മൂന്ന് മണിക്കൂറുകൊണ്ട് എറണാകുളത്ത് നിന്ന് മാറ്റിവെക്കേണ്ട വൃക്കയുമായി ആംബുലന്‍സ് മെഡിക്കല്‍ കേളേജിലെത്തി. ജീവന്‍ കൈയില്‍ പിടിച്ച് പോലീസിന്റെ സഹായത്തോടെ വളരെ വേഗം എറണാകുളത്ത് നിന്ന് വൃക്കയുമായി എത്തിയെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയ സമയത്ത് വിവരം ആരും അറിഞ്ഞില്ല. ഓപ്പറേഷന്‍ നടക്കുന്ന വിവരം ആശുപത്രി അധികൃതര്‍ക്ക് അറിയാമായിരുന്നിട്ടുപോലും സെക്യൂരിറ്റിക്ക് അലര്‍ട്ട് നല്‍കിയിരുന്നില്ല, മാത്രമല്ല അവയവവുമായി വന്നവരെ എങ്ങനെ സഹായിക്കണമെന്ന കാര്യത്തിലും ആശയക്കുഴപ്പം നീണ്ടുനിന്നു.

ഒടുവില്‍ മണിക്കൂര്‍ കഴിഞ്ഞ് രാത്രി 9.30നാണ് ശസ്ത്രക്രിയ തുടങ്ങിയത്. വൃക്കപോലെയുള്ള നിര്‍ണായക അവയവങ്ങള്‍ മാറ്റിവെക്കുമ്പോള്‍ എത്രയും നേരത്തെ വെക്കാന്‍ സാധിക്കുമോ അത്രയും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ അതിന് സാധിക്കും. എന്നാല്‍ ഇവിടെ ഉണ്ടായ ഉദാസീനതമൂലം വിലപ്പെട്ട സമയമാണ് രോഗിക്ക് നഷ്ടമായത്.

അതേസമയം കിഡ്നിമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിക്ക് ഡയാലിസിസ് നടത്തണമെന്നും അതിനേതുടര്‍ന്നുണ്ടായ താമസമാണ് ശസ്ത്രക്രിയ വൈകാന്‍ ഇടയായതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. എന്നാല്‍ അവയവവുമായി കളമശ്ശേരിയില്‍ നിന്ന് പുറപ്പെടുന്ന സമയത്തു തന്നെ ഡയാലിസിസ് തുടങ്ങിയിരുന്നുവെങ്കില്‍ ഈ കാലതാമസം ഒഴിവാക്കാമായിരുന്നതേയുള്ളു. നെഫ്രോളജി,യൂറോളജി വിഭാഗങ്ങള്‍ സംയുക്തമായി നടത്തണ്ട ശസ്ത്രക്രിയയ്ക്ക് വേണ്ടി രോഗിയെ സജ്ജമാക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് വേണം വിലയിരുത്താന്‍.

ഒരാളില്‍ നിന്ന് അവയം എടുത്ത് മാറ്റിയാല്‍ എത്രയും പെട്ടെന്ന് അത് സ്വീകര്‍ത്താവില്‍ വെച്ച് പിടിപ്പിക്കണം. എന്നാല്‍ മാത്രമേ അവയവം ശരിയായി പ്രവര്‍ത്തിക്കുകയുള്ളു. ഇവിടെ അവയവം എത്തിച്ചിട്ടും നാലുമണിക്കൂറോളം വൈകിയെന്നത് ഗുരുതരമായ വീഴ്ചതന്നെയാണ്.. അവയവം ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാകാന്‍ ഈ അനാസ്ത കാരണമാകും.

രുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ശസ്ത്രക്രിയ വൈകിയതെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button