KeralaNews

യുവതിയെ തട്ടിക്കൊണ്ട് പോയി,യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു

ഇടുക്കി: ഇടുക്കി തങ്കമണിയിൽ നിന്നും യുവതിയെ തട്ടിക്കൊണ്ട് പോയതായി പരാതി. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലം പത്തനാപുരം സ്വദേശികളായ അനീഷ് ഖാൻ, യദുകൃഷ്ണൻ എന്നീവർക്കെതിരെയാണ് കേസ്.

യദുകൃഷ്ണൻ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മെംബറും കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. അനീഷ് ഖാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി മത്സരിക്കുന്നയാളാണ്. അനീഷ് ഖാന്റെ ബന്ധുവായ മിശ്രവിവാഹിതയായ പെൺകുട്ടിയെയാണ് തട്ടി കൊണ്ടുപോയത്. പത്തനാപുരം സ്വദേശി രഞ്ജിത്ത് ആണ് പെൺകുട്ടിയെ വിവാഹം കഴിച്ചത്. 

ശനിയാഴ്ച്ച രാത്രിയാണ് കേസിന്നാസ്പദമായ സംഭവമുണ്ടായത്. പത്തനംതിട്ട സ്വദേശിയായ രഞ്ജിത്തും പെൺകുട്ടിയും മിശ്രവിവാഹിതരായിരുന്നു. രേഖകൾ പ്രകാരം 15നാണ് പത്തനാപുരത്ത് ഒരു അമ്പലത്തിൽ വെച്ച് വിവാഹം കഴിഞ്ഞത്. മുസ്ലിം വിഭാ​ഗത്തിൽ നിന്നാണ് പെൺകുട്ടി. വിവാഹത്തിന് ശേഷം ഇടുക്കിയിലുള്ള ഭർത്താവിന്റെ ബന്ധുവിന്റെ വീട്ടിലേക്കെത്തുകയായിരുന്നു.

എന്നാൽ ഇന്നലെ പെൺകുട്ടിയെ യൂത്ത് കോണ്‍​ഗ്രസ് നേതാവായ ബന്ധുവും സുഹൃത്തുക്കളും ചേർന്ന് വീട്ടിൽ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടു പോയെന്നാണ് പരാതി. അനീഷ് ഖാന്റെ ബന്ധുവാണ് പെൺകുട്ടി. സഹോദരിയുടെ മകളാണെന്നാണ് വിവരം.

ബന്ധുക്കളേയും രഞ്ജിത്തിനേയും കമ്പിവടികൊണ്ട് മർദ്ദിച്ചവശരാക്കിയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പരാതിയിൽ പറയുന്നു. ആക്രമണത്തിൽ പരിക്കേറ്റ രഞ്ജിത്തും ബന്ധുക്കളും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 

വീട്ടിൽ അതിക്രമിച്ച് കയറിയതിനും മർദ്ദിച്ചതിനുമാണ് കേസ്. നേരത്തെ പെൺകുട്ടിയെ പിടിച്ചുകൊണ്ടു പോവുകയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്തിരുന്നു. തുടർന്ന് സ്വന്തം ഇഷ്ടപ്രകാരം രഞ്ജിത്തിന്റെ കൂടെ പോരുകയായിരുന്നു. അവിടെ നിന്നാണ് വീണ്ടും തട്ടിക്കൊണ്ടുപോയതെന്നാണ് രഞ്ജിത്ത് പറയുന്നത്. രഞ്ജിത്ത് ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button