ചെന്നൈ: തമിഴ്നാട് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് മുരുകന്‍ പലതവണ നേരില്‍ക്കണ്ടാണ് അവരുടെ രാഷ്ട്രീയം തന്നെ പറഞ്ഞ് മനസിലാക്കിയതെന്നും അതാണ് യഥാര്‍ത്ഥ രാഷ്ട്രീയമെന്നും നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു. ഒരു പ്രമുഖ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍. ബി.ജെ.പിയുടെ രാഷ്ട്രീയം തന്നെ പറഞ്ഞ് മനസിലാക്കാന്‍ അവര്‍ ക്ഷമ കാണിച്ചു. അതില്‍ അവര്‍ വിജയിച്ചു. എന്നാല്‍ ഇത് കോണ്‍ഗ്രസിന് സാധിക്കുമോ എന്നും ഖുശ്ബു ചോദിച്ചു.
‘ബി.ജെ.പിയുടെ നേതാക്കള്‍ ജനങ്ങളുമായി ഇടപഴകുന്നു. നാളെ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന ലക്ഷ്യത്തിലല്ല അവരിതു ചെയ്യുന്നത്. അവര്‍ക്കു ജനങ്ങളുമായി ബന്ധമുണ്ട്. അവരുടെ ആശയങ്ങള്‍ ജനങ്ങളെ പറഞ്ഞു മനസിലാക്കാന്‍ കഴിവുണ്ട്. അവരതു ചെയ്യുന്നു. അതാണു രാഷ്ട്രീയം. തമിഴ്‌നാട് സംസ്ഥാന പ്രസിഡണ്ട് മുരുകന്‍ പല തവണ നേരില്‍ കണ്ടാണ് അവരുടെ രാഷ്ട്രീയം എന്നെ പറഞ്ഞു മനസിലാക്കിയത്. എന്നെ പറഞ്ഞു മനസിലാക്കാന്‍ അവര്‍ ക്ഷമ കാണിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. ഇതു കോണ്‍ഗ്രസില്‍ നടക്കുന്നുണ്ടോ,’ ഖുശ്ബു പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പറഞ്ഞ് മനസിലാക്കാന്‍ സാധിക്കുമായിരുന്നില്ലെന്നും ഖുശ്ബു പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ എന്തു പറഞ്ഞാലും എതിര്‍ക്കുക എന്നതാണു നയം. കോണ്‍ഗ്രസ് നടപ്പാക്കാന്‍ ശ്രമിച്ച ജി.എസ്.ടി അടക്കമുള്ള എത്രയോ ബില്ലുകള്‍ ഈ സര്‍ക്കാര്‍ നടപ്പാക്കി. അതൊന്നും കോണ്‍ഗ്രസിനു നടപ്പാക്കാന്‍ കഴിയുമായിരുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
ആറ് വര്‍ഷം കോണ്‍ഗ്രസില്‍ നിന്നതില്‍ രണ്ട് വര്‍ഷം നന്നായിരുന്നെന്നും എന്നാല്‍ തുടര്‍ന്നുള്ള നാല് വര്‍ഷം നഷ്ടമായിരുന്നെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു. ‘രാജ്യത്തു നടപ്പാക്കുന്ന പുത്തന്‍ പരിഷ്‌ക്കാരങ്ങള്‍ വേണ്ടെന്നുവച്ചു എത്ര നാള്‍ ഈ നാടിനു നിലനില്‍ക്കാനാകും. സ്വന്തം തനിമയില്‍ ഉറച്ചുനിന്നുകൊണ്ടാണു രാജ്യത്തെ പല സംസ്ഥാനങ്ങളും ബി.ജെ.പിയെ അംഗീകരിച്ചത്. അതുതന്നെ തമിഴ്‌നാടു ചെയ്യും എന്ന് എനിക്കുറപ്പാണ്,’ ഖുശ്ബു പറഞ്ഞു.
ഒക്ടോബര്‍ 12 നാണ് ഖുശ്ബു കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ഖുശ്ബു രംഗത്തെത്തിയിരുന്നു. മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നായിരുന്നു ഖുശ്ബു പറഞ്ഞത്. പിന്നീട് പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ചുകൊണ്ട് ഖുശ്ബു രംഗത്തെത്തുകയും ചെയ്തിരുന്നു. ഖുശ്ബുവിന്റെ പ്രസ്താവനയ്‌ക്കെതിരെ 30 പോലീസ് സ്റ്റേഷനുകളില്‍ പരാതി ലഭിച്ചതിന് പിന്നാലെയാണ് മാപ്പ് ചോദിച്ചുകൊണ്ട് ഇവര്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് തനിക്ക് അര്‍ഹിക്കുന്ന ബഹുമാനം തന്നില്ലെന്നും കഴിവുള്ള സ്ത്രീകളെ അംഗീകരിക്കാന്‍ പാര്‍ട്ടി തയ്യാറായില്ലെന്നും ഖുശ്ബു പറഞ്ഞിരുന്നു.