തിരുവനന്തപുരം:കോവിഡ് രണ്ടാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ചികിത്സാ-പ്രതിരോധ പ്രവർത്തനങ്ങളിൽ ബന്ധപ്പെട്ട് സർക്കാരിനു മുമ്പാകെ നിർദ്ദേശങ്ങളുമായി സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ.
നിർദ്ദേശങ്ങൾ ഇങ്ങനെ:
കഴിഞ്ഞ വർഷം കോവിഡ് രോഗം ആരംഭിച്ചതുമുതൽ കോവിഡ് ചികിത്സാരംഗത്ത് സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ സ്വന്തം ജീവൻ പോലും വകവെയ്ക്കാതെ ഏറ്റവും ആത്മാർത്ഥമായ ഒരു സേവനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ഇന്ത്യയൊട്ടാകെ തന്നെ കണക്കിലെടുക്കുമ്പോൾ കേരളത്തിലെ മരണനിരക്ക് ഏറ്റവും കുറഞ്ഞിരിക്കാനുള്ള കാരണവും അവരുടെ അക്ഷീണമായ പ്രയത്നം കൊണ്ടുകൂടിയാണ്. ആരോഗ്യരംഗത്തെ ഒരു പ്രൊഫഷണൽ സംഘടന എന്ന നിലയിലും കോവിഡ് കാലത്തെ അനുഭവങ്ങളിൽ നിന്നും താഴെപറയുന്ന നിർദ്ദേശങ്ങൾ ഞങ്ങൾ സർക്കാരിന് സമർപ്പിക്കുകയാണ്.
1. എ, ബി എന്നീ കാറ്റഗറിയിലുള്ള രോഗികളെ ചികിൽസിക്കാനുള്ള പൂർണ്ണമായ സൗകര്യം ജില്ലകളിലെ ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികളിൽ ഒരുക്കുകയും അതീവ വൈദഗ്ധ്യം ആവശ്യമുള്ള അതിതീവ്ര രോഗികളെ ചികില്സിക്കുന്നതിനായി മെഡിക്കൽ കോളേജുകൾ സുസജ്ജമാക്കുകയും ചെയ്യുക. ആരോഗ്യ ചികിത്സാരംഗത്തെ ഉത്തുംഗശൃംഗങ്ങൾ ആയി പ്രവർത്തിക്കുന്ന സർക്കാർ മെഡിക്കൽ കോളേജുകളെ അതേപടി നിലനിർത്തുകയും അവിടെ ഗുരുതരാവസ്ഥയിൽ ഉള്ള കാറ്റഗറി-സി യിൽ ഉൾപ്പെടുന്ന രോഗികളെ ചികിൽസിക്കാൻ മാത്രമായി ഉപയോഗിക്കുകയും ചെയ്യുക.
2. എല്ലാ വിഭാഗത്തിലുമുള്ള കോവിഡ് രോഗികളെ ചികിൽസിക്കേണ്ടി വരുന്ന സാഹചര്യം മെഡിക്കൽ കോളേജുകളിൽ വന്നാൽ അത് സാധാരണ രോഗികൾക്കിടയിൽ പോലും രോഗവ്യാപനത്തിന് കാരണമാവുകയും മെഡിക്കൽ കോളേജുകളുടെ ചികിത്സാ-അധ്യയന-പ്രവർത്തിപരിചയ പ്രവർത്തനങ്ങളെയും കോവിഡ്-ഇതര ചികിത്സയെയും അവതാളത്തിലാക്കുകയും ചെയ്യും. അതിനാൽ കാറ്റഗറി-സി വിഭാഗം രോഗികൾക്ക് മാത്രമായി സേവനം നിയന്ത്രിക്കുന്നത് കോവിഡ്-ഇതര രോഗികൾക്ക് ഇപ്പോൾ കുറഞ്ഞ ചിലവിൽ ഏറ്റവും നല്ല ചികിത്സ ലഭ്യമാകുന്ന സാഹചര്യം തടസ്സമില്ലാതെ തുടരുന്നതിന് സഹായകമായിരിക്കും.
3. രണ്ടാം തരംഗത്തിന്റെ കൂടുതലായുള്ള വ്യാപനശേഷി കണക്കിലെടുത്തുകൊണ്ട് ഇതിനായി നിലവിലുള്ളതിനു പുറമെയായി കൂടുതൽ ICU കിടക്കകൾ മെഡിക്കൽ കോളേജുകളിൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുക. നിലവിലുള്ള സൗകര്യങ്ങൾക്ക് പുറമേ കൂടുതൽ താൽക്കാലിക-അതി തീവ്രചികിത്സാ വാർഡുകൾ ഒരുക്കേണ്ടത് ഈ അവസരത്തിൽ അത്യന്താപേക്ഷിതമാണ്.
4. കാറ്റഗറി ബി-യിൽ പെട്ട കോവിഡ് രോഗികളെ FLCTC കളിലും മറ്റു ആശുപത്രികളിലുമായി ചികില്സിക്കാനുള്ള സൗകര്യം ഉറപ്പാക്കുക. കാറ്റഗറി എ-യിൽ ഉൾപ്പെടുന്ന രോഗികൾക്ക് വീട്ടിൽ തന്നെയുള്ള ചികിത്സ പ്രോത്സാഹിപ്പിക്കുകയും വീടുകളിൽ കഴിയാൻ ബുദ്ധിമുട്ടുള്ളവർക്കായി ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കുകയും വേണം. അതതു ജില്ലകളിലെ കാറ്റഗറി എ & ബി രോഗികളുടെ പൂർണമായ മേൽനോട്ടം സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ചുവരുന്ന ഡിസ്‌ട്രിക്‌റ്റ് ഹെൽത്ത് സെർവിസിന്റെ കീഴിൽ നിക്ഷിപ്തമാക്കുകയും ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സേവനം അതിനായി ഉപയോഗിക്കുകയും ചെയ്യുക
5. രോഗീചികിത്സ പോലെത്തന്നെ അതീവപ്രാധാന്യമർഹിക്കുന്നതാണ് മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനവും. കഴിഞ്ഞ ഒരു വർഷമായി താറുമാറായി കിടക്കുന്ന മെഡിക്കൽ വിദ്യാഭ്യാസരംഗം വീണ്ടും പൂർവസ്ഥിതി പ്രാപിക്കുന്നതേയുള്ളൂ. പഠനവും പ്രവൃത്തി പരിചയവും സമയബന്ധിതമായി അവസാനിപ്പിക്കാനും പരീക്ഷകൾ മുടങ്ങാതെ നടത്താനും ഉള്ള സാഹചര്യം ഉണ്ടാക്കുക. അനിശ്ചിതാവസ്ഥയിൽ തുടരുന്ന കോവിഡ് മഹാമാരിയെ വരുംവർഷങ്ങളിൽ നേരിടുന്നതിനുള്ള മനുഷ്യ വിഭവശേഷി കൈവരിക്കുന്നതിന് അത് സഹായകമായിരിക്കും.
6. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളും അധ്യാപകരുടെയും ജൂനിയർ ഡോക്ടർമാരുടെയും ക്ഷാമം അനുഭവിക്കുകയാണ്. ഒഴിവുള്ള സ്ഥിരം തസ്തികകളിൽ എത്രയും വേഗം നിയമനം നടത്തുകയും ജൂനിയർ പോസ്റ്റുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനങ്ങൾ നടത്തി ഡോക്ടർമാരുടെ കുറവ് പരിഹരിക്കാനുള്ള നടപടികൾ എടുക്കുകയും വേണം. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ലഭ്യത മെഡിക്കൽ കോളേജിൽ നൽകിവരുന്ന കോവിഡ്-കോവിഡ് ഇതര രോഗീസേവനങ്ങൾ ഏറ്റവും ഫലപ്രദമായി നൽകാൻ സഹായകമായിരിക്കും. അതുപോലെ തന്നെ നഴ്സിംഗ്, പാരാമെഡിക്കൽ വിഭാഗങ്ങളിലുമുള്ള ജീവനക്കാരുടെ കുറവും പരിഹരിച്ചാൽ മാത്രമേ ആശുപത്രിയുടെ പ്രവർത്തനം സുഗമമായി നടക്കുകയുള്ളൂ.
7. എറണാകുളം, മഞ്ചേരി, കൊല്ലം പോലുള്ള താരതമ്യേന പുതിയ കോളേജുകളിൽ സ്ഥല-മനുഷ്യ വിഭവശേഷി കുറവാണ്. കോവിഡ് ഒന്നാം തരംഗ കാലത്തു ഈ മെഡിക്കൽ കോളേജുകൾ പൂർണ്ണമായും കോവിഡ് ആശുപത്രികളായി മാറ്റിയത് മെഡിക്കൽ വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായ ഒരു തീരുമാനമായിരുന്നു. മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തെയും പ്രവർത്തിപരിചയ പരിശീലനത്തെയും പ്രതികൂലമായി ബാധിക്കുന്ന ഇത്തരം തീരുമാനങ്ങൾ ഭാവിയിൽ ആരോഗ്യരംഗത്തിനു തന്നെ ദോഷകരമായേക്കാവുന്നതിനാൽ ഇത്തരം തീരുമാനങ്ങൾ പുനഃപരിശോധിക്കുക.
8. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളും തന്നെ അതിനൂതനവും സങ്കീർണവുമായ വിവിധ രോഗചികിത്സാ സംവിധാനങ്ങളാലും യന്ത്രസാമഗ്രികളാലും സമ്പന്നമാണ്. മെഡിക്കൽ കോളേജുകളിൽ ഇത്തരത്തിൽ വിവിധ ചികിത്സാവിഭാഗങ്ങളിലായി പൊതുജനങ്ങൾക്ക് കുറഞ്ഞചിലവിൽ ചികിത്സ ലഭ്യമാക്കുന്നതിനായി ഉപയോഗിച്ചുവന്നിരുന്ന വിലപിടിച്ച പല ചികിത്സാ സാമഗ്രികളും ഉപകരണങ്ങളും ഉപയോഗശൂന്യമാകാനും അത്തരത്തിലുള്ള ചികിത്സാനിഷേധത്തിനും ആശുപത്രികളുടെ സാധാരണ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള കോവിഡ് ഒന്നാം തരംഗകാലത്തെ തീരുമാനം കാരണമായിട്ടുണ്ടായിരുന്നു. അതിനാൽ ആ അനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു മെഡിക്കൽ കോളേജിനെയും പൂർണ്ണമായി എക്സ്ക്ലൂസിവ്-കോവിഡ് ആശുപത്രിയായി മാറ്റാതിരിക്കുക.
9. എല്ലാം സ്വകാര്യ ആശുപത്രികളുടെയും സേവനം കോവിഡ് ചികിത്സക്ക് പ്രയോജനപ്പെടുത്തണം. ഓരോ ആശുപത്രികളിലും ലഭ്യമായ സൗകര്യങ്ങളെ പറ്റി കൃത്യമായി അറിയുന്നതിനുള്ള കേന്ദ്രീകൃത സംവിധാനം ഓരോ ജില്ലകളിലുമായി ഒരുക്കുക. കൂടാതെ എ, ബി എന്നീ കാറ്റഗറിയിലുള്ള രോഗികളെ പ്രവേശിപ്പിക്കുന്ന കോവിഡ് സെന്ററുകളിൽ ആയുഷ് ഡോക്ടർമാരുടെ സേവനവും ഉപയോഗിക്കാവുന്നതാണ്.
10. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ചികിത്സയുടെ ഭാഗമായി ഓക്സിജൻ കൂടുതലായി ലഭ്യമാക്കേണ്ടതിന്റെ സാഹചര്യം ഉള്ളതായി കാണുന്നു. മറ്റുസംസ്ഥാനങ്ങളിലെ പോലെ നമ്മുടെ നാട്ടിൽ ഓക്സിജൻ ക്ഷാമം ഇപ്പോൾ അനുഭവപ്പെടുന്നില്ലെങ്കിലും ഈ രോഗവ്യാപനം എത്രനാൾ നിലനിൽക്കും എന്ന് ഇപ്പോൾ പറയാനാവില്ല. ഭാവിയിൽ ഉണ്ടായേക്കാവുന്ന ഓക്സിജൻ ദൗർലഭ്യം ഒഴിവാക്കുന്നതിലേക്കായി സർക്കാരിതര-സ്വകാര്യ മേഖലകളിലേക്കുള്ള ഓക്സിജൻ വിതരണം ക്രമപ്പെടുത്തുകയും കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുകയും വേണം.
11. കോവിഡ് വാക്സിനേഷൻ എത്രയും വേഗത്തിൽ പരമാവധി ജനങ്ങളിലേക്ക് എത്തിച്ചാൽ അതുവഴി രോഗവ്യാപനത്തെ ഒരു പരിധിവരെ തടയാൻ സാധിക്കുകയും ചെയ്യും. അതിനായി കൂടുതൽ വാക്‌സിനേഷൻ സെന്ററുകൾ ലഭ്യമാക്കുക വഴി അവിടെ ഉണ്ടാകാവുന്ന തിരക്കും രോഗവ്യാപനസാധ്യതയും കൂടി ഒഴിവാക്കാവുന്നതാണ്.
12. മെഡിക്കൽ കോളേജുകളിൽ കിടപ്പുരോഗികളുടെ കൂടെ കൂട്ടിരിപ്പുകാരെ മാത്രം അനുവദിക്കാനും സന്ദർശകരെ പൂർണ്ണമായും ഒഴിവാക്കാനും വേണ്ട നിർദ്ദേശങ്ങൾ നൽകുക. വാക്‌സിൻ എടുത്തവരോ കോവിഡ് രോഗബാധ ഇല്ലെന്ന് ഉറപ്പു വരുത്തിയവരോ ആയിരിക്കണം കൂട്ടിരിപ്പുകാർ എന്ന് നിഷ്കർഷിക്കാവുന്നതാണ്. കൂടാതെ കുടുംബശ്രീ, മറ്റു സന്നദ്ധസംഘടനകൾ എന്നിവയുടെ സഹായത്തോടെ രോഗികളുടെ ആഹാരം, മറ്റു ആവശ്യങ്ങൾ എന്നിവ നേടിയെടുക്കാനുമുള്ള നടപടികൾ സ്വീകരിക്കുന്നത് നല്ലതായിരിക്കും.
13. ഓ.പി വിഭാഗത്തിൽ വരുന്ന രോഗികളെ അനുഗമിക്കുന്നവരുടെ എണ്ണവും നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കണം. കഴിയുമെങ്കിൽ പൂർണ്ണമായും ഒരു റെഫെറൽ സംവിധാനത്തിലൂടെ ഓ.പി നിയന്ത്രിക്കുന്നത് വഴി മെഡിക്കൽ കോളേജൂകളിലെ തിരക്ക് ഒഴിവാക്കാനും അർഹരായ രോഗികൾക്ക് മാത്രമായി സേവനം ഉറപ്പുവരുത്താനും സാധിക്കും. മെഡിക്കൽ കോളേജ് പരിസരത്തു എല്ലാ തരത്തിലുള്ള ആൾക്കൂട്ടങ്ങളെയും നിയമപരമായി തന്നെ നിയന്ത്രിക്കാനുള്ള നടപടികൾ ഉണ്ടാക്കുക.
14. കോവിഡ് രണ്ടാംതരംഗത്തിന്റെ വ്യാപനം അതിതീവ്രമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ സമ്പർക്കം മൂലമുള്ള രോഗവ്യാപനം ഏറ്റവും കുറയ്ക്കുക എന്നതാണ് പ്രതിരോധത്തിനുള്ള ഏറ്റവും ഫലപ്രദമായ ഒരു മാർഗ്ഗം. മാത്രമല്ല ജനിതക മാറ്റം സംഭവിച്ചിട്ടുള്ള പുതിയ വൈറസ് (യൂ.കെ സ്‌ട്രെയിൻ) ആണിപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതീവ പ്രഹരശേഷിയുള്ളതും യുവാക്കളിൽ പോലും ഗുരുതരമായ രോഗം ഉണ്ടാക്കുന്നതും മരണനിരക്ക് താരതമ്യേന ഉയർന്നതുമായ ഈ വൈറസിന്റെ വ്യാപനത്തെ എങ്ങിനെയും പ്രതിരോധിക്കേണ്ടത് ഈ അവസരത്തിൽ ഏറ്റവും പ്രധാനമാണ്. ഇതിനായി സർക്കാർ അടുത്ത രണ്ടാഴ്ച്ചത്തേക്കെങ്കിലും സംസ്ഥാന വ്യാപകമായി ലോക്ക്‌ഡൌൺ തന്നെ നടപ്പിലാക്കുന്നതായിരിക്കും ഉചിതമായിരിക്കുക എന്നാണ് കെ.ജി.എം.സി.റ്റി.എ നിർദ്ദേശിക്കുന്നത്.
ഒരുപാട് വ്യക്തിപരമായ ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ടും കടുത്ത മാനസിക സമ്മർദ്ദം അതിജീവിച്ചുകൊണ്ടുമാണ് മെഡിക്കൽ കോളേജുകളിലെ അധ്യാപകരും ഇതരജീവനക്കാരും കഴിഞ്ഞ കോവിഡ് ഒന്നാംതരംഗകാലത്തു ജോലി ചെയ്തിട്ടുള്ളത്. കൂടുതൽ വിനാശകരമായ രണ്ടാംതരംഗം നേരിടാൻ പ്രതികൂല സാഹചര്യങ്ങളിലും തയ്യാറെടുക്കുന്ന കോവിഡ് മുന്നണി പോരാളികളായ ആരോഗ്യപ്രവർത്തകർക്ക് പിന്തുണയേകുന്ന തരത്തിലുള്ള അനുഭാവപൂർണമായ സമീപനം സർക്കാർ സ്വീകരിക്കുമെന്ന് സംഘടന പ്രത്യാശിക്കുന്നു.
നിപ്പയുടെയും കോവിഡിന്റേയും മുൻവ്യാപനങ്ങളെ നിയന്ത്രണ വിധേയമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുള്ളതാണ്. കോവിഡിന്റെ അതീവപ്രഹരശേഷിയോടുകൂടിയ ഈ രണ്ടാം തരംഗത്തെയും ഫലപ്രദമായി നേരിടാമെന്ന ആത്മവിശ്വാസത്തോടെ,
കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) സംസ്ഥാന സമിതിക്കുവേണ്ടി,
ഡോ. ബിനോയ്.എസ്, സംസ്ഥാന പ്രെസിഡന്റ്.
ഡോ. നിർമൽ ഭാസ്കർ, സംസ്ഥാന സെക്രട്ടറി.