‘ബീസ്റ്റും’ ‘ഒടിയനും’ ഔട്ട്; കേരളത്തിലും ‘റോക്കി ഭായ്’ തരംഗം; ഓപ്പണിങ് കളക്ഷനിൽ ഒന്നാമൻ
റിലീസ് ചെയ്ത് ഒരുദിനം പിന്നിടുമ്പോൾ ചരിത്രം സൃഷ്ടിക്കുകയാണ് യഷ് നായകനായ ചിത്രം ‘കെജിഎഫ് ചാപ്റ്റർ 2’. കേരളത്തിലും ചിത്രം പുത്തൻ റെക്കോർഡുകൾ ആണ് സൃഷ്ടിക്കുന്നത്. കേരളം ബോക്സോഫീസിലെ ആദ്യദിന കളക്ഷനിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് ചിത്രം.
മോഹൻലാൽ നായകനായ ചിത്രം ‘ഒടിയൻ’, വിജയ് ചിത്രം ‘ബീസ്റ്റ്’ എന്നിവയുടെ കളക്ഷൻ തകർത്താണ് കെജിഎഫിന്റെ ബോക്സോഫീസ് വേട്ട. ചിത്രം കേരളത്തില്‍ നിന്ന് ആദ്യദിനം 7.3 കോടി കളക്ഷൻ നേടി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒടിയന്റെ കളക്ഷന്‍ 7.2 കോടി ആയിരുന്നു. ബീസ്റ്റ് ആദ്യദിനത്തിൽ കേരളത്തിൽ നിന്ന് 6.6 കോടി നേടിയെന്നാണ് അനലിസ്റ്റുകൾ അറിയിക്കുന്നത്.
അതേസമയം കെജിഎഫ് ചാപ്റ്റർ 2വിന്റെ ഇന്ത്യൻ ബോക്സോഫീസിലെ ആദ്യദിന കളക്ഷൻ അണിയറപ്രവത്തകർ പുറത്തുവിട്ടിട്ടുണ്ട്. ആദ്യദിനത്തിൽ ഇന്ത്യയിൽ നിന്ന് ചിത്രം 134.5 കോടി കളക്ഷനാണ് നേടിയിരിക്കുന്നത്. കന്നഡ സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ആദ്യദിന കളക്ഷൻ നേടുന്ന ചിത്രമായിരിക്കുകയാണ് ‘കെജിഎഫ് ചാപ്റ്റർ 2’.
At the #Kerala Box Office, as per early estimates, #KGFChapter2 has taken All-time No.1 opening for Day 1 yesterday..
Waiting for final numbers.. pic.twitter.com/CC0G4tQn0s
— Ramesh Bala (@rameshlaus) April 15, 2022
Record Alert 🚨#KGFChapter2 Becomes All Time No.1 Day 1 Grosser In Kerala Box office!!!
Top 3#KGFChapter2 #Odiyan#Beast
— MalayalamReview (@MalayalamReview) April 15, 2022
ലോകമെമ്പാടുമായി 10000ത്തിലധികം തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. ഇന്ത്യയിൽ സിനിമ 6500 തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഹിന്ദി പതിപ്പ് മാത്രം 4000ത്തിൽ അധികം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. 2018 ഡിസംബറിലാണ് ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തത്. കെജിഎഫ് ആദ്യ ഭാഗം രണ്ടാഴ്ച കൊണ്ടാണ് 100 കോടി ക്ലബിലെത്തിയത്.
യഷ് നായകനാകുന്ന ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലൻ വേഷത്തിൽ എത്തുന്നത്. അധീര എന്നാണ് സഞ്ജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇരുവർക്കും പുറമെ ശ്രീനിധി ഷെട്ടി, രവീണ ടണ്ടണ്‍, മാളവിക പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.