കെ.ജി.എഫിലെ ‘താത്ത’ കൃഷ്ണ ജി റാവു അന്തരിച്ചു,വിട വാങ്ങിയത് കന്നഡയിലെ പ്രശസ്ത താരം

ബെംഗളൂരു: മുതിർന്ന കന്നഡ നടൻ കൃഷ്ണ ജി റാവു അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളേത്തുടർന്ന് ബുധനാഴ്ച ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ലോകപ്രശസ്ത ഹിറ്റ് സിനിമയായ കെജിഎഫിലെ സുപ്രധാന വേഷം ചെയ്ത് ജനമനസുകളിൽ ഇടംപിടിച്ച നടനാണ് കൃഷ്ണ ജി റാവു.

പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെ.ജി.എഫ്, കെ.ജി.എഫ് ചാപ്റ്റർ 2 എന്നീ ചിത്രങ്ങളിൽ നരാച്ചിയിലെ അന്ധനായ കഥാപാത്രത്തെ അവതരിപ്പിച്ച് ഇന്ത്യ മുഴുവൻ പ്രശസ്തനായ നടനാണ് കൃഷ്ണ ജി റാവു. അവതരിപ്പിച്ചവയിൽ ഭൂരിഭാഗവും സഹനടന്റെ വേഷമായിരുന്നു. അസിസ്റ്റന്റ് ഡയറക്ടറായും ജോലി നോക്കിയിട്ടുണ്ട്.

2018-ൽ കെ.ജി.എഫ് ആദ്യഭാഗം പുറത്തിറങ്ങിയതിനുശേഷം മുപ്പതിലേറെ ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്. കെ.ജി.എഫ് ചാപ്റ്റർ 2-ലെ ‘നിങ്ങൾക്കൊരുപദേശം തരാം, ഒരുകാലത്തും നിങ്ങളയാളെ എതിർത്തുനിൽക്കാൻ പോകരുത് സാർ’ എന്ന റാവു അവതരിപ്പിച്ച താത്ത എന്ന കഥാപാത്രത്തിന്റെ സംഭാഷണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ തൂഫാൻ എന്ന ഗാനത്തിലായിരുന്നു ഈ സംഭാഷണം.

‘നാനോ നാരായണപ്പ’യാണ് നടന്റെ റിലീസിന് ഒരുങ്ങുന്ന സിനിമ. ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് അദ്ദേഹം എത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News