മുംബൈ: പുണെയിൽ 26-കാരനെ പ്രതിശ്രുതവധുവും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സിയയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിശ്രുതവരനും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായിരുന്ന കേതൻ അഗർവാളിനെയാണ് സിയയും കാമുകൻ ചേതനും ചേർന്ന് ജൂൺ 18-ാം തീയതി ലൊഹാഗഡ് കോട്ടയിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്.
തനിക്ക് കേതനെ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്ന് കേതനോട് സിയ പറഞ്ഞിരുന്നു. എന്നാൽ വിവാഹനിശ്ചയം റദ്ദാക്കാൻ കേതൻ തയ്യാറായിരുന്നില്ല, എന്നാണ് സിയ പോലീസിന് നൽകിയിരിക്കുന്ന മൊഴിയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതേത്തുടർന്നാണ് ചേതനുമായി ചേർന്ന് കേതനെ കൊലപ്പെടുത്താൻ സിയ പദ്ധതിയിട്ടതെന്നാണ് പോലീസ് പറയുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിമാസത്തിലായിരുന്നു കേതന്റെയും സിയയുടെയും വിവാഹനിശ്ചയം. നവംബർമാസത്തിൽ ഉദയ്പുരിൽവെച്ച് അത്യാഡംബരത്തോടെ വിവാഹത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചിരുന്നു.
പോലീസിന്റെ ചോദ്യം ചെയ്യലിൽ സിയയും ചേതനും പരസ്പരം പഴിചാരുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത് എന്നാണ് വിവരം. എന്നാൽ ഒടുവിൽ കൊലപാതകത്തിന്റെ പദ്ധതി തന്റേതായിരുന്നെന്ന് സിയ സമ്മതിക്കുകയായിരുന്നു. ഇതിൽ ചേതന് പങ്കാളിത്തമുണ്ടെന്നും അവർ പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെയുള്ള അന്വേഷണ പ്രകാരം, കൊലപാതകത്തിന്റെ പൂർണമായ ആസൂത്രണം സിയയുടേതാണെന്ന് വ്യക്തമായതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഒളിച്ചോടി പോയാൽ ഇരു കുടുംബങ്ങളിലും പ്രശ്‌നമുണ്ടാകും എന്നതിനാലാണ് അങ്ങനെ ചെയ്യുന്നതിന് പകരം സിയയും ചേതനും ചേർന്ന് കേതനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു. സിയ നിലത്തിരിക്കുന്ന പോലെ സൂചന നൽകുമ്പോൾ, ചേതൻ വന്ന് കേതനെ തള്ളിത്താഴെയിടാൻ ആയിരുന്നു പ്രതികൾ പദ്ധതിയിട്ടിരുന്നത്. ഇത് അനുസരിച്ച് കോട്ടയിലെത്തിയതിന് പിന്നാലെ സിയ ഇരിക്കുകയും പിന്നാലെ ചേതൻ വന്ന് കേതനെ തള്ളി വീഴ്ത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.


