കൊച്ചി : കോവിഡ്19 വൈറസ് ബാധ പടർന്നു പിടിച്ച ഇറ്റലിയിൽ നിന്ന് 42 മലയാളികൾ തിരിച്ചെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഇവരെ നിരീക്ഷണത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായി റിപ്പോർട്ട് ചെയ്യുന്നു. ഇറ്റലിയിൽനിന്ന് എത്തുന്നവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആകുന്നതുവരെ ഐസൊലേഷനിൽ വയ്ക്കണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പത്തനംതിട്ട റാന്നിയിൽ കോവിഡ് ബാധ സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയ കുടുംബം സന്ദർശിച്ച, പുനലൂരിലെ ബന്ധു വീട്ടിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കും അവരുടെ അയൽവാസികളായ രണ്ട് പേർക്കും വൈറസ് ബാധ ഇല്ലെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവരെ ആശുപത്രി നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കുമെങ്കിലും 28 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ ആക്കുമെന്ന് അധികൃതർ അറിയിച്ചു. ഇറ്റലിയിൽ നിന്നും കഴിഞ്ഞ ദിവസമെത്തിയ 3 വയസുകാരനും മാതാപിതാക്കൾക്കും കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ എറണാകുളത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇവർ സഞ്ചരിച്ച എമിറേറ്റ്സ് 530 വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും വീടുകളിൽ ആരോഗ്യ വകുപ്പിൻ്റെ നിരീക്ഷണത്തിലാണ്. വിമാനത്തിലുണ്ടായിരുന്ന 99 പേർ എറണാകുളം ജില്ലക്കാരാണ്.
അതേ സമയം ഇന്ത്യയില്‍ കൂടുതൽ കൊവിഡ്19 ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കേന്ദ്ര സർക്കാർ കർശന യാത്ര നിർദേശങ്ങൾ ഏർപ്പെടുത്തി. വിദേശയാത്രകൾ നടത്തുന്നവർ രോഗം വരാതിരിക്കാനുള്ള ക്രമീകരണങ്ങൾ സ്വീകരിക്കണമെന്നും, ചൈന, ഹോങ്കോങ്, സൗത്ത് കൊറിയ, ജപ്പാൻ, ഇറ്റലി അടക്കമുള്ള കൊവിഡ് 19 പടരുന്ന വിവിധ രാജ്യങ്ങളില്‍ യാത്രകൾ നടത്തിയവർ 14 ദിവസത്തേക്ക് സ്വയം കരുതൽ സംരക്ഷണയിൽ തുടരണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. ഈ മാസം 11 ന് മുൻപ് നൽകിയ ഫ്രാൻസ്, ജർമ്മനി, സ്പെയിന് പൗരന്മാർക്കുള്ള വിസയും ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 55 പേർക്കാണ് കോവിഡ് 19 ബാധ സ്ഥിരീകരിച്ചത്.