ആളൂര്‍: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പുതുച്ചേരിക്കെതിരെ കേരളത്തിന് ആറ് വിക്കറ്റിനറെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 32.2 ഓവറില്‍ 116 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 19.5 ഓവറില്‍ കേരളം ലക്ഷ്യത്തിലെത്തി.
13 പന്തില്‍ 35 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. സച്ചിന്‍ ബേബി 25 റണ്‍സുമായി പുറത്താകാതെ നിന്നു. നാലു ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് സഞ്ജുവിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സ്.
പുതുച്ചേരി ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കേരളത്തിന് തുടക്കം പിഴച്ചു. സ്കോര്‍ ബോര്‍ഡില്‍ 17 റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീനെ(8) നഷ്ടമായി.പിന്നാലെ രോഹന്‍ കുന്നുമ്മലും(23), വിഷ്ണു വിനോദും(22), അബ്ദുള്‍ ബാസിതും(5) മടങ്ങിയതോടെ കേരളം 85-4ലേക്ക് വീണെങ്കിലും ആറാമനായി ക്രീസിലെത്തിയ സഞ്ജു തകര്‍പ്പനടികളോടെ ആശങ്കയകറ്റി കേരളത്തെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. അഞ്ച് കളികളില്‍ കേരളത്തിന്‍റെ നാലാം ജയമാണിത്. ജയത്തോടെ ഗ്രൂപ്പ് എയില്‍ പോയന്‍റ് പട്ടികയില്‍ 16 പോയന്‍റുമായി കേരളം രണ്ടാം സ്ഥാനം ഉറപ്പിച്ചു. അഞ്ച് കളികളില്‍ 20 പോയന്‍റുള്ള മുംബൈയാണ് മുന്നില്‍.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പുതുച്ചേരിക്കായി ക്യാപ്റ്റന്‍ ഫാബിദ് അഹമ്മദും(44), ഓപ്പണര്‍ ആര്‍കാശ് കര്‍ഗവെയും(25), എസ് പരേമശ്വരനും(10), സിദാഖ് സിങും(12) മാത്രമാണ് രണ്ടക്കം കടന്നത്. കേരളത്തിനായി സിജോമോന്‍ ജോസഫും അഖില്‍ സ്കറിയയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ബേസില്‍ തമ്പി രണ്ട് വിക്കറ്റെടുത്തു.അഞ്ചിന് റെയില്‍വേസുമായാണ് കേരളത്തിന്‍റെ അടുത്ത മത്സരം.