28.4 C
Kottayam
Wednesday, May 29, 2024

വിജയാരവത്തില്‍ തുഴഞ്ഞ് വരവെ ചുണ്ടൻ വള്ളം ഇടിച്ച് കയറിയത് ബോട്ടിലേക്ക്;വള്ളം ഒടിഞ്ഞു,ഡ്രൈവ‍ർ അറസ്റ്റിൽ

Must read

മാന്നാർ: വള്ളംകളിക്കിടയിൽ ബോട്ട് ചുണ്ടൻ വള്ളത്തിലേക്ക് ഇടിച്ച് കയറി. ബോട്ടിന്‍റെ പിൻഭാഗത്ത് ചുണ്ടൻ വള്ളത്തിന്‍റെ ചുണ്ട് ഉൾപ്പടെ കുറെ ഭാഗം കയറിയിറങ്ങി. വള്ളത്തിനും ബോട്ടിനും സാരമായ കേടുപാടുകൾ സംഭവിക്കുകയും ഒരു തുഴച്ചിൽ കാരന് പരിക്കേൽക്കുകയും ചെയ്തു. ചാമ്പ്യൻസ് ബോട്ട് ലീഗ് പാണ്ടനാട് വള്ളംകളിയുടെ ഫൈനലിന് ശേഷം ആഹ്ളാദത്തോടെ വിജയികളായ വീയപുരം ചുണ്ടൻ തിരികെ സ്റ്റേജിന് സമീപത്തേക്ക് നീങ്ങവേയാണ് അപകടം സംഭവിച്ചത്.

എതിരേ വന്ന ബോട്ടിലേക്ക് ഇടിച്ചു കയറിയതാണ് അപകടത്തിന് കാരണം . ഫിനിഷിങ് പോയിന്റിൽ നിന്ന് തിരികെ വേഗത്തിൽ തുഴഞ്ഞെത്തവെ എതിരെ നിന്നും ബോട്ട് പെട്ടെന്ന് കടന്നു വരികയായിരുന്നു. തുഴച്ചിൽകാരനായ അൻവിന് കാലിനു പരുക്കേറ്റു.

മറ്റു തുഴച്ചിൽ കാർ വെള്ളത്തിലേക്ക് ചാടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബോട്ട് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചുണ്ടൻ വള്ളത്തിന്‍റെ ചുണ്ട് ഉൾപ്പെടെ ഒടിയുകയും ബോട്ടിന്‍റെ പിൻഭാഗം തകരുകയും ചെയ്തു.

അതേസമയം, കരുവാറ്റ സിബിഎൽ മത്സരത്തിനുശേഷം തുഴച്ചിൽകാരും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തില്‍ മൂന്ന് പേർ അറസ്റ്റിലായിരുന്നു. കരുവാറ്റ സ്വദേശികളായ പരിത്തിക്കാട്ടിൽ ഹൗസിൽ അനൂപ്, പുത്തൻപറമ്പ് വീട്ടിൽ അനീഷ് (കൊച്ചുമോൻ), കൈതോട്ട് പറമ്പ് വീട്ടിൽ പ്രശാന്ത് എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച നടന്ന മത്സര വള്ളംകളിക്ക് ശേഷമാണ് നാട്ടുകാരും പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ തുഴച്ചിൽ കാരുമായി സംഘർഷം ഉണ്ടായത്.

വള്ളംകളി നടക്കുന്നതിനിടയിൽ ഇരു വിഭാഗവും തമ്മിൽ ചെറിയ തോതിൽ വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്ന് മത്സരത്തിൽ പരാജയപ്പെട്ട പള്ളാത്തുരുത്തി ബോട്ട് ക്ലബ് അംഗങ്ങളെ നാട്ടുകാർ കളിയാക്കിയതിനെ തുടർന്നുണ്ടായ പ്രകോപനമാണ് അടിപിടിയിൽ കലാശിച്ചത്. എസ് എൻ കടവിലുള്ള പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ക്യാമ്പിലെ ഭക്ഷണവും മറ്റു സാധന സാമഗ്രികളും പ്രതികൾ നശിപ്പിക്കുകയും ചെയ്തു.

9 തുഴച്ചിൽകാർക്കും നാട്ടുകാരിൽ ഒരാൾക്കും പരുക്കേറ്റു. തുഴച്ചിലുകാരായ ലാൽ, രതീഷ്, അഖിൽ, ഗഗൻ, പ്രശാന്ത് തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ കൂടുതൽ പ്രതികൾ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week