തെരഞ്ഞെടുപ്പിന് മുൻപ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകും; ഏപ്രിൽമാസത്തിലേത് ഈ മാസം 31 മുതൽ വിതരണം ചെയ്യും

തീരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 62 ലക്ഷത്തോളം വരുന്ന ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് കൈത്താങ്ങുമായി സർക്കാർ. മാർച്ചിലെയും ഏപ്രിലിലെയും പെൻഷൻ തുകകൾ ഒന്നിച്ച് വിതരണം ചെയ്യാനാണ് തീരുമാനം. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിന് മുൻപായി തുക ഗുണഭോക്താക്കളുടെ കൈകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.മാർച്ച് മാസത്തെ ക്ഷേമപെൻഷൻ വിതരണം ഈ മാസം 25 മുതൽ ആരംഭിക്കും.

ഇതിന് പിന്നാലെ ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം മാർച്ച് 31 മുതൽ തുടങ്ങാനാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. സാധാരണഗതിയിൽ ഓരോ മാസത്തെയും പെൻഷൻ തൊട്ടടുത്ത മാസമാണ് വിതരണം ചെയ്യാറുള്ളതെങ്കിലും, ഇത്തവണ തിരഞ്ഞെടുപ്പും വിഷുവും പരിഗണിച്ചാണ് വിതരണത്തിൽ മാറ്റം വരുത്തിയത്.വിഷു പ്രമാണിച്ചാണ് ഏപ്രിലിലെ പെൻഷൻ നേരത്തെ നൽകുന്നതെന്നാണ് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം. എന്നാൽ ഏപ്രിൽ ആദ്യവാരം വോട്ടെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ, ഇത് വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് തന്നെ രണ്ട് മാസത്തെ പെൻഷനു വേണ്ടിയുള്ള തുക സർക്കാർ അനുവദിച്ചിരുന്നു.സാമൂഹ്യ സുരക്ഷാ പെൻഷൻ ലിമിറ്റഡിനാണ് വിതരണത്തിനുള്ള നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. മാർച്ചിലെയും ഏപ്രിലിലെയും ഗഡുക്കൾ ലഭിക്കുന്നതോടെ ഓരോ ഗുണഭോക്താവിനും ഏകദേശം 4000 രൂപ വീതം കൈയിൽ കിട്ടും. 26.62 ലക്ഷം പേർക്ക് തുക നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുമ്പോൾ, മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ നൽകും.

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം ഇതുവരെ 51,534 കോടി രൂപയാണ് ക്ഷേമ പെൻഷൻ ഇനത്തിൽ വിതരണം ചെയ്തത്. നിലവിൽ പ്രതിമാസം 1050 കോടിയോളം രൂപയാണ് പെൻഷൻ നൽകാനായി സർക്കാർ മാറ്റിവെക്കുന്നത്. പ്രതിവർഷം 14,500 കോടി രൂപയാണ് ഈ ഇനത്തിൽ സർക്കാരിന് ചിലവ് വരുന്നത്. യുഡിഎഫ് കാലത്ത് 600 രൂപയായിരുന്ന പെൻഷൻ ഘട്ടംഘട്ടമായാണ് 2000 രൂപയിലേക്ക് ഉയർത്തിയത്.ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണവും ഇതോടൊപ്പം തന്നെ നടക്കും.

അതാത് ബോർഡുകൾക്ക് തുക അനുവദിച്ചതായും വിതരണം വേഗത്തിലാക്കാൻ നടപടി സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പെൻഷൻ ഉത്തരവിൽ ഭേദഗതി വരുത്തിയാണ് ഏപ്രിലിലെ തുക മാർച്ചിൽ തന്നെ നൽകാൻ തീരുമാനിച്ചത്.സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ക്ഷേമ പെൻഷൻ വിതരണത്തിൽ മുടക്കം വരുത്താത്തത് എൽഡിഎഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാണ്.

വോട്ടെടുപ്പിന് മുൻപ് ഗുണഭോക്താക്കൾക്ക് തുക ലഭ്യമാക്കുന്നത് രാഷ്ട്രീയമായി വലിയ ഗുണം ചെയ്യുമെന്നാണ് ഭരണമുന്നണിയുടെ കണക്കുകൂട്ടൽ. വിഷു കൈനീട്ടമായി പെൻഷൻ തുക എത്തുന്നതിനെ ഗുണഭോക്താക്കളും വലിയ ആശ്വാസത്തോടെയാണ് കാണുന്നത്.

The Kerala government has decided to distribute the welfare pensions for March and April together before the upcoming Assembly elections. The March pension distribution will begin on the 25th, followed by the April installment starting March 31 as a Vishu gift. This move ensures that nearly 62 lakh beneficiaries receive around ₹4,000 each before the April 9 polling date. While the government cites the Vishu festival as the reason, the opposition views it as a strategic move to influence voters.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News