തിരുവനന്തപുരം: സർക്കാരിനെ പ്രതിരോധത്തിലാക്കി ആർഎസ്എസ് അനുകൂല ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ‘ജ്ഞാനസഭ’യിൽ വിസിമാരുടെ പങ്കാളിത്തം. ഗവർണർ നിയമിച്ച കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ വിസിമാർക്കു പുറമേ, ഫിഷറീസ് സർവകലാശാല (കുഫോസ്)യിലെ സർക്കാരിന്റെ സ്വന്തം വിസിയും ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് സംഘടിപ്പിച്ച രാഷ്ട്രീയ ചിന്തൻ ബൈഠക്കിൽ പങ്കെടുത്തു.
മറ്റുവിസിമാരുടെ പങ്കാളിത്തം പ്രതീക്ഷിച്ചിരുന്നെങ്കിലും കുഫോസ് വിസി ഡോ. എ. ബിജുകുമാർ പങ്കെടുത്തതിൽ വെട്ടിലായിരിക്കയാണ് സർക്കാരും സിപിഎമ്മും. സർവകലാശാലകളിലെ സിപിഎം സംഘടനയായ ഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷൻ (ഫുട്ട) അംഗമാണ് ബിജുകുമാർ.
സർവകലാശാലകൾ കാവിവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആർഎസ്എസ് സംഘടിപ്പിച്ച സമ്മേളനത്തിൽ വിസിമാർ പങ്കെടുത്തത് ഉചിതമായില്ലെന്ന് മന്ത്രി ആർ. ബിന്ദു പ്രതികരിച്ചു. രാഷ്ട്രീയ അജൻഡയിലുള്ള ഇത്തരമൊരു പരിപാടിയിൽ ഔദ്യോഗികപദവിയിലുള്ള വിസിമാർ പങ്കെടുത്തതിൽ തുടർനടപടി ആലോചിക്കുമെന്നും അവർ അറിയിച്ചു.
എന്നാൽ, ആർഎസ്എസ് മേധാവിയുടെ വിദ്യാഭ്യാസസദസ്സിൽ താൻ പങ്കെടുത്തിട്ടില്ലെന്നാണ് ഡോ. ബിജുകുമാറിന്റെ വിശദീകരണം. എറണാകുളത്തെ അമൃത വിദ്യാപീഠത്തിൽ അസോസിയേഷൻസ് ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറിലാണ് വിസിയെന്ന നിലയിൽ താൻ പങ്കെടുത്തതെന്നാണ് അദ്ദേഹത്തിന്റെ വാദം.
അതേസമയം, ആർഎസ്എസ് പരിപാടിയിൽ വിസിമാർ പങ്കെടുത്തതിനെ വിമർശിച്ച് കെഎസ് യു രംഗത്തെത്തി. വിസിമാരെ ആർഎസ്എസ് ഏജന്റുമാരായി മാറ്റുന്നുവെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. നാഗ്പൂരിൽ നിന്നല്ല ശമ്പളം കിട്ടുന്നതെന്ന് വിസിമാർ ഓർക്കണം. പരിപാടിയിൽ പങ്കെടുക്കാൻ വിസിമാർക്ക് മന്ത്രി ആർ ബിന്ദു മൗനാനുവാദം നൽകി. കേരളത്തിലെ മത നിരപേക്ഷ വിദ്യാഭ്യാസ അന്തരീക്ഷം തകർക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ഇതിനുള്ള ഏജൻ്റുമാരായി കേരളത്തിലെ വിസിമാരെ മാറ്റുകയാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.


