ചൂടിനൊപ്പം രണ്ട് ജില്ലകളിൽ അൾട്രാവയലറ്റ് സൂചിക അപകടകരമാംവിധത്തിൽ;വിവിധയിടങ്ങളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതിനൊപ്പം വിവിധ ജില്ലകളിൽ അൾട്രാവയലറ്റ് വികിരണതോതും ഉയരുന്നു. ഇതിന്റെ ഫലമായി ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ടയിലെ കോന്നിയിലും ഇടുക്കിയിലെ മൂന്നാറിലുമാണ് അൾട്രാവലറ്റ് സൂചിക ഏറ്റവും ഉയർന്ന് നിൽക്കുന്നത്. ഒൻപത് ആണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന യുവി നിരക്ക്. ആലപ്പുഴയിലെ ചെങ്ങന്നൂ‌ർ, കോട്ടയത്തെ ചങ്ങനാശേരി, പാലക്കാട്ടെ തൃത്താല എന്നിവിടങ്ങളിൽ എട്ട് ആണ് യുവി നിരക്ക്. ഇവിടെയെല്ലാം ഓറഞ്ച് അലർട്ട് നൽകിയിരിക്കുകയാണ്. അതീവ ജാഗ്രത പാലിക്കണമെന്നും ഗൗരവകരമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നുമാണ് ഓറഞ്ച് അലർട്ടുകൊണ്ട് അർത്ഥമാക്കുന്നത്.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നും നി‌ർദേശമുണ്ട്.

പകൽ 10 മണി മുതൽ മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, ആൽബനിസം അവസ്ഥയുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും അറിയിക്കുന്നു.

യുവി സൂചികയും ബാധിച്ച പ്രദേശങ്ങളും:

  • അതീവ ജാഗ്രത (സൂചിക 9): പത്തനംതിട്ടയിലെ കോന്നി, ഇടുക്കിയിലെ മൂന്നാർ എന്നിവിടങ്ങളിലാണ് വികിരണതോത് ഏറ്റവും കൂടുതൽ. ഇവിടെ യുവി സൂചിക 9 ആണ് രേഖപ്പെടുത്തിയത്.
  • ഉയർന്ന നിരക്ക് (സൂചിക 8): ആലപ്പുഴയിലെ ചെങ്ങന്നൂർ, കോട്ടയത്തെ ചങ്ങനാശേരി, പാലക്കാട്ടെ തൃത്താല എന്നിവിടങ്ങളിൽ യുവി സൂചിക 8 ആണ്. ഈ പ്രദേശങ്ങളിലും ഓറഞ്ച് അലർട്ട് നിലവിലുണ്ട്.

English Summary

As temperatures soar in Kerala, the Ultraviolet (UV) radiation levels have also hit dangerous highs, leading to an Orange Alert in several stations across the state. The highest UV index of 9 was recorded in Konni (Pathanamthitta) and Munnar (Idukki). Meanwhile, Chengannur (Alappuzha), Changanassery (Kottayam), and Thrithala (Palakkad) recorded a UV index of 8. Authorities have urged the public to exercise extreme caution, as an Orange Alert signifies a high risk of harm from unprotected sun exposure. People are advised to stay hydrated and avoid direct sunlight during peak hours.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News