തിരുവനന്തപുരം:കേരളത്തിൽ കോവിഡ് വാക്സിൻ ഉത്പാദിപ്പിക്കാനുള്ള സംവിധാനം ഒരുക്കാൻ വാക്സിൻ ഉത്പാദന മേഖലയിലെ വിദഗ്ധരുമായി സർക്കാർ ചർച്ച നടത്തി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജി ക്യാമ്പസിൽ വാക്സിൻ കമ്പനിയുടെ ശാഖ ആരംഭിക്കാൻ കഴിയുമോ എന്ന് പരിശോധിക്കും. ഈ മേഖലയിലെ വിദദ്ധർ, ശാസ്ത്ര സാങ്കേതിക കൗൺസിൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജി ശാസ്ത്രജ്ഞർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് വെബിനാർ നടത്തി ഇക്കാര്യത്തിൽ ധാരണയിൽ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെഡിസിൻ ആൻഡ് അലൈഡ് സയൻസസിലെ ശാസ്ത്രജ്ഞർ കോവിഡ് ചികിത്സയ്ക്കുള്ള ഒരു മരുന്ന് വികസിപ്പിച്ചിട്ടുണ്ട്. കോവിഡ് വൈറസുകൾ ഗ്ലൂക്കോസ് ഉപയോഗിക്കുന്നത് തടഞ്ഞ് വൈറസുകളുടെ പെരുകൽ തടയുന്ന ആന്റി വൈറൽ മരുന്നാണിത്. ഇതിന് ഡ്രഗ് കൺട്രോൾ ജറലിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അമിതമായി ഗുരുതരമല്ലാത്ത കോവിഡ് രോഗികളുടെ ഓക്സിജൻ ആശ്രയതത്വം കുറക്കാൻ ഈ മരുന്ന് സഹായിക്കും. മരുന്നിന്റെ 50,000 ഡോസിനായി കേരളാ മെഡിക്കൽ സർവീസ് കോർപറേഷൻ ഓഡർ നൽകിയിട്ടുണ്ടെന്നും ജൂണിൽ ലഭിക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.