കീവ്:യുദ്ധ ഭീതിയെ തുടർന്ന് യുക്രെയ്നിലെ വിനിറ്റ്‌സ്യ നാഷനൽ മെഡിക്കൽ യൂണിവേഴ്സിറ്റി കോളജിന്റെ ഭൂഗർഭ മുറികളിലാണ് അഭയം തേടിയിരിക്കുന്നത്. ഇവിടെ സുരക്ഷിതയാണെന്നാണ് വിശ്വാസം. രണ്ടു ദിവസം മുൻപാണ് ഭൂഗർഭ മുറികളിലേക്ക് മാറ്റിയത്. ഭക്ഷണം തയാറാക്കി കഴിക്കാൻ മാത്രമാണ് താമസിക്കുന്ന കോളജ് ഹോസ്റ്റലിലേക്ക് പോകുന്നത്. അപായ സൈറൺ മുഴങ്ങിയാൽ ഉടൻ ഭൂഗർഭമുറികളിലേക്ക് മാറണമെന്നാണ് നിർദേശം.
5 മാസം മുൻപാണ് നാട്ടിൽ വന്നിട്ട് തിരികെ പോയത്. യുദ്ധം തുടങ്ങിയതോടെ ആകെ ഭീതിയിലാണ് കഴിയുന്നത്. കൂടെ 36 മലയാളി സഹപാഠികളുണ്ട്. യുദ്ധം തുടങ്ങുന്നതിനു മുൻപ് കരുതിവച്ച ഭക്ഷണ സാധനങ്ങൾ മാത്രമേ കയ്യിലുള്ളൂ. ഇതു തീർന്നു കൊണ്ടിരിക്കുകയാണ്. വെള്ളത്തിനും ബുദ്ധിമുട്ടാണ്. കഴിഞ്ഞ ദിവസം ക്യൂ നിന്നാണ് വെള്ളം വാങ്ങിയത്. പാസ്പോർട്ടും ഡോളറും കയ്യിൽ കരുതാൻ നിർദേശമുണ്ട്. എന്നാൽ കയ്യിൽ പണമൊന്നുമില്ല. എടിഎമ്മുകളിൽനിന്ന് പണം പിൻവലിക്കാനും സാധിക്കുന്നില്ല.
യുക്രെയ്നിലെ റഷ്യൻ ആക്രമണത്തിൽ നിന്നു രക്ഷ തേടി ബങ്കറിൽ അഭയം തേടിയിക്കുകയാണ് പാലാ സ്വദേശികളായ മെഡിക്കൽ വിദ്യാർഥിനികൾ. മുത്തോലി പന്തത്തല ചെല്ലന്തറ പൊയ്കയിൽ തോമസ്കുട്ടിയുടെയും ആൻസിയുടെയും മകൾ ഡൈന തോമസ് (22), മുത്തോലി തോപ്പിൽ സാജുവിന്റെയും ബിനിയുടെയും മകൾ മെറിൻ ജോസ് (22) എന്നിവരാണ് കർക്കീവിലെ ബങ്കറിൽ അഭയം തേടിയത്. ഭക്ഷണവും വെള്ളവും ഇല്ലാതെയാണ് ഇവരും സഹവിദ്യാർഥികളും ബങ്കറിൽ കഴിയുന്നത്. ഇവർ നാട്ടിലെത്താനുള്ള കാത്തിരിപ്പിലും പ്രാർഥനയിലുമാണു ബന്ധുക്കൾ.
ഡൈന വി.ജെ.കെരാസിൻ കർക്കീവ് നാഷനൽ യൂണിവേഴ്സിറ്റിയുടെ മെഡിക്കൽ കോളജിലും മെറിൻ ജോസ് നാഷനൽ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ കോളജിലുമാണ് എംബിബിഎസിനു പഠിക്കുന്നത്. ഡൈനയും മെറിനും വടക്കേയിന്ത്യക്കാരിയായ സഹപാഠിയും ഒരുമിച്ച് ഫ്ലാറ്റിലായിരുന്നു താമസം. ഇന്റർനെറ്റ് സൗകര്യം ലഭിക്കുമ്പോൾ വീട്ടിലേക്കു സന്ദേശം അയച്ചാണ് വിദ്യാർഥികൾ വീട്ടിലേക്കു വിവരങ്ങൾ നൽകുന്നത്. നാട്ടിലേക്കു വരാൻ ടിക്കറ്റ് എടുത്തതാണ്. എന്നാൽ പെട്ടെന്ന് ആക്രമണമുണ്ടായതോടെ ഇവർ ഉൾപ്പെടെയുള്ളവർ കുടുങ്ങി. ബാങ്കിങ് സംവിധാനം തകരാറിലായതിനാൽ പണം എടുക്കാൻ സാധിക്കുന്നില്ലെന്ന് ഡൈന ബന്ധുക്കളോടു പറഞ്ഞു. ഇന്നലെ വൈകിട്ട് 6.30നു വിളിച്ചിരുന്നെന്നും മൈനസ് വൺ തണുപ്പിൽ പേടിച്ച് വിറങ്ങലിച്ചാണു കഴിയുന്നതെന്നും മെറിൻ അറിയിച്ചതായി മാതാവ് ബിനി പറഞ്ഞു.
ഭക്ഷണവും വെള്ളവും തീർന്നു. ഹോസ്റ്റലിൽ നിന്നു പുറത്തിറങ്ങാൻ കഴിയുന്നില്ല. എങ്ങും സ്ഫോടന ശബ്ദമാണ്. ഞങ്ങളെ രക്ഷിക്കണം. എങ്ങനെയും നാട്ടിലെത്തിക്കണം. യുക്രെയ്നിൽ പഠനം നടത്തുന്ന, കടുത്തുരുത്തി കുളത്തിങ്കൽ രാജന്റെ മകൾ പ്രതിഭ അയച്ച വിഡിയോ സന്ദേശത്തിലാണ് ഈ അപേക്ഷ. തെക്കൻ യുക്രെയ്നിലെ മൈകോലേവിൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ വിദ്യാർഥികളായ 300 പേരാണ് ഹോസ്റ്റലിൽ ഭക്ഷണവും വെള്ളവും കിട്ടാതെ ദുരിതത്തിലെന്ന് പ്രതിഭ പറഞ്ഞു.
ഏജൻസി അധികൃതർ നൽകിയ ഭക്ഷണവും ഞങ്ങൾ കരുതിയിരുന്ന ഭക്ഷണവും വെള്ളവും തീർന്നു. പുറത്തിറങ്ങാൻ മാർഗമില്ല. എന്തു ചെയ്യണമെന്നറിയില്ല. രാത്രിയിൽ ഹോസ്റ്റലിൽ ലൈറ്റിടാൻ കഴിയില്ല. ഇരുട്ടത്തു കഴിയുകയാണ്. എംബസിയിൽ നിന്ന് ഒരറിയിപ്പും ലഭിച്ചിട്ടില്ല. അതിർത്തിയിൽ എത്തിയാൽ നാട്ടിലേക്ക് പോകാൻ എംബസിയുടെ സഹായം ലഭിക്കുമെന്നു പറയുന്നു. അതിർത്തിയിൽ എത്താൻ 1,000 കിലോമീറ്റർ യാത്ര ചെയ്യണം. വാഹനങ്ങളൊന്നും ഇല്ല. ഒരാഴ്ച മുൻപ് തന്നെ നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. എംബസി ഇടപെടണം– പ്രതിഭ പറയുന്നു.