കണ്ണൂർ: ഈ പുതിയ അധ്യയന വർഷം മുതൽ വിദ്യാർത്ഥികളുടെ ബസ് യാത്രാ കൺസഷൻ കാർഡുകൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നു. സർക്കാർ, എയ്ഡഡ്, സ്വയംഭരണ, സ്വകാര്യ-സമാന്തര സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾക്ക് പുതിയ ഡിജിറ്റൽ കൺസഷൻ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ ചേംബറിൽ വെച്ച് ചേർന്ന സ്റ്റുഡന്റ്‌സ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് ആർ.ടി.ഒ ഉണ്ണികൃഷ്ണൻ ഈ പുതിയ പരിഷ്കാരം ഔദ്യോഗികമായി അറിയിച്ചത്.
മോട്ടോർ വാഹന വകുപ്പിന്റെ ‘എംവിഡി ലീഡ്സ്’ (MVD LEADS) എന്ന വെബ്സൈറ്റ് വഴി അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആദ്യം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതിന് പിന്നാലെ വിദ്യാർത്ഥികൾ ‘എംവിഡി ലീഡ്സ്’ എന്ന മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത്, തങ്ങളുടെ മൊബൈൽ നമ്പറും പാസ്പോർട്ട് സൈസ് ഫോട്ടോയും മറ്റ് വിവരങ്ങളും നൽകി കാർഡിനായി അപേക്ഷിക്കണം. ഓൺലൈൻ വഴി ലഭിക്കുന്ന വിദ്യാർത്ഥികളുടെ ഈ അപേക്ഷകൾ ആദ്യം സ്ഥാപന മേധാവികൾ പരിശോധിച്ച് അപ്പ്രൂവ് ചെയ്ത ശേഷമായിരിക്കും ആർ.ടി.ഓഫീസിലേക്ക് കൈമാറുക. ആർ.ടി.ഒ തലത്തിൽ കൂടി കൃത്യമായ പരിശോധന നടത്തി അർഹത ഉറപ്പാക്കിയ ശേഷമേ ഡിജിറ്റൽ കൺസഷൻ കാർഡുകൾ അനുവദിക്കൂ. ഇങ്ങനെ ലഭിക്കുന്ന കാർഡുകൾ വിദ്യാർത്ഥികൾക്ക് ഫോണിൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുകയോ പ്രിന്റ് ഔട്ട് എടുക്കുകയോ ചെയ്യാം. യാത്രാ വേളകളിൽ ഇത് ബസ് കണ്ടക്ടറെ കാണിച്ചാൽ മതിയാകും.
വ്യാജന്മാരെ പൂട്ടാൻ ‘ക്യുആർ കോഡ്’
പുതിയ ഡിജിറ്റൽ കാർഡിലുള്ള ക്യുആർ (QR) കോഡ് സ്കാൻ ചെയ്യുന്നതിലൂടെ വിദ്യാർത്ഥിയുടെ പാസ് വ്യാജമാണോ എന്നും അതിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ടോ എന്നും ബസ് ജീവനക്കാർക്ക് എളുപ്പത്തിൽ കണ്ടെത്താനാകും. വിദ്യാർത്ഥിയുടെ പേര്, പഠിക്കുന്ന സ്ഥാപനം, വിലാസം, കോഴ്സ്, കാർഡിന്റെ കാലാവധി, ബന്ധപ്പെട്ട ആർ.ടി.ഒ ഓഫീസ് പരിധി തുടങ്ങിയ മുഴുവൻ വിവരങ്ങളും ഈ ഡിജിറ്റൽ കാർഡിൽ ലഭ്യമായിരിക്കും. രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെയാണ് ഈ കൺസഷൻ ആനുകൂല്യം വിദ്യാർത്ഥികൾക്ക് ലഭിക്കുക. വിദ്യാർത്ഥി ബസിൽ കയറുന്ന സമയം അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുന്നത്.
മാറാൻ 3 മാസം സമയം; ദുരുപയോഗം ചെയ്താൽ കൂട്ടത്തോടെ പണി കിട്ടും
പുതിയ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതിനായി വിദ്യാർത്ഥികൾക്കും സ്ഥാപനങ്ങൾക്കും മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ പരിവർത്തന കാലയളവിൽ വിദ്യാർത്ഥികൾക്ക് നിലവിലുള്ള പഴയ രീതിയിലുള്ള കൺസഷൻ കാർഡുകൾ ഉപയോഗിച്ച് തന്നെ യാത്ര തുടരാവുന്നതാണ്.
എന്നാൽ, ഏതെങ്കിലും വിദ്യാർത്ഥി വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അറിവോടെ കൺസഷൻ കാർഡ് ദുരുപയോഗം ചെയ്താൽ കടുത്ത നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടർ പി. വിഷ്ണുരാജ് മുന്നറിയിപ്പ് നൽകി. ഇത്തരം ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ആ സ്ഥാപനത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും കൺസഷൻ കാർഡുകൾ റദ്ദാക്കുമെന്നും കളക്ടർ കടുത്ത ഭാഷയിൽ വ്യക്തമാക്കി.
English Summary
Student bus travel concession cards in Kerala are going completely digital from this academic year under the motor vehicle department’s ‘MVD LEADS’ initiative. All educational institutions must register on the portal, after which students can apply via the ‘MVD LEADS’ mobile app with their photos and details. The applications approved by the institution heads will be verified by the RTO to issue the digital card featuring a QR code. Bus conductors can scan this QR code to verify validity and identity. The concession is valid from 7 AM to 7 PM based on the boarding time. A three-month transition period is allowed, but District Collector P. Vishnuraj warned that any misuse would lead to the cancellation of concessions for the entire institution.


