ന്യൂഡൽഹി: ദി കേരള സ്റ്റോറിയുടെ പ്രദർശനം വിലക്കിയ പശ്ചിമ ബംഗാൾ സർക്കാർ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ചിത്രത്തിന്റെ പ്രദർശനം പ്രത്യക്ഷമായോ പരോക്ഷമായോ തടയരുത് എന്നും സുപ്രീംകോടതി ഉത്തരവിട്ടു. തമിഴ്നാട് സർക്കാരിനോടും സുപ്രീം കോടതി ഈ കാര്യം നിർദേശിച്ചിട്ടുണ്ട്.
ചിത്രത്തിൽ സാമൂഹിക യാഥാർഥ്യങ്ങൾ ഉണ്ടാക്കാമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. അതേസമയം ചിത്രത്തിന് എതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജികളിൽ വിശദമായ വാദം കേൾക്കുന്നതിന് മുമ്പ് ചിത്രം കാണുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ചിത്രം വിദ്വേഷ പ്രസംഗത്തിന്റെ പരിധിയിൽ വരുന്നതാണെന്നായിരുന്നു പശ്ചിമ ബംഗാൾ സർക്കാരിന്റെ വാദം. എന്നാൽ ചിത്രത്തിന്റെ വിലക്ക് ന്യായീകരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചിത്രത്തിന് അപ്രഖ്യാപിത വിലക്ക് തമിഴ്നാട്ടിൽ ഉണ്ടെന്ന് നിർമ്മാതാക്കൾ ആരോപിച്ചിരുന്നു.
എന്നാൽ തമിഴ്നാട് സർക്കാർ ഈ ആരോപണം നിഷേധിച്ചു. തുടർന്നാണ് ചിത്രം പ്രദർശിപ്പിക്കുന്ന തീയറ്ററുകൾക്ക് സംരക്ഷണം നൽകാൻ തമിഴ് നാടിന് സർക്കാരിന് സുപ്രീംകോടതി നിർദേശം നൽകിയത്.
ചിത്രത്തിന് പ്രദർശന അനുമതി നൽകിയ സെൻസർ ബോർഡ് നടപടിക്ക് എതിരായ ഹർജികൾ വിശദമായി വാദം ജൂലൈ പതിനെട്ടിന് സുപ്രീം കോടതി കേൾക്കും. അതിന് മുമ്പ് ചിത്രം ജഡ്ജിമാർ കാണണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. കേരളത്തിൽനിന്ന് 32000 പേര്‍ മതംമാറി ഐ.എസിലേക്ക് പോയി എന്നതിന് ആധികാരിക രേഖകൾ ഇല്ലെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ കോടതിയെ അറിയിച്ചു.
ഇക്കാര്യം പ്രദർശന സമയത്ത് എഴുതി കാണിക്കാമെന്നും നിർമ്മാതാക്കൾ കോടതിയെ അറിയിച്ചു. തുടർന്ന് നാല്‍പ്പത് മണിക്കൂറിനകം ഇക്കാര്യം എഴുതി കാണിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ കോടതി നിർദേശിച്ചു.
ചത്രത്തിന് എതിരെ നടപടി എടുക്കുന്നതിനെ കേന്ദ്രം ശക്തമായി സുപ്രീം കോടതിയിൽ എതിർത്തു. എതിർപ്പ് ഉള്ളവർക്ക് ചിത്രം കാണാതിരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി.