കോഴിക്കോട്: പിഎംശ്രീയിൽ ഒപ്പ് വെച്ചതോടെ കേരളം ശരിയായ നിലപാട് സ്വീകരിച്ചുവെന്ന് കെ. സുരേന്ദ്രൻ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ലഭിക്കേണ്ട നല്ല കാര്യമാണ് കഴിഞ്ഞ നാല് വർഷം ഇടതുപക്ഷം തടസപ്പെടുത്തിയതെന്നും പദ്ധതി നടപ്പാക്കാൻ വൈകിപ്പിച്ചതിന് സർക്കാർ മാപ്പ് പറയണമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഉന്നതമായ അവസരങ്ങൾ ആണ് സർക്കാർ ഇല്ലാതാക്കിയത്. ദേശീയ വിദ്യാഭ്യാസ നയത്തിലേക്കുള്ള ചവിട്ടുപടിയാണ് പിഎംശ്രീ. വി. ശിവൻകുട്ടി താൻ മാറിയിരിക്കുന്നു എന്ന് സമ്മതിച്ചിരിക്കുന്നു. പിഎംശ്രീയിൽ ഒപ്പിട്ടുവെങ്കിലും ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കില്ല എന്നാണ് എം.വി. ഗോവിന്ദൻ പറയുന്നത്. ഇതിലൂടെ ഗോവിന്ദൻ മറ്റൊരു കബളിപ്പിക്കൽ നടത്തുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
സിപിഐയെ പിരികയറ്റി യുഡിഎഫ് നടത്തുന്ന പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വിമർശിച്ചു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പിഎംശ്രീ നടപ്പാക്കിയിട്ടുണ്ട്. കോൺഗ്രസുകാർ സമർത്ഥന്മാരാണ്. അവരുടെ സംസ്ഥാനങ്ങളിൽ എല്ലാം നടപ്പിലാക്കി. ഇവിടെ യൂത്ത് കോൺഗ്രസുകാരെക്കൊണ്ട് സമരം ചെയ്യിക്കുകയാണ്. പദ്ധതിയുടെ ഗുണം ശിവൻകുട്ടിക്ക് നേരത്തെ മനസ്സിലായി. പിണറായിക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ടാകും. കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ എസ്ഐആറും നടപ്പിലാക്കും. പൗരത്വ രജിസ്റ്ററും സിഎഎയും നടപ്പാകും. സവർക്കറെയും ഹെഡ്ഗേവാറിനെയും കുറിച്ച് കുട്ടികളെ പഠിപ്പിക്കും. സുരേന്ദ്രൻ വെല്ലുവിളിച്ചു.
കരിക്കുലം പരിഷ്കരിക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞാലും ദേശീയ വിദ്യാഭ്യാസ നയം ഇവിടെ നടപ്പാകും. പിഎം ശ്രീയിൽ ഒപ്പിട്ടാൽ തീർച്ചയായും കരിക്കുലവും നടപ്പാക്കേണ്ടി വരും. സിപിഐയെ പോലെ ഇത്രയും നിലപാടില്ലാത്ത മറ്റൊരു പാർട്ടി രാജ്യത്തുണ്ടോയെന്ന് പരിഹസിച്ച സുരേന്ദ്രൻ സിപിഐ കുരയ്ക്കും പക്ഷേ കടിക്കില്ലെന്നും വിമർശിച്ചു. സിപിഐ എന്തെല്ലാം കാര്യത്തിൽ നിലപാട് പറഞ്ഞിട്ടുണ്ടോ അതിനെല്ലാം പിണറായിയുടെ ഉഗ്രശാസത്തിന് മുമ്പിൽ മുട്ടുമടക്കുകയാണ് ചെയ്തിട്ടുള്ളത്. ബിനോയ് വിശ്വം പരിഹാസ കഥാപാത്രമായി മാറി. നാല് മന്ത്രിമാരെ രാജിവെപ്പിക്കാൻ ബിനോയ് വിശ്വത്തിന് കഴിയുമോ? ബിനോയ് വിശ്വം പറഞ്ഞാൽ മന്ത്രിമാർ രാജിവെക്കില്ല.
കരാറിൽ ഒപ്പിട്ട് എന്ത് ചർച്ചയാണ് ശിവൻകുട്ടി നടത്തുന്നത്. എന്തിനാണ് ഈ നാടകം കളിക്കുന്നത്? പദ്ധതികളെല്ലാം നടപ്പിലാക്കണം. അല്ലാതെ ഇരട്ടത്താപ്പ് കാണിക്കരുത്. സിപിഎം ട്യൂബ് ലൈറ്റ് പോലെയാണ്. ശരി തിരിച്ചറിയാൻ സമയമെടുക്കും. കരാർ ഒപ്പിട്ടത് എൽഡിഎഫ് കൺവീനർ പോയിട്ട് എം.എ. ബേബി പോലും അറിഞ്ഞിട്ടില്ല. പിണറായിയും ശിവൻകുട്ടിയും അല്ലാതെ വേറെ ആരാണ് അറിയുക? എം.എ.ബേബി എപ്പോഴാണ് നോക്കുകുത്തി അല്ലാത്തത്. സുരേന്ദ്രൻ പറഞ്ഞു.


