പാലക്കാട്: സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പുതിയ പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത ആശങ്കയും പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ രംഗത്ത്. സർക്കാർ ഈ തീരുമാനവുമായി മുന്നോട്ട് പോയാൽ സ്വകാര്യ ബസുകളെ ആശ്രയിക്കാൻ ആളില്ലാതാകുമെന്നും ഇത് പൊതുഗതാഗത സംവിധാനത്തെയാകെ തകർക്കുമെന്നും ബസുടമകൾ ആരോപിക്കുന്നു. ഈ വിഷയത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ എത്രയും വേഗം പുതിയ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും നേരിട്ട് ബോധിപ്പിക്കാനാണ് അസോസിയേഷന്റെ തീരുമാനം. അനുകൂലമായ ഒരു ബദൽ നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പാലക്കാട്ട് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
സ്ത്രീകൾക്ക് പൂർണ്ണമായി സൗജന്യ യാത്ര അനുവദിക്കുന്നതോടെ സ്വകാര്യ ബസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവുണ്ടാകുമെന്നാണ് ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നത്. സൗജന്യ നിരക്കിലുള്ള വിദ്യാർത്ഥികൾ മാത്രമായി സ്വകാര്യ ബസുകളിലെ യാത്ര ചുരുങ്ങുമെന്നും അതോടെ ഈ തൊഴിൽ മേഖല തന്നെ പൂർണ്ണമായി ഇല്ലാതായിപ്പോകുമെന്നും ബസ് ഉടമയായ ടി. ഗോപിനാഥൻ പറഞ്ഞു. പൊതുഗതാഗത സംവിധാനത്തെ അപ്പാടെ തകർക്കുന്ന തരത്തിലുള്ള കടുത്ത തീരുമാനങ്ങളുമായി പുതിയ സർക്കാർ മുന്നോട്ടുപോവില്ല എന്നാണ് വിശ്വസിക്കുന്നത്. വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് വ്യവസായത്തിന് ഈ പ്രഖ്യാപനം വലിയൊരു തിരിച്ചടിയാവുമെന്നാണ് ഉടമകളുടെ പക്ഷം.
കേരളത്തിലെ സാധാരണക്കാരായ ഭൂരിഭാഗം ആളുകളും ദൈനംദിന യാത്രയ്ക്കായി ഇന്നും ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണെന്ന യാഥാർത്ഥ്യം വിസ്മരിക്കരുതെന്ന് അസോസിയേഷൻ ഓർമ്മിപ്പിച്ചു. നിലവിലെ യാത്രാ സംവിധാനത്തിൽ കെഎസ്ആർടിസിയുടെ പങ്കാളിത്തം കേവലം 20 ശതമാനത്തിൽ താഴെ മാത്രമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ പൊതുഗതാഗതം മൊത്തത്തിൽ ഒറ്റയ്ക്ക് ഏറ്റെടുത്ത് നടത്തിക്കൊണ്ട് പോകാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാരിനോ കെഎസ്ആർടിസിക്കോ സാധ്യമല്ല. അതുകൊണ്ട് തന്നെ വലിയൊരു വിഭാഗം ജനങ്ങൾക്ക് സേവനം നൽകുന്ന സ്വകാര്യ ബസുകളെ നിലനിർത്താനുള്ള ശ്രമംകൂടി സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് ആവശ്യം.
ജനങ്ങൾക്ക് ഏറ്റവും ചെലവുകുറഞ്ഞ യാത്രാസംവിധാനം ഒരുക്കുന്ന സ്വകാര്യ ബസുകൾക്ക് ഈ തീരുമാനം സാമ്പത്തികമായി കനത്ത പ്രഹരമായിരിക്കും ഏൽപ്പിക്കുക. സർക്കാർ സൗജന്യ യാത്ര അനുവദിച്ചാൽ പിറ്റേന്ന് മുതൽ സ്വകാര്യ ബസുകൾക്ക് ഡീസൽ അടിക്കാനോ ജീവനക്കാർക്ക് കൃത്യമായി ശമ്പളം കൊടുക്കാനോ കഴിയാത്ത സ്ഥിതി വരും. ഇതാണ് നിലവിലെ വാസ്തവമെങ്കിലും ഇതിന്റെ പേരിൽ ഉടനടി ഒരു പ്രത്യക്ഷ സമരത്തിന് ഇറങ്ങാൻ തങ്ങൾ ആലോചിച്ചിട്ടില്ലെന്ന് ബസുടമകൾ വ്യക്തമാക്കി. ചർച്ചകളിലൂടെയും നിവേദനങ്ങളിലൂടെയും തങ്ങളുടെ ജീവനമരണ പോരാട്ടമായ ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് ആദ്യഘട്ടത്തിൽ ശ്രമിക്കുന്നത്.
സർക്കാരിന്റെ പരിപൂർണ നിയന്ത്രണത്തിലും നിയമപരിധിയിലും മാത്രം സർവീസ് നടത്തുന്ന ഒരു വിഭാഗമാണ് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ. ബസുകൾക്ക് പെർമിറ്റ് അനുവദിക്കുന്നതും, അവയുടെ സമയക്രമവും, സർവീസ് റൂട്ടും പൂർണ്ണമായി നിശ്ചയിക്കുന്നത് മോട്ടോർ വാഹന വകുപ്പാണ്. ഇതിന് പുറമെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ തീരുമാനിക്കുന്നതും യാത്രക്കാരിൽ നിന്ന് ഈടാക്കേണ്ട നിരക്ക് നിശ്ചയിക്കുന്നതും സർക്കാരാണ്. ഇത്തരത്തിൽ പൂർണ്ണമായും ഗവൺമെന്റ് നിർദ്ദേശങ്ങൾ പാലിച്ച് പോകുന്ന ഒരു മേഖലയെ പെട്ടെന്ന് തകർത്തുകളയുന്ന തീരുമാനം പുതിയ മുഖ്യമന്ത്രി കൈക്കൊള്ളില്ലെന്നാണ് തങ്ങളുടെ ഉറച്ച വിശ്വാസമെന്നും അവർ കൂട്ടിച്ചേർത്തു.
ഈ വിഷയത്തിലുള്ള തങ്ങളുടെ ആശങ്കകൾ പെട്ടെന്നുണ്ടായ ഒന്നല്ലെന്നും വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് തന്നെ ഇത് ശ്രദ്ധയിൽപ്പെടുത്തിയിരുന്നതാണെന്നും ഭാരവാഹികൾ പറഞ്ഞു. വി.ഡി. സതീശൻ മുൻപ് നടത്തിയ ‘പുതുയുഗ യാത്ര’ പാലക്കാട്ട് എത്തിയപ്പോൾ ബസുടമകൾ അദ്ദേഹത്തെ നേരിട്ട് കണ്ട് ഈ ആശങ്കകൾ പങ്കുവെച്ചിരുന്നു. ഇപ്പോൾ അദ്ദേഹം മുഖ്യമന്ത്രി പദവിയിൽ എത്തിയ സാഹചര്യത്തിൽ എത്രയും വേഗം തങ്ങളുടെ നിവേദനം അദ്ദേഹത്തിന് സമർപ്പിക്കും. ഗതാഗത മന്ത്രിയുമായും ഈ വിഷയത്തിൽ അടിയന്തിര ചർച്ച നടത്താൻ സമയം ചോദിച്ചിട്ടുണ്ടെന്നും അനുകൂലമായ മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗോപിനാഥൻ പറഞ്ഞു.
സ്വകാര്യ ബസ് മേഖലയെക്കൂടി സംരക്ഷിച്ചുകൊണ്ട് മാത്രമേ ഗ്യാരണ്ടി പദ്ധതികൾ പ്രായോഗികമായി നടപ്പിലാക്കാൻ സർക്കാരിന് സാധിക്കുകയുള്ളൂ എന്നാണ് സാമ്പത്തിക വിദഗ്ദ്ധരും വിലയിരുത്തുന്നത്. ലക്ഷക്കണക്കിന് ജീവനക്കാരും അവരുടെ കുടുംബങ്ങളും ആശ്രയിക്കുന്ന ഈ വ്യവസായം തകർന്നാൽ അത് വലിയൊരു സാമൂഹിക പ്രതിസന്ധിക്ക് കാരണമാകും. അതിനാൽ ജൂൺ 15ന് കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര ആരംഭിക്കുന്നതിന് മുൻപ് ബസുടമകളുമായി സർക്കാർ ചർച്ച നടത്തുമെന്നാണ് സൂചന. സ്വകാര്യ ബസുകൾക്ക് നികുതി ഇളവുകളോ ഡീസൽ സബ്‌സിഡിയോ നൽകി ഈ പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യവും ശക്തമാണ്.
Following Chief Minister V. D. Satheesan’s announcement of free KSRTC bus travel for women, the Bus Operators Association in Palakkad has strongly protested the decision. Private bus owners expressed deep concern that the move would drain their passenger base, leaving them with only student commuters and leading to the collapse of the private transport sector. Representatives, including T. Gopinathan, stated they would urgently meet the Chief Minister and Transport Minister to seek favorable remedies to protect their livelihood.


