KeralaNews

കുത്തേറ്റ പോലീസുകാരന് ശസ്ത്രക്രിയ, ഫീസ് ഒഴിവാക്കി ഡോക്ടർ; നന്ദി അറിയിച്ച് കേരള പോലീസ്

തിരുവനന്തപുരം: കൃത്യനിര്‍വഹണത്തിനിടെ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ചികിത്സിച്ചതിന്റെ ഫീസ് വേണ്ടെന്ന് വെച്ച് ഡോക്ടര്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ മദന്‍മോഹനാണ് പോലീസ് ഉദ്യോഗസ്ഥന്റെ ചികിത്സാചെലവുകളില്‍നിന്ന് തന്റെ ഫീസ് ഒഴിവാക്കിയത്. ഡോക്ടര്‍ ഫീസ് വേണ്ടെന്നുവെച്ച കാര്യം കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പോലീസ് ഡോക്ടര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

കഴിഞ്ഞദിവസം കല്ലമ്പലത്ത് ക്രിമിനല്‍ കേസ് പ്രതി കുത്തിപരിക്കേല്‍പ്പിച്ച പോലീസുകാരനെയാണ് ഡോക്ടര്‍ ചികിത്സിച്ചിരുന്നത്. ഈ പോലീസ് ഉദ്യോഗസ്ഥന് അടിയന്തര ശസ്ത്രക്രിയയും വേണ്ടിവന്നിരുന്നു. എന്നാല്‍ ചികിത്സാചെലവുകളില്‍നിന്നും ഡോക്ടറുടെ ഫീസ് ഒഴിവാക്കുകയായിരുന്നു. എന്താണ് കാരണമെന്ന് അന്വേഷിച്ചപ്പോഴാണ് നാടിന്റെ സുരക്ഷയുടെ ഭാഗമായി കൃത്യനിര്‍വഹണം നടത്തി പരിക്കേറ്റ ഒരു പോലീസ് ഉദ്യോഗസ്ഥനെ ചികിത്സിച്ചതിന്റെ ഫീസ് തനിക്ക് വേണ്ടെന്ന് ഡോ. മദന്‍മോഹന്‍ അറിയിച്ചതെന്നും കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കേരള പോലീസ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

‘കല്ലമ്പലം പോലീസ് സ്റ്റേഷനിലെ നാലു പോലീസ് ഉദ്യോഗസ്ഥരെ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ യുവാവ് കുത്തിപരിക്കേല്‍പ്പിച്ച സംഭവം മനസാക്ഷി ഉള്ളവരെ സംബന്ധിച്ചിടത്തോളം വേദനാജനകമായിരുന്നു. അതില്‍ ഗൗരവമായി പരിക്ക് പറ്റിയ മൂന്നുപേരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

പരിക്കേറ്റവരില്‍ ഒരാളുടെ മുറിവ് ആഴമേറിയതായതിനാല്‍ അദ്ദേഹത്തിന് അടിയന്തരമായി ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു. അവരുടെ ചികിത്സാചിലവുകളില്‍ നിന്നും ഡോക്ടറുടെ ഫീസ് ഒഴിവാക്കിയിട്ടുണ്ടെന്ന വിവരം അറിഞ്ഞു അന്വേഷിച്ചതില്‍, അദ്ദേഹത്തിന്റെ പേര് ഡോ. മദന്‍മോഹന്‍ എന്നാണെന്നും, നാടിന്റെ സുരക്ഷയുടെ ഭാഗമായി കര്‍ത്തവ്യനിര്‍വഹണം നടത്തി പരിക്കേറ്റ ഒരു പോലീസുദ്യോഗസ്ഥനെ ചികിത്സിച്ചതിന്റെ ഫീസ് തനിക്ക് വേണ്ട എന്നുമാണ് അദ്ദേഹം അറിയിച്ചത്.

നന്ദി പ്രിയ ഡോ.മദന്‍മോഹന്‍, താങ്കളുടെ നന്മയ്ക്ക്, ഞങ്ങളുടെ സേവനങ്ങളെ മാനിച്ചു നല്‍കിയ കരുതലിന്, ചേര്‍ത്ത് നിര്‍ത്തലിന് ഹൃദയപൂര്‍വ്വം നന്ദി…’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button