കാഷായ വസ്ത്രത്തിൽ കയ്യിൽ ഭസ്മക്കുടവും ചാമരവുമായെത്തി ദിവസവും ഭക്തർക്ക് അനുഗ്രഹം നൽകും; ഒരു വർഷത്തിലേറെയായി പോലീസിന്റെ കണ്ണ് വെട്ടിച്ച് സന്യാസ ജീവിതം; പോലീസിനെ ഞെട്ടിച്ച് പ്രതിയുടെ രൂപമാറ്റം; ‘സതീഷ് സ്വാമി’ വീണ്ടും അഴിക്കുള്ളിലായതിങ്ങനെ

പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ വിചാരണയ്ക്കിടെ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ ഒരു വർഷത്തിനു ശേഷം കേരള പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി ശിവകുമാറിനെയാണ് തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ സന്യാസി വേഷത്തിൽ ഒളിവിൽ കഴിയുന്നതിനിടെ പിടികൂടിയത്. സതീഷ് സ്വാമി എന്ന പേരിൽ ആൾമാറാട്ടം നടത്തിയാണ് ഇയാൾ ഒരു വർഷത്തിലേറെയായി പൊലീസിന്റെ കണ്ണുവെട്ടിച്ച് കഴിഞ്ഞിരുന്നത്.

കാഷായ വസ്ത്രം, കഴുത്തിൽ രുദ്രാക്ഷമാല, നീട്ടി വളർത്തിയ താടിയും മുടിയുമായി ആളെ തിരിച്ചറിയാനാവാത്ത രൂപമാറ്റമാണ് ഇയാൾ വരുത്തിയിരുന്നത്. എല്ലാ ദിവസവും ഇന്നോവ കാറിൽ തിരുവണ്ണാമലയിലെ ഒരു ക്ഷേത്രത്തിന് മുന്നിലെത്തുന്ന ഇയാൾ, ഭക്തരെ അനുഗ്രഹിച്ച് പണം സമ്പാദിച്ചാണ് ജീവിച്ചിരുന്നത്. കയ്യിൽ ഭസ്മക്കുടവും ചാമരവും കരുതി മന്ത്രങ്ങൾ ഉരുവിട്ട് ഭക്തർക്ക് ചന്ദനവും ഭസ്മവും നൽകും. ഇതിലൂടെ പ്രതിദിനം പതിനായിരക്കണക്കിന് രൂപ ഇയാൾ സമ്പാദിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

2021-ലാണ് ശിവകുമാറിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെ ജാമ്യം ലഭിച്ചതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ആദ്യഘട്ടത്തിൽ ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചതോടെ പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പ്രതിയുടെ ബന്ധുക്കളുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ നിർണായകമായത്. സേലത്തുനിന്ന് 150 കിലോമീറ്റർ അകലെയുള്ള ഒരു ക്ഷേത്രത്തിന് സമീപം ഫോണിന്റെ ടവർ ലൊക്കേഷൻ കണ്ടെത്തിയതോടെ പൊലീസ് സംഘം മഫ്തിയിൽ തിരുവണ്ണാമലയിലെത്തി ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. ഇന്നോവ കാറിൽ നിന്നിറങ്ങുമ്പോൾ പൊലീസ് സംഘം യഥാർത്ഥ പേര് വിളിച്ചപ്പോൾ പ്രതി ഞെട്ടിയെങ്കിലും എതിർപ്പില്ലാതെ കീഴടങ്ങി. കടുത്ത ശിക്ഷ ലഭിക്കുമെന്ന ഭയമാണ് ഒളിവിൽ പോകാൻ പ്രേരിപ്പിച്ചതെന്ന് ശിവകുമാർ പൊലീസിന് മൊഴി നൽകി. പാലക്കാട് എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News