തിരുവനന്തപുരം: രാജ്യത്തെ ഭരണനിര്‍വഹണം പരിശോധിക്കുന്ന പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സ് സൂചികയില്‍ കേരളം ഇന്ത്യയില്‍ ഒന്നാമത്. പ്രധാനമായും സമത്വം, വളര്‍ച്ച, സുസ്ഥിരത എന്നീ മൂന്ന് കാര്യങ്ങള്‍ പരിഗണിച്ചാണ് സൂചിക തയ്യാറാക്കിയത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ തുടങ്ങിയ അഞ്ചു കേന്ദ്രാവിഷ്‌കൃത പദ്ധതിയും പരിശോധിച്ചു.
മഹാമാരിയെ നേരിട്ട രീതിയും പഠനവിഷയമായി. വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം ഒന്നാമത്. 18 സംസ്ഥാനങ്ങളാണ് ഈ പട്ടികയിലുള്ളത്. തമിഴ്നാട് രണ്ടാം സ്ഥാനത്തും തെലങ്കാന മൂന്നാമതുമാണ്. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നില്‍.
ചെറിയ സംസ്ഥാനങ്ങളില്‍ സിക്കിമാണ് ഒന്നാം സ്ഥാനത്ത്. മണിപ്പൂര്‍ ഏറ്റവും പിന്നില്‍. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ പുതുച്ചേരിയാണ് ഒന്നാമത്. ആന്‍ഡമാര്‍ നിക്കോബാര്‍ ദ്വീപുകള്‍ ഏറ്റവുമൊടുവിലും.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കേരളം വീണ്ടും ഒന്നാമത്. പബ്ലിക് അഫയേര്‍സ് സെന്റര്‍ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേര്‍സ് ഇന്‍ഡക്‌സ് 2021 (PAI) -ല്‍ വലിയ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. സമത്വം, വളര്‍ച്ച, സുസ്ഥിരത എന്നീ മൂന്നു മാനകങ്ങളെ അടിസ്ഥാനമാക്കിയാണ് പബ്ലിക് അഫയേര്‍സ് ഇന്‍ഡക്‌സ് തയ്യാറാക്കിയിട്ടുള്ളത്. ദേശീയ തൊഴിലുറപ്പു പദ്ധതിയും നാഷണല്‍ ഹെല്‍ത്ത് മിഷനും പോലുള്ള പദ്ധതികളുടെ നടത്തിപ്പും കോവിഡ് പ്രതിരോധവും ഉള്‍പ്പെടെയുള്ള നിരവധി മേഖലകളില്‍ എത്രമാത്രം മികവ് പുലര്‍ത്തി എന്നതും പഠന വിധേയമാക്കിയിട്ടുണ്ട്.
അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, പ്രകൃതിസൗഹൃദവും സര്‍വതലസ്പര്‍ശിയുമായ വികസനം തുടങ്ങി നിരവധി പ്രധാന സൂചകങ്ങളില്‍ കേരളം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതായാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇടതുപക്ഷ സര്‍ക്കാറിനൊപ്പം അണിനിരന്ന കേരളത്തിനൊന്നാകെ അഭിമാനിക്കാവുന്ന നേട്ടമാണിത്. കൂടുതല്‍ മികവിലേയ്ക്കുയരാന്‍ ഇത് നമുക്ക് പ്രചോദനമാകണം. കേരളത്തിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകള്‍ കോര്‍ത്ത് മുന്നോട്ടു പോകാം.
https://www.facebook.com/PinarayiVijayan/posts/4571744862917308