13 ഒരു പാവം നമ്പർ; അന്ധവിശ്വാസങ്ങളിൽ കാര്യമില്ലെന്ന് തദ്ദേശ മന്ത്രി കെ.എം. ഷാജി; ഔദ്യോഗിക വാഹനം ചോദിച്ചുവാങ്ങി

തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിൽ ഔദ്യോഗിക വാഹനത്തിനായി പൊതുവേ എല്ലാവരും ഒഴിവാക്കുന്ന 13-ാം നമ്പർ കാർ ചോദിച്ചുവാങ്ങിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. 13-ാം നമ്പർ എടുത്താൽ ജീവിതത്തിൽ പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നൊക്കെ ചിലർ വിശ്വസിക്കുന്നുണ്ടെങ്കിൽ അത്തരം അന്ധവിശ്വാസങ്ങളൊന്നും തനിക്കില്ലെന്ന് കെ.എം. ഷാജി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 13 തികച്ചും ഒരു പാവം നമ്പറാണെന്നും മറ്റ് മന്ത്രിമാരാരും ഈ നമ്പർ എടുക്കാത്തതു കൊണ്ടാണ് താൻ ഇത് പ്രത്യേകമായി ആവശ്യപ്പെട്ട് വാങ്ങിയതെന്നും ഷാജി വ്യക്തമാക്കി. അന്ധവിശ്വാസങ്ങളെ തള്ളിക്കൊണ്ട് പുതിയ മന്ത്രി നടത്തിയ ഈ നീക്കം ഇതിനകം തന്നെ രാഷ്ട്രീയ കേന്ദ്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.

ആദ്യഘട്ടത്തിൽ ഒമ്പതാം നമ്പർ കാറാണ് തനിക്ക് താൽക്കാലികമായി അനുവദിച്ചിരുന്നതെന്ന് മന്ത്രി കെ.എം. ഷാജി വെളിപ്പെടുത്തി. ഒമ്പതായാലും 13 ആയാലും പൊതുപ്രവർത്തന രംഗത്ത് താൻ എപ്പോഴും ഹാപ്പിയാണെന്നും തന്റെ രാഷ്ട്രീയ ജീവിതത്തിൽ രണ്ട് തവണ ജയിക്കുകയും ഒരു തവണ തോൽക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മുൻപ് തോറ്റത് 13-ാം നമ്പർ എടുത്തിട്ടല്ലല്ലോ എന്നും അതുകൊണ്ട് അന്ധവും കുന്തവുമായ ഒരു വിശ്വാസവും തനിക്ക് ജീവിതത്തിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാൻ പോകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഓർത്ത് തനിക്ക് ഭയമില്ലെന്നും തന്റെ ജീവിതത്തിലെ വലിയ ബുദ്ധിമുട്ടുകളെല്ലാം ഇതിനകം തന്നെ കഴിഞ്ഞുപോയെന്നും ഇനിയൊന്നും വരാനില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

താൻ എന്തെങ്കിലും വലിയ വിപ്ലവം സൃഷ്ടിക്കാൻ വേണ്ടിയല്ല 13-ാം നമ്പർ കാർ ചോദിച്ചു വാങ്ങിയതെന്നും അതൊരു സാധു നമ്പറായി അവിടെ കിടന്നതുകൊണ്ട് എടുത്തതാണെന്നും മന്ത്രി വിശദീകരിച്ചു. ആ നമ്പറിൽ പോയാലും ഇല്ലെങ്കിലും ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും അപ്രതീക്ഷിതമായി അപകടങ്ങൾ ഉണ്ടായേക്കാമെന്നതാണ് യാഥാർത്ഥ്യം. അങ്ങനെ എന്തെങ്കിലും നിർഭാഗ്യകരമായ സംഭവം ഉണ്ടായാൽ ചിലർ പറയും അത് 13-ാം നമ്പർ എടുത്തതുകൊണ്ടാണെന്ന്, എന്നാൽ തനിക്ക് അതിലൊന്നും ഒരു കാര്യവും തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ് യുഡിഎഫ് സർക്കാരുകൾ അധികാരത്തിൽ വന്നപ്പോൾ പല മന്ത്രിമാരും 13-ാം നമ്പർ കാർ മനപ്പൂർവ്വം ഒഴിവാക്കിയത് സംബന്ധിച്ച വിവാദങ്ങളെക്കുറിച്ച് തനിക്ക് വ്യക്തമായി അറിയില്ലെന്നും കെ.എം. ഷാജി പറഞ്ഞു. പുതിയ മന്ത്രിസഭയുടെ തുടക്കത്തിൽ തന്നെ ഇത്തരം അനാചാരങ്ങൾക്കെതിരെ നിലപാടെടുത്ത മന്ത്രിയെ നിരവധി പേർ അഭിനന്ദിച്ചു.

Local Self-Government Department (LSGD) Minister K. M. Shaji stated that he has no room for superstitions after specifically requesting the number 13 car for his official use. Speaking to the media, Shaji described 13 as an innocent number and noted he chose it simply because no one else was taking it. He added that failures and accidents in life are not dictated by vehicle numbers, dismissing past political traditions of avoiding the number 13.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News