കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷം പെട്രോളിയം ഇറക്കുമതിയെ ബാധിച്ചതോടെ സംസ്ഥാനത്ത് വാണിജ്യാവശ്യത്തിനുള്ള ദ്രവീകൃത പാചകവാതക (എൽ.പി.ജി.) വിതരണം സ്തംഭനത്തിലേക്ക്. ഗാർഹികാവശ്യത്തിനായുള്ള വിതരണം പൂർണമായി തടസ്സപ്പെടാതിരിക്കാനുള്ള ശ്രമത്തിലാണ് കമ്പനികൾ. ഇവയ്ക്കും വരുംദിവസങ്ങളിൽ നിയന്ത്രണമുണ്ടാകും. ഇറാൻ, യു.എ.ഇ., ഒമാൻ എന്നിവയ്ക്കിടയിലുള്ള ഹോർമുസ് കടലിടുക്ക് അടച്ചതോടെയാണ് ഇറക്കുമതി കുറഞ്ഞത്.
അമ്പലമുകളിൽ ബി.പി.സി.എൽ. ഭാരത് ഗ്യാസിന്റെ വാണിജ്യ സിലിൻഡറുകൾ നിറയ്ക്കുന്നത് പൂർണമായി നിർത്തി. ശനിയാഴ്ചമുതൽ വാണിജ്യാവശ്യങ്ങൾക്കുള്ള സിലിൻഡർനീക്കം തടസ്സപ്പെട്ടിരിക്കുകയാണ്. 14.5 കിലോഗ്രാം ഭാരമുള്ള ഗാർഹിക സിലിൻഡറും അഞ്ച്, 19.5, 35, 45 കിലോ ഭാരംവരുന്ന വാണിജ്യ സിലിൻഡറുകളും അടക്കം ഏതാണ്ട് 50,000-ത്തോളം സിലിൻഡറുകളാണ് പ്രതിദിനം നിറച്ചിരുന്നത്. ഇതിൽ പന്ത്രണ്ടായിരത്തോളം വാണിജ്യ സിലിൻഡറുകൾ പൂർണമായും നിർത്തി. പ്രധാനവിതരണക്കാരായ ഐ.ഒ.സി.യുടെ ഉദയംപേരൂർ യൂണിറ്റിൽ ഇൻഡേൻ വാണിജ്യ സിലിൻഡറുകൾ നിറയ്ക്കുന്നതും നിർത്തി.
എച്ച്.പി.സി.എലിന്റെ ഇരുമ്പനത്തെ യൂണിറ്റിൽ എച്ച്.പി. ഗ്യാസിന്റെയും വാണിജ്യാവശ്യത്തിനുള്ള സിലിൻഡറുകൾ നിറയ്ക്കുന്നത് ഭാഗികമാക്കി. ആശുപത്രികൾ ഉൾപ്പെടെയുള്ള അത്യാവശ്യ മേഖലയിലേക്കുള്ള വാണിജ്യ സിലിൻഡറുകളുടെ ഉത്പാദനംമാത്രമാണ് നടക്കുന്നത്. രാജ്യത്ത് ആവശ്യമുള്ള എൽ.പി.ജി.യുടെ 60 ശതമാനവും ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇറക്കുമതിചെയ്താണ് റിഫൈനറികൾ ബോട്ടിലിങ് നടത്തി നൽകിവന്നിരുന്നത്.
വാണിജ്യ സിലിൻഡറുകളുടെ ലഭ്യത ഉറപ്പാക്കിയില്ലെങ്കിൽ 80 ശതമാനം ഹോട്ടലുകളും വരുംദിവസങ്ങളിൽ പൂട്ടേണ്ടിവരുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പ്രസിഡന്റ് ജി. ജയപാൽ പറഞ്ഞു.
ന്യൂഡൽഹി: ഗാർഹികാവശ്യം ഉൾപ്പെടെ മുൻഗണനാ മേഖലകളിലേക്ക് പ്രകൃതിവാതക വിതരണം തിരിച്ചുവിടാൻ അവശ്യവസ്തു നിയമപ്രകാരം കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഗാർഹിക ആവശ്യത്തിന് പൈപ്പ് വഴിയുള്ള വിതരണം (പി.എൻ.ജി.), ഗതാഗതത്തിനുള്ള സി.എൻ.ജി., എൽ.പി.ജി. ഉത്പാദനം, പൈപ് ലൈൻ കംപ്രസർ ഇന്ധനം എന്നിവയ്ക്ക് കഴിഞ്ഞ ആറുമാസത്തെ ശരാശരി ഉപയോഗം എത്രയാണോ, അത്രതന്നെ ലഭ്യത ഉറപ്പാക്കണം.
റിഫൈനറികൾ പൂർണശേഷിയിൽ പ്രവർത്തിക്കണം. ഗാർഹികാവശ്യത്തിനുള്ള എൽ.പി.ജി. ഉത്പാദനം 10 ശതമാനം വർധിപ്പിക്കണം. കൂടുതൽ രാജ്യങ്ങളിൽനിന്ന് എൽ.പി.ജി.യും എൻ.എൻ.ജി.യുമെത്തിക്കാനും നടപടി തുടങ്ങി. പൂഴ്ത്തിവെപ്പ് തടയാൻ ലക്ഷ്യമിട്ട് എൽ.പി.ജി. ബുക്കിങ് കാലയളവ് 21-ൽനിന്ന് 25 ദിവസമാക്കി. ക്ഷാമം വിലയിരുത്താൻ പൊതുമേഖലാ എണ്ണക്കമ്പനികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി മൂന്നംഗസമിതിയെ നിയോഗിച്ചു.
മുംബൈ: ഒറ്റദിവസത്തെ റെക്കോഡ് കുതിപ്പിൽനിന്ന് തിരിച്ചിറങ്ങി ആഗോള എണ്ണവില. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് ചൊവ്വാഴ്ച 88.22 ഡോളർ വരെ താഴ്ന്നു. പിന്നീട് തിരിച്ചുകയറി 92.24 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച വീപ്പയ്ക്ക് 98.96 ഡോളറിലായിരുന്നു ക്ലോസിങ്. ഇറാനിലെ ആക്രമണം അധികം നീളില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയാണ് എണ്ണവില കുറയാനിടയാക്കിയത്.
The escalating conflict in West Asia has severely disrupted petroleum imports, pushing the distribution of commercial liquefied petroleum gas (LPG) in Kerala toward a total standstill. Oil marketing companies are currently prioritizing domestic supplies to prevent a complete breakdown in households; however, restrictions on domestic cylinders are also expected in the coming days. The crisis intensified after the Strait of Hormuz—a vital maritime route between Iran, the UAE, and Oman—was closed, significantly cutting off the primary supply chain for India’s LPG imports.


