തിരുവനന്തപുരം: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഭരണത്തിന് എതിരെ ശബ്ദയുര്‍ത്താന്‍ തയ്യാറെടുത്ത് കേരള നിയമസഭയും. ലക്ഷദ്വീപുകാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കേരള നിയമസഭയുടെ നിലവില്‍ നടക്കുന്ന സമ്മേളനത്തിനിടയില്‍ പ്രമേയം പാസാക്കിയേക്കും. ഇതിനുള്ള നടപടി ക്രമങ്ങള്‍ സ്പീക്കറുടെ ഓഫീസ് പരിശോധിച്ചു തുടങ്ങി.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായി അടുത്ത ദിവസം കേരള നിയമസഭ വീണ്ടും ചേരുന്നുണ്ട്. അതിന് അടുത്ത ദിവസം നയപ്രഖ്യാപന പ്രസംഗത്തിന്‍മേല്‍ ചര്‍ച്ച നടക്കും. ഇതിന് ശേഷം ലക്ഷദ്വീപുകാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കാനുള്ള സാധ്യതയാണ് സ്പീക്കര്‍ പരിശോധിക്കുന്നത്.
കേരളത്തില്‍ ബിജെപി ഒഴികെ മറ്റു പ്രധാന പാര്‍ട്ടികളെല്ലാം ലക്ഷദ്വീപിലെ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നുണ്ട്. ബിജെപിക്ക് സഭയില്‍ അംഗമില്ലാത്തതിനാല്‍ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും മുഴുവന്‍ എംഎല്‍എമാരും ചേര്‍ന്ന് സംയുക്തമായിട്ടാവും പ്രമേയം പാസാക്കുക.
ലക്ഷദ്വീപുകാരുടെ പോരാട്ടത്തെ പിന്തുണച്ച് കൊണ്ട് നിയമസഭ പ്രമേയം പാസാക്കാണമെന്ന് നേരത്തെ ഷാഫി പറമ്പില്‍ എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. നേരത്തെ സിഎഎ ബില്ലിനെതിരേയും കേരളനിയമസഭ സംയുക്തമായി പ്രമേയം പാസാക്കിയിരുന്നു.
അതേസമയം ജനവിരുദ്ധ നടപടികളുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ മുന്നോട്ട് പോകുകയാണ്. ലക്ഷദ്വീപിലെ ഫിഷറീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റി. 39 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റി ഉത്തരവിറക്കിയത്. ഫിഷറീസ് മേഖലയിലെ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനാണ് സ്ഥലംമാറ്റമെന്നാണ് വിശദീകരണം.
ഇതിനിടെ ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ എഐസിസി സംഘത്തിന് അഡ്മിനിസ്ട്രേഷന്‍ അനുമതിയും നിഷേധിച്ചു. ഫിഷറീസിലെ കൂട്ടസ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഉത്തരവ് ചൊവ്വാഴ്ചയാണ് പുറത്തിറങ്ങിയത്. ഫിഷറീസ് വകുപ്പ് സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്.
എത്രയും പെട്ടെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലത്ത് ജോലിക്ക് പ്രവേശിക്കാന്‍ ഉത്തരവിലുണ്ട്. പകരം ഉദ്യോഗസ്ഥര്‍ വരാന്‍ കാത്തുനില്‍ക്കാതെ എത്രയും പെട്ടെന്ന് സ്ഥലംമാറ്റം ലഭിച്ചവര്‍ക്ക് വിടുതല്‍ നല്‍കണമെന്ന് മേലുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശമുണ്ട്.