പാചകവാതക വില വർധനവിൽ പ്രതിഷേധം ശക്തം; കേരളത്തിലെ ഹോട്ടലുകൾ അടച്ചിടുമെന്ന് കെഎച്ച്ആർഎ

കൊച്ചി: വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി ബുധനാഴ്ച അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (കെഎച്ച്ആർഎ) അറിയിച്ചു. വെള്ളിയാഴ്ച കൊച്ചിയിൽ ചേർന്ന അസോസിയേഷൻ യോഗത്തിലാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധ സൂചകമായി ഒരു ദിവസം ഹോട്ടലുകൾ അടച്ചിടാൻ തീരുമാനമെടുത്തത്.

വാണിജ്യ പാചകവാതകത്തിന് സബ്സിഡി അനുവദിക്കുക, ആവശ്യാനുസരണം ഇന്ധനം ലഭ്യമാക്കുക എന്നീ ആവശ്യങ്ങളാണ് അസോസിയേഷൻ പ്രധാനമായും മുന്നോട്ടുവെക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഹോട്ടലുകൾ മുന്നോട്ട് കൊണ്ടുപോകുന്നത് പ്രായോഗികമായി അസാധ്യമാണെന്നും ഇത് ഉപഭോക്താക്കളെ വലിയ രീതിയിൽ ബാധിക്കുമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.

പശ്ചിമേഷ്യയിൽ ഇസ്രായേൽ-ഇറാൻ യുദ്ധം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയത്. 19 കിലോ വരുന്ന വാണിജ്യ എൽപിജി സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിലെ നിരക്കനുസരിച്ച് വാണിജ്യ സിലിണ്ടറിന്റെ വില 2078 രൂപയിൽനിന്ന് 3071 രൂപയായി ഉയർന്നു. അഞ്ച് കിലോ വരുന്ന മിനി സിലിണ്ടറുകൾക്ക് 261 രൂപയുടെ വർധനവുണ്ടാകും. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റമില്ല.

യുദ്ധം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ എൽപിജി വില വർധിപ്പിക്കുന്നത്. മാർച്ചിൽ 144 രൂപയും ഏപ്രിൽ ഒന്നിന് ഏകദേശം 200 രൂപയും വർധിപ്പിച്ചിരുന്നു. വിലവർധനവിന് പുറമെ, പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഇന്ധന ലഭ്യതക്കുറവും വിതരണ നിയന്ത്രണങ്ങളും നിലനിൽക്കുന്നുണ്ട്. ഈ ലഭ്യതക്കുറവ് ഹോട്ടൽ വ്യവസായത്തെ നേരത്തെ തന്നെ സാരമായി ബാധിച്ചിരുന്നു.

​The Kerala Hotel and Restaurant Association (KHRA) has announced a statewide strike on Wednesday, May 6, protesting the sharp hike in commercial LPG prices. The decision was finalized during an association meeting in Kochi, where members expressed concern that the rising costs are pushing the hotel industry into a severe crisis. All hotels and restaurants across Kerala will remain closed for the day as a mark of protest against the central government’s pricing policy.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News