ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം; പരാതി ലഭിച്ചാലുടന്‍ നടപടിയെടുക്കണം,കാലതാമസം പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിദേശിച്ചു. ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയും ആക്രമണം വര്‍ധിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്കാന്‍ ഡി ജി പി ഇടപെടണമെന്ന് കോടതി ആവശ്യപ്പെട്ടു. പരാതി ലഭിച്ചാലുടന്‍ നടപടിയെടുക്കണമെന്നും കാലതാമസം പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ലെന്ന് സ്വകാര്യ ആശുപത്രികള്‍ കോടതിയെ അറിയിച്ചു. കൊവിഡ് ചികിത്സ നിരക്കുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദേശങ്ങള്‍.

ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് കേരളത്തില്‍ ജാമ്യമില്ലാ കുറ്റമാണ്. മൂന്നുവര്‍ഷം തടവും 50000 രൂപ പിഴയുമാണ് ശിക്ഷ. പക്ഷേ പലപ്പോഴും ഇത്തരം കേസുകളിലെ പ്രതികള്‍ക്കെതിരെ കാര്യമായ നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്. ആശുപത്രി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയാലും കുറ്റപത്രം യഥാസമയം നല്‍കാതെയും വിചാരണ വൈകിപ്പിച്ചും പ്രതികളെ സഹായിക്കുന്ന മനോഭാവമാണ് പൊലീസിന്റേതെന്ന് നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News