KeralaNews

ഗര്‍ഭിണിയാണെന്ന് പോലും അവള്‍ അറിഞ്ഞില്ല, അതും സഹോദരനില്‍നിന്ന്: ആശങ്ക പ്രകടിപ്പിച്ച് കോടതി

കൊച്ചി :കുട്ടികൾ ഗർഭിണികളാകുന്ന സംഭവങ്ങൾ വർധിച്ചു വരുന്നതിൽ ഹൈക്കോടതി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. സ്കൂളുകളിൽ നിലവിലെ ലൈംഗിക വിദ്യാഭ്യാസം പര്യാപ്തമാണോ എന്നതിൽ പുനഃപരിശോധന വേണമെന്നു ജസ്റ്റിസ് വി.ജി.അരുൺ വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത സഹോദരനിൽനിന്നു ഗർഭിണിയായ പതിമൂന്നുകാരിയുടെ 30 ആഴ്ച വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിക്കൊണ്ടാണു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്റർനെറ്റും സമൂഹമാധ്യമങ്ങളും സുരക്ഷിതമായി ഉപയോഗിക്കുന്നതിനെക്കുറിച്ചു കുട്ടികൾക്കു ബോധവൽക്കരണം അത്യാവശ്യമാണെന്നും കോടതി പറഞ്ഞു. പല കേസുകളിലും പ്രായപൂർത്തിയാകാത്ത അടുത്ത ബന്ധുക്കൾ തന്നെയാണ് ഗർഭധാരണത്തിന് ഉത്തരവാദികൾ. ഇന്റർനെറ്റിൽ ലഭ്യമാകുന്ന അശ്ലീല വിഡിയോകൾ കുട്ടികളെയും കൗമാരക്കാരെയും വഴിതെറ്റിക്കുകയും തെറ്റായ ചിന്തകളിലേക്കു നയിക്കുകയുമാണെന്നു കോടതി പറഞ്ഞു.

ഈ കേസിൽ ഗർഭധാരണത്തിന് ഉത്തരവാദി അടുത്ത ബന്ധു ആണെന്നതും പരിഗണിച്ച കോടതി 30 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി. സർക്കാർ ആശുപത്രിയിൽ ഇതിനായി മെഡിക്കൽ ടീമിനെ നിയോഗിക്കണം. കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാൻ സാധിച്ചാൽ മികച്ച ചികിത്സ ഉറപ്പാക്കണം. കു‍ഞ്ഞിനെ ഏറ്റെടുക്കാൻ വീട്ടുകാർ താൽപര്യം പ്രകടിപ്പിക്കുന്നില്ലെങ്കിൽ സർക്കാർ ഏജൻസികൾ നിയമപ്രകാരം സൗകര്യം ഏർപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. നിയമപ്രകാരം 24 ആഴ്ച വരെയാണു ഗർഭഛിദ്രത്തിന് അനുമതിയുള്ളത്.

കഴിഞ്ഞയാഴ്ച പതിനഞ്ചുകാരി, ഇപ്പോൾ വീണ്ടും പതിമൂന്നുകാരി! കൗമാരക്കാരായ പെൺകുട്ടികളുടെ ഗർഭഛിദ്രത്തിന് അനുമതി തേടുന്ന ഹർജികൾ ഏറുന്നതിൽ ഹൈക്കോടതിക്ക് ഉത്കണ്ഠ. 15 വയസ്സുള്ള പീഡനക്കേസ് അതിജീവിതയുടെ 24 ആഴ്ച പിന്നിട്ട ഗർഭഛിദ്രത്തിന് കഴിഞ്ഞയാഴ്ച ഇതേ കോടതി അനുമതി നൽകിയിരുന്നു. പോക്സോ അതിജീവിതയുടെ പിതാവാണു ഹർജി നൽകിയത്.

കഴിഞ്ഞ ദിവസം 13-ാം വയസ്സിൽ ഗർഭം ധരിക്കേണ്ടി വന്ന പെൺകുട്ടിയുടെ ശാരീരിക, മാനസിക ആഘാതം ചൂണ്ടിക്കാട്ടി അമ്മയാണു കോടതിയിലെത്തിയത്. ഗർഭിണിയാണെന്ന കാര്യം പോലും പെൺകുട്ടിക്കു മനസ്സിലായില്ല. വയറു വേദനയ്ക്കു ഡോക്ടറെ കണ്ടപ്പോൾ മാത്രമാണു കാര്യം അറിഞ്ഞത്.

സമീപകാലത്ത് ‘പോക്സോ’ കേസിലെ ജാമ്യഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യനും തോമസ് ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമ പാഠങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button