കൊച്ചി: പ്രസവാവധി അവകാശമാണെന്നും അതിനെ മറ്റ് അവധികൾപോലെ കണക്കിലെടുക്കാനാകില്ലെന്നും ഹൈക്കോടതി. പ്രസവാവധിയടക്കം ഒരു വർഷത്തിലധികം അവധിയെടുത്തു എന്നതിന്റെ പേരിൽ മെഡിക്കൽ സയൻസിൽ ഉന്നതപഠനം തുടരാൻ അനുവദിക്കാത്തതിനെതിരായ ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിരീക്ഷണം.
എറണാകുളം സ്വദേശിയായ വനിതാ ഡോക്ടറായിരുന്നു ഹർജിക്കാരി. എം.ബി.ബി.എസിനും എം.ഡി.യ്ക്കും ശേഷം നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്.) നടത്തുന്ന കോഴ്സിന് ചേർന്നിരുന്നു. പഠനകാലയളവിൽ ഒരു വർഷത്തിലധികം തുടർച്ചയായി അവധിയെടുത്താൽ പഠനം തുടരാനാകില്ലെന്നാണ് ചട്ടം.
ഹർജിക്കാരി പഠനകാലയളവിൽ പ്രസവാവധി എടുത്തു. ഇതിനുപിന്നാലെ രക്താർബുദത്തിന് ചികിത്സതേടേണ്ടിവന്നു. ഇതോടെ അവധി ഒരു വർഷത്തിലധികമായി. ഇതിനെത്തുടർന്ന് കോഴ്‌സ് തുടരാനാകില്ല എന്ന കാരണത്താൽ അവധി അപേക്ഷ നിഷേധിച്ചു.
തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരിക്ക് ഒരു വർഷത്തിലധികം അവധി വേണ്ടിവന്നത് പ്രത്യേക സാഹചര്യത്തിലാണെന്ന് കോടതി വിലയിരുത്തി. 184 ദിവസം പ്രസവാവധിയായിരുന്നു. പ്രസവാവധി അവകാശമായതിനാൽ സാധാരണ അവധിയായി കണക്കാക്കാനാകില്ല. അതിനാൽ ഹർജിക്കാരിയോട് വീണ്ടും അവധിക്കായി അപേക്ഷനൽകാനും അത് പരിഗണിച്ച് അനുയോജ്യമായ ഉത്തരവ് പുറപ്പെടുവിക്കാനും എൻ.ബി.ഇ.എം.എസിന് നിർദേശം നൽകി. ഹർജിക്കാരിയെ കോഴ്സസിൽനിന്ന് പുറത്താക്കരുതെന്നും നിർദേശിച്ചു.
The Kerala High Court has ruled that maternity leave is a fundamental right and cannot be treated like regular leaves. Justice Bechu Kurian Thomas made this significant observation while disposing of a petition filed by a medical student who was denied permission to continue her higher studies in Medical Science due to taking leave—including maternity leave—exceeding one year. The court emphasized that a woman’s career or education should not be penalized for exercising her reproductive rights.


