ന്യൂഡല്‍ഹി: കൊവിഡ് നഷ്ടപരിഹാരത്തില്‍ സുപ്രീം കോടതിയില്‍ നിലപാടറിയിച്ച് കേരളം. അപേക്ഷിച്ചവരില്‍ 23,652 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. 27,274 അപേക്ഷകള്‍ ലഭിച്ചിരുന്നു. 80 ശതമാനം പേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു.
ഇതിനിടെ രാജ്യത്തെ കൊവിഡ് മരണക്കണക്ക് സംസ്ഥാനങ്ങള്‍ പുറത്ത് വിട്ടതിനേക്കാള്‍ ഒമ്പത് മടങ്ങ് വരെ കൂടുതലായിരിക്കാമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരുകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ കണക്കുകളാണ് ഈ സൂചന നല്‍കുന്നത്. സുപ്രീം കോടതി ഉത്തരവനുസരിച്ചുള്ള കൊവിഡ് മരണങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിനായി വന്ന അപേക്ഷകളുടെ കണക്കിലാണ് ഇത് സൂചിപ്പിക്കുന്നത്.
കൊവിഡിന് ഇരയായി മരണപ്പെടുന്നവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപവീതം നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിര്‍ദേശിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സുപ്രീം കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് സംസ്ഥാനങ്ങള്‍ വേണം ഇത് നല്‍കേണ്ടതെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു. നഷ്ടപരിഹാര വിതരണത്തിന് സുപ്രിംകോടതി നിര്‍ദേശപ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ മാര്‍ഗരേഖയും സമര്‍പ്പിച്ചിട്ടുണ്ട്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,82,970 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 18.9 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 441 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. നിലവില്‍ 18,31,000 പേരാണ് ചികിത്സയിലുള്ളത്. 1.88 ലക്ഷം പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരാവുകയും ചെയ്തിട്ടുണ്ട്.
രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 8,961 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തേക്കാള്‍ 0.79 ശതമാനത്തിന്റെ വര്‍ധനവാണ് ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനിടെ രാജ്യത്തെ കോവിഡ് മരണക്കണക്ക് സംസ്ഥാനങ്ങള്‍ പുറത്ത് വിട്ടതിനേക്കാള്‍ ഒമ്പത് മടങ്ങ് വരെ കൂടുതലായിരിക്കാമെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്.
സര്‍ക്കാരുകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ കണക്കുകളാണ് ഈ സൂചന നല്‍കുന്നത്. സുപ്രീം കോടതി ഉത്തരവനുസരിച്ചുള്ള കോവിഡ് മരണങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിനായി വന്ന അപേക്ഷകളുടെ കണക്കാണ് ഉയര്‍ന്ന മരണനിരക്കിലേക്ക് വിരല്‍ ചൂണ്ടുന്നത്.