തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്ന് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് തീയതിയും പരീക്ഷകളും അടുത്തടുത്ത് വന്നതാണ് കാരണം. മാര്‍ച്ച് 17-നാണ് പരീക്ഷകള്‍ തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്.
അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും അനുബന്ധ പരിശീലനകളും ലഭിച്ചതിനാല്‍ പരീക്ഷാ തീയതി മാറ്റണമെന്ന് അധ്യാപക സംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ കമ്മീഷനോട് പരീക്ഷാ തീയതി മാറ്റാന്‍ ആവശ്യപ്പെട്ടത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ 15,000 ബൂത്തുകള്‍ അധികമായി ക്രമീകരിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചിരുന്നു. അതിനാല്‍ മുന്‍കാലങ്ങളേക്കാള്‍ കൂടുതല്‍ അധ്യാപകര്‍ക്ക് ഇത്തവണ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടുണ്ട്.