കേരളം ചരിത്ര ഫൈനലിലേക്ക്‌; രഞ്ജിയിൽ ലീഡ് പിടിച്ചു, ഒന്നാം ഇന്നിംഗ്‌സില്‍ രണ്ടുറണ്‍ ലീഡ്‌

അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ പ്രതീക്ഷകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ കേരളത്തിന് ലീഡ്. ഇന്നൊരുദിവസം മാത്രം ബാക്കിനില്‍ക്കേ മത്സരം സമനിലയായാല്‍പ്പോലും കേരളം ഫൈനലിലെത്തും. അങ്ങനെ വന്നാല്‍, രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ ഇതാദ്യമാവും കേരളം ഫൈനലിലെത്തുക.

അവസാനദിനം കളി പുരോഗമിക്കുമ്പോള്‍ ഗുജറാത്ത് 455 റണ്‍സിന് പുറത്തായി. കേരളത്തിന് രണ്ട് റണ്‍സിന്റെ ലീഡ്. അഞ്ചാംദിനം ഓപ്പണര്‍മാരായ പ്രിയാങ്ക് പാഞ്ചലിന്റെയും (148 റണ്‍സ്) ആര്യ ദേശായിയുടെയും (73) ഇന്നിങ്‌സുകളാണ് ഗുജറാത്തിനെ മികച്ച നിലയിലെത്തിച്ചത്. കേരളത്തിനായി ജലജ് സക്‌സേന നാലും ആദിത്യ സര്‍വാതെ മൂന്നും വിക്കറ്റുകള്‍ നേടി.

നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം രണ്ടുദിവസവും ഒരുമണിക്കൂറും ക്രീസില്‍ നിലയുറപ്പിച്ച് 457 റണ്‍സെടുത്തിരുന്നു. 187 ഓവറാണ് കേരളം ബാറ്റുചെയ്തത്. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ കിടിലന്‍ സെഞ്ചുറിയും (177) ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും (69) തകര്‍പ്പനടിക്കാരന്‍ സല്‍മാന്‍ നിസാറിന്റെയും (52) അര്‍ധ സെഞ്ചുറികളുമാണ് കേരളത്തെ മികച്ച ടോട്ടലിലെത്തിച്ചത്. അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍, ജലജ് സക്‌സേന എന്നിവര്‍ 30 വീതം റണ്‍സും നേടി.

മൂന്നുവിക്കറ്റ് വീഴ്ത്തിയ നഗ്വാസ്വല്ലയാണ് ഗുജറാത്തിന്റെ വിക്കറ്റുവേട്ടക്കാരിലെ മുന്‍പന്‍. ക്യാപ്റ്റന്‍ ചിന്തന്‍ ഗജ രണ്ടും പി.ജഡേജ, രവി ബിഷ്‌ണോയ്, വിഷാല്‍ ജയ്‌സ്വാള്‍ എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ വീഴ്ത്തി.

ഒന്നാം ഇന്നിങ്‌സ് ലീഡ് ലക്ഷ്യംവെച്ചായിരുന്നു കേരളം സാവധാനത്തില്‍ സ്‌കോര്‍ നീക്കിയതെങ്കില്‍, ഗുജറാത്തിന് ആ നിലപാടായിരുന്നില്ല. വിക്കറ്റ് കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ സ്‌കോര്‍വേഗം കൂട്ടി. മൂന്നാംദിനം 222-ല്‍ ഒന്ന് എന്ന നിലയില്‍ കളിയവസാനിപ്പിച്ച ഗുജറാത്ത് കേരളത്തിന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. പക്ഷേ, നാലാംദിനം ജലജ് സക്‌സേന നാലുവിക്കറ്റുകള്‍ നേടി കേരളത്തിന്റെ പ്രതീക്ഷകളെ പുനരുജ്ജീവിപ്പിച്ചു.

ഗുജറാത്തിന്റെ വിക്കറ്റുകള്‍ അടിക്കടി വീണുകൊണ്ടിരുന്നു. ഇതിനിടെ ഫലം അങ്ങോട്ടും ഇങ്ങോട്ടും മാറിമറിയുന്ന അവസ്ഥയായി. ഒടുക്കം 357-ല്‍ ഏഴ് എന്ന നിലയില്‍ ഗുജറാത്തിനെ പ്രതിരോധിക്കാന്‍ കേരളത്തിന് കഴിഞ്ഞെങ്കിലും പിന്നീടങ്ങോട്ട് വിക്കറ്റുണ്ടായില്ല. വ്യാഴാഴ്ച കളിയവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. കേവലം 28 റണ്‍സ്‌കൂടി നേടിയാല്‍ കേരളാ സ്‌കോര്‍ മറികടക്കാം. ഇന്നൊരു ദിവസം മാത്രമാണ് ബാക്കിനില്‍ക്കുന്നത് എന്നിതിനാല്‍ ഇനി ഈ ടെസ്റ്റില്‍ ജയപ്രതീക്ഷ നന്നേ കുറവാണ്. അതിനാല്‍ ഒന്നാം ഇന്നിങ്‌സ് ലീഡുള്ളവര്‍ ഫൈനലില്‍ പ്രവേശിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News