തുതിപേട്ട് (പുതുച്ചേരി): രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. എലൈറ്റ് ഗ്രൂപ്പ് സിയില്‍ പുതുച്ചേരിക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ സമനില വഴങ്ങിയതോടെയാണ് കേരളത്തിന്റെ പ്രതീക്ഷകള്‍ അവസാനിച്ചത്. ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയതും കേരളത്തിന് തിരിച്ചടിയായി.
സ്‌കോര്‍: പുതുച്ചേരി: 371/10, 279/5, കേരളം: 286/10.
ഏഴ് മത്സരങ്ങളില്‍ നിന്ന് 21 പോയന്റുള്ള കേരളം മൂന്നാം സ്ഥാനത്തായി. 23 പോയന്റുമായി ജാര്‍ഖണ്ഡ്, കര്‍ണാടകയ്‌ക്കൊപ്പം ക്വാര്‍ട്ടറിലേക്ക് മുന്നേറി.
ഒന്നാം ഇന്നിങ്‌സില്‍ പരസ് ദോഗ്ര (159), അരുണ്‍ കാര്‍ത്തിക്ക് (85) എന്നിവരുടെ ഇന്നിങ്‌സുകളുടെ മികവില്‍ 371 റണ്‍സെടുത്ത പുതുച്ചേരിക്കെതിരേ കേരളം 286 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 85 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും കേരളം വഴങ്ങിയിരുന്നു. 70 റണ്‍സെടുത്ത അക്ഷയ് ചന്ദ്രന്‍, 44 റണ്‍സെടുത്ത നിസാര്‍, 39 റണ്‍സെടുത്ത സച്ചിന്‍ ബേബി, 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ സിജോമോന്‍ എന്നിവര്‍ക്ക് മാത്രമാണ് ഒന്നാം ഇന്നിങ്‌സില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്.
രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ പുതുച്ചേരി അഞ്ച് വിക്കറ്റിന് 279 റണ്‍സെന്ന നിലയില്‍നില്‍ക്കേ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. സെഞ്ചുറിയുമായി ഓപ്പണര്‍ ജെ.എസ്. പാണ്ഡെയും (212 പന്തില്‍ 102), അര്‍ധ സെഞ്ചറി നേടി കൃഷ്ണ (83 പന്തില്‍ 94)യും പുതുച്ചേരിക്കായി രണ്ടാം ഇന്നിങ്‌സില്‍ തിളങ്ങി. രണ്ടാം ഇന്നിങ്‌സിലും തിളങ്ങിയ ദോഗ്ര 55 റണ്‍സെടുത്തു.