തിരുവനന്തപുരം∙ സംസ്ഥാന കുറ്റാന്വേഷണ ചരിത്രത്തില്‍ ഏറെ കോളിളക്കം സൃഷ്ടിക്കുകയും ഉത്തരം കിട്ടാതെ തുടരുകയും ചെയ്യുന്ന ചാക്കോ വധക്കേസിന്റെ ചുരുളഴിക്കാന്‍ വീണ്ടും പൊലീസ്. നാലു പതിറ്റാണ്ടു കഴിഞ്ഞിട്ടും പൊലീസിന്റെ കണ്ണു വെട്ടിച്ചു പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പിന് എന്തു സംഭവിച്ചുവെന്നു വീണ്ടും അന്വേഷിക്കുകയാണ് ക്രൈംബ്രാഞ്ച്. ഈ കേസ് ഉള്‍പ്പെടെ ക്രൈംബാഞ്ചില്‍ അന്വേഷണം വഴിമുട്ടിയ കേസുകള്‍ എല്ലാം പുനരന്വേഷിച്ച് പ്രതികളെ കണ്ടെത്താനുള്ള സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായാണ് നീക്കമെന്ന് ഐജി അജിതാ ബീഗം പറഞ്ഞു.
എണ്‍പതുകളില്‍ കൊല്‍ക്കത്തയില്‍ വച്ചു സുകുമാരക്കുറുപ്പിനെ കണ്ടു എന്നവകാശപ്പെട്ട് കേരളാ പൊലീസിനു കത്തയച്ച ഹരിപ്പാട് കാർത്തികപ്പള്ളി സ്വദേശിയായ നഴ്‌സ് രത്‌നമ്മ (59) ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ച് തിരികെ നാട്ടിലെത്തിയിരുന്നു. ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം ഇവരെ കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വച്ച് കണ്ടപ്പോള്‍ സുകുമാരക്കുറുപ്പ് ആണോ എന്നു ചോദിച്ചപ്പോള്‍ ‘ആ’ എന്നു മാത്രമാണ് മറുപടി നല്‍കിയത്. പിന്നീട് തിരിച്ചു വന്നു നോക്കുമ്പോഴേക്കും ആള്‍ രക്ഷപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രത്‌നമ്മ പൊലീസിനു കത്തയയ്ക്കുകയും ചെയ്തിരുന്നു. സുകുമാരക്കുറുപ്പിനെ മുഖാമുഖം കണ്ടതിനെക്കുറിച്ചാണ് ക്രൈംബ്രാഞ്ച് സംഘം അവരെ നേരിട്ടു കണ്ട് കാര്യങ്ങള്‍ അന്വേഷിച്ചത്.
42 വര്‍ഷം മുന്‍പാണ് സുകുമാരക്കുറുപ്പ് ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ എന്‍.ജെ.ചാക്കോ എന്ന യുവാവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി കാറിലിട്ടു കത്തിച്ചത്. രാജ്യത്താകെ വലവീശി വ്യാപകമായ അന്വേഷണം നടത്തിയിട്ടും കുറുപ്പിനെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞില്ല. കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ മരിച്ചോയെന്ന് ഇനിയും വ്യക്തമല്ല. ജീവിച്ചിരിപ്പുണ്ടെങ്കില്‍ അയാള്‍ക്കിപ്പോള്‍ 82 വയസായിട്ടുണ്ടാകും. 42 വര്‍ഷമായി ആരും കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത, കണ്ടെങ്കില്‍ തന്നെ തിരിച്ചറിഞ്ഞിട്ടില്ലാത്ത മുഖമാണു കുറുപ്പിന്റേത്. ഒന്നോ രണ്ടോ ചിത്രങ്ങളിലൂടെ മാത്രമാണ് കുറുപ്പിനെ കേരളം അറിയുന്നത്. എങ്കിലും കണ്ടിട്ടില്ലാത്തവര്‍ക്കുള്‍പ്പെടെ പുതുതലമുറയ്ക്കു വരെ സുപരിചതമാണ് ആ പേര്. കേരളം അന്നേ വരെ കേട്ടിട്ടില്ലാത്ത, നാടിനെയാകെ ഞെട്ടിച്ച കൊലക്കേസിന്റെ സൂത്രധാരന്‍. തന്റെ പേരിലുള്ള 8 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടുന്നതിനായി, എന്‍.ജെ.ചാക്കോ എന്ന യുവാവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി കാറിലിട്ടു കത്തിച്ച കേസിലെ ഒന്നാം പ്രതി. ചാക്കോ വധക്കേസ് നടന്ന് 42 വര്‍ഷം പിന്നിടുമ്പോള്‍ അന്നു മുങ്ങിയ ചെറിയനാട് പുത്തന്‍വീട്ടില്‍ സുകുമാരക്കുറുപ്പിന് എന്തു സംഭവിച്ചു എന്നു വീണ്ടും ചികയുകയാണ് ക്രൈംബ്രാഞ്ച്.
1984 ജനുവരി 21നാണ് മാവേലിക്കരയ്ക്കടുത്ത് കുന്നത്ത് കുറുപ്പിന്റെ കറുത്ത അംബാസഡര്‍ കാറില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. കുറുപ്പ് അപകടത്തില്‍ മരിച്ചെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ മരിച്ചതു ചാക്കോ എന്ന ഫിലിം റപ്രസന്റേറ്റീവ് ആണെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും കുറുപ്പ് അപ്രത്യക്ഷനായിരുന്നു. വിദേശത്തു നിന്നുള്ള ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ കുറുപ്പ് തയാറാക്കിയ മരണനാടകമായിരുന്നു കൊടുംക്രൂരത. കരുവാറ്റയിലെ തിയറ്ററില്‍ നിന്നു രാത്രി മടങ്ങുമ്പോള്‍ കുറുപ്പിന്റെ കെഎല്‍ക്യു 7831 എന്ന നമ്പറുള്ള കാറില്‍ ലിഫ്റ്റ് ചോദിച്ചു കയറിയ ചാക്കോ നടന്നുകയറിയതു മരണത്തിലേക്കായിരുന്നു. ഭാര്യാസഹോദരീ ഭര്‍ത്താവ് ഭാസ്‌കരപിള്ള, ഡ്രൈവര്‍ പൊന്നപ്പന്‍, ഗള്‍ഫിലെ സഹപ്രവര്‍ത്തകന്‍ ചാവക്കാട് സ്വദേശി ഷാഹു എന്നിവരെ ഒപ്പം ചേര്‍ത്തായിരുന്നു കുറുപ്പിന്റെ ആ ക്രൂരകൃത്യം. വിദേശത്തു നിന്നുള്ള ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്ത് ആലപ്പുഴ വണ്ടാനത്തെ ബംഗ്ലാവിന്റെ പണി പൂര്‍ത്തിയാക്കുകയായിരുന്നു ഉദ്ദേശ്യം. ‘കുറുപ്പ് ആയി മരിക്കാന്‍ പറ്റിയ’ ആളെ സംഘം പലയിടത്തും തിരഞ്ഞു, മൃതദേഹത്തിനായും ശ്രമിച്ചു. ഒന്നും ശരിയായില്ല. ആ വലയിലേക്കാണു ചാക്കോ അറിയാതെ ചെന്നു കയറിയത്.
ആലപ്പുഴ കരുവാറ്റയിലെ ഹോട്ടലിലാണ് കുറുപ്പും കൂട്ടാളികളും ചേര്‍ന്നു കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 2 കാറുകളിലായി സംഘം ഓച്ചിറ വരെ പോയി. പറ്റിയ ആളെ കിട്ടാതെ മടങ്ങുമ്പോഴാണു കരുവാറ്റയില്‍ ബസ് കാത്തു നിന്ന ചാക്കോയെ കണ്ടത്. ലിഫ്റ്റ് കൊടുത്ത ശേഷം യാത്രയ്ക്കിടയില്‍ നിര്‍ബന്ധിച്ചു ചാക്കോയെ മദ്യം കുടിപ്പിച്ചു. പിന്നീടു കഴുത്തു മുറുക്കി കൊലപ്പെടുത്തി. നേരെ കുറുപ്പിന്റെ ഭാര്യവീട്ടിലെത്തി മൃതദേഹത്തില്‍ കുറുപ്പിന്റെ വസ്ത്രങ്ങള്‍ ധരിപ്പിച്ചു. കുന്നം ഭാഗത്തെത്തി ജഡം കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തിയ ശേഷം വയലിലേക്കു തള്ളിയിറക്കി. പിന്നെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു. ഇതിനിടെ പ്രതികളില്‍ ചിലര്‍ക്കു പൊള്ളലേല്‍ക്കുകയും ചെയ്തു.
കാറിനുള്ളില്‍ കണ്ട കത്തിക്കരിഞ്ഞ മൃതദേഹത്തില്‍ പെട്രോള്‍ പോലെ എന്തോ ഒഴുകി തീപിടിച്ചിരുന്നു. ഓടുന്ന കാറിനു തീപിടിച്ചതാണെങ്കില്‍ അങ്ങനെ സംഭവിക്കില്ലെന്ന് അന്വേഷണസംഘം വിലയിരുത്തി. മരിച്ചയാളുടെ ശ്വാസനാളത്തിലും ശ്വാസകോശത്തിലും കരിയുടെ അംശം ഉണ്ടായിരുന്നില്ല. കാര്‍ ഓടിക്കുമ്പോള്‍ തീ പിടിച്ചതല്ല എന്ന് അതോടെ വ്യക്തമായി. വിദേശത്തു ശത്രുക്കളുള്ള കുറുപ്പിനെ അവര്‍ കൊലപ്പെടുത്തി കാറിലിട്ടു കത്തിച്ചെന്നു പൊലീസില്‍ പരാതിപ്പെട്ടതു ഭാസ്‌കരപിള്ളയാണ്. ഡിവൈഎസ്പി സ്റ്റേഷനില്‍ വിളിച്ചപ്പോള്‍ പിള്ള മുഴുക്കൈ ഷര്‍ട്ടിട്ടാണ് എത്തിയത്. കൈയുടെ ബട്ടണ്‍ മാറ്റി തെറുത്തു വയ്ക്കാന്‍ നിര്‍ദേശിച്ചു. രണ്ടു കയ്യിലും പൊള്ളലേറ്റത് വെളിപ്പെട്ടതോടെയാണ് നാടകം പൊളിഞ്ഞത്.
സ്വത്തു തട്ടിയെടുക്കാന്‍ താനാണു കുറുപ്പിനെ കൊന്നത് എന്നു പിള്ള മൊഴി നല്‍കി. പക്ഷേ പിന്നീടു നടന്ന വിശദമായ ചോദ്യം ചെയ്യലില്‍ അയാള്‍ എല്ലാം ഏറ്റുപറഞ്ഞു. ആ സമയത്ത് കുറുപ്പ് ആലുവയിലെ ലോഡ്ജില്‍ ഒളിച്ചു കഴിയുകയായിരുന്നു എന്നു പൊലീസ് കണ്ടെത്തി. പിള്ള കുടുങ്ങിയതറിഞ്ഞു മുങ്ങിയ കുറുപ്പ് നാലു പതിറ്റാണ്ടിനിപ്പുറവും കാണാമറയത്തു തന്നെ. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ പലയിടങ്ങളിലും കുറുപ്പിനെ കണ്ടുവെന്ന് അറിയിച്ച് നിരവധി പേര്‍ പൊലീസിനു വിവരം നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായില്ല. ഇന്റര്‍പോള്‍ ഉള്‍പ്പെടെ ഇടപെട്ടുവെങ്കിലും കുറുപ്പ് പൊലീസിനെ വെല്ലുവിളിച്ച് പ്രഹേളികയായി തുടരുന്നു.
English Summary
In a major development in Kerala’s most infamous absconding case, the Crime Branch has re-recorded the statement of a retired nurse who claimed to have seen Sukumara Kurup at a hospital in Kolkata years ago. The nurse, Rathnamma, who is currently residing in Kerala post-retirement, stated that Kurup had sought medical treatment at the facility. This sudden move comes as part of a special drive led by Crime Branch IG Ajitha Begum to investigate long-pending cold cases. Sukumara Kurup (originally named Gopalakrishna Kurup from Chengannur), who escaped the Air Force using a fake death telegram, later faked his death again in 1984 by murdering a film representative named Chacko to claim a massive insurance payout. Kurup’s whereabouts remain an unsolved mystery for over 42 years, and the Crime Branch is analyzing these vintage leads to trace whether the fugitive is dead or alive.


