തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം തീവ്രമാകുമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുതിച്ചുയര്‍ന്നു. ഇന്നലെ പ്രതിദിന കൊവിഡ് കേസുകള്‍ പതിനെട്ടായിരം കടന്നപ്പോള്‍ ഇന്നലത്തെ ടിപിആര്‍ 30.55 ശതമാനമായി. ദിവസങ്ങളുടെ ഇടവേളയില്‍ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം ഒരു ലക്ഷത്തിന് മുകളിലായി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കോട്ടയം ജില്ലകളില്‍ രോഗ വ്യാപനം രൂക്ഷമാണ്. തിരുവനന്തപുരത്ത് ടിപിആര്‍ 36 ന് മുകളിലാണ്.
ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കുന്നതിനായി കൂടുതല്‍ സെക്ട്രല്‍ മജിസ്ട്രേറ്റുമാരെ നിയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ബുധനാഴ്ച്ച മുതല്‍ സ്‌കൂളിലെത്തി കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.സ്‌കൂളുകളിലെ വാക്സിനേഷന്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗം സ്‌കൂളുകളുടെ പ്രവര്‍ത്തനം അവലോനം ചെയ്യും. രാവിലെ പതിനൊന്നിനാണ് യോഗം. കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ഒന്‍പതുവരെയുള്ള ക്ലാസുകള്‍ 21 ന് മുമ്പ് നിര്‍ത്തിവയ്ക്കണമോയെന്നതും യോഗം ചര്‍ച്ച ചെയ്യും. ഇതോടൊപ്പം പത്ത് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകള്‍ ഓഫ് ലൈനായി എങ്ങനെ നടത്തണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.
ബുധനാഴ്ച മുതല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വാക്സിനേഷന്‍ തുടങ്ങുന്ന സാഹചര്യത്തില്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകള്‍ ഓണ്‍ലൈനാക്കാന്‍ കഴിയില്ല. വാക്സിനേഷനു വേണ്ട സജ്ജീകരണങ്ങളെക്കുറിച്ചും അവലോകനയോഗം തീരുമാനമെടുക്കും. സ്‌കൂളുകളില്‍ ക്ലസറ്ററുകള്‍ രൂപപ്പെട്ടാല്‍ 15 ദിവസം സ്‌കൂള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇന്നലെ സംസ്ഥാനത്ത് 18,123 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, കൊല്ലം 998, പാലക്കാട് 889, മലപ്പുറം 821, ആലപ്പുഴ 715, കണ്ണൂര്‍ 649, ഇടുക്കി 594, വയനാട് 318, കാസര്‍ഗോഡ് 299 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,314 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,17,670 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,13,251 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4419 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 528 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,03,864 കോവിഡ് കേസുകളില്‍, 4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.