കോട്ടയം:റബർ മേഖലയിലെ പ്രതിസന്ധികൾ സംബന്ധിച്ച് ആഴത്തിലുള്ള ചർച്ചക്ക് വേദിയൊരുക്കി കോട്ടയത്ത് കേരള കോൺഗ്രസ് എം റബർകർഷക സംഗമം സംഘടിപ്പിക്കുന്നു. വെള്ളി പകൽ മൂന്നരക്ക് കെപിഎസ് മേനോൻ ഹാളിലാണ് സംഗമം. ചെയർമാൻ ജോസ് കെ മാണി ഉദ്‌ഘാടനംചെയ്യും. മന്ത്രി റോഷി അഗസ്‌റ്റിൻ മുഖ്യപ്രഭാഷണം നടത്തും.
സർക്കാർമേഖലയിലും സ്വകാര്യമേഖലയിലും വലുതും ചെറുതുമായ റബറധിഷ്ടിത വ്യവസായങ്ങളടക്കം തുടങ്ങി മേഖലയുടെ പ്രതിസന്ധിക്ക് അയവുവരുത്തുന്ന സമീപനം രൂപപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് എം ആവശ്യപ്പെടുന്നു. റബർകർഷകർക്ക് കാർബൺ ഫണ്ടിന്റെ വിഹിതം വാങ്ങി കൊടുക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പദ്ധതികൾ ആസൂത്രണംചെയ്യണം. വെള്ളൂരിലെ കേരള റബർ ലിമിറ്റഡ് ഒരു അപ്പെക്‌സ് ബോഡിയായി പ്രവർത്തിച്ചുകൊണ്ട് യുവജനങ്ങളെ റബർ കൃഷിയിലേക്ക് ആകർഷിക്കുവാൻ കഴിയണം.
ടയർ വ്യവസായികൾ സിഎസ്‌ആർ ഫണ്ട് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ റബർ കൃഷി പ്രോൽസാഹിപ്പിക്കുവാൻ വിനിയോഗിക്കുമ്പോൾ കേരളത്തെ അവഗണിക്കുകയാണെന്നും കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു പ്രസ്‌താവനയിൽ പറഞ്ഞു.
സംഗമത്തിൽ ഉരുത്തിരിയുന്ന നിർദേശങ്ങൾ കേന്ദ്ര- –- സംസ്ഥാന സർക്കാരുകൾക്ക് മുമ്പിൽ അവതരിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.
കേരള റബർ ലിമിറ്റഡ് എംഡി ഷീലാ തോമസ്, മലനാട് ഡവലപ്‌മെന്റ് സൊസൈറ്റിയെ പ്രതിനിധീകരിച്ച് ഫാ. തോമസ് മറ്റമുണ്ടയിൽ എന്നിവർ പ്രബന്ധം അവതരിപ്പിക്കും. ആർപിഎസ് പ്രസിഡന്റുമാർ, ഭാരവാഹികൾ, കർഷക പ്രതിനിധികൾ എന്നിവർ സംഗമത്തിൽ പങ്കെടുക്കുമെന്ന് പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു.