കോട്ടയം:ഇടതു മുന്നണി പ്രവേശനത്തിനുശേഷമുള്ള ആദ്യനിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വന്‍നേട്ടമുണ്ടാക്കി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ്.സീറ്റ് ചര്‍ച്ച അവസാനഘട്ടത്തിലെത്തിനില്‍ക്കെ മുന്നണിയില്‍ 12 സീറ്റ് ജോസ് കെ മാണി ഉറപ്പിച്ചുകഴിഞ്ഞു.
ഇവയില്‍ പലതും സി.പി.എമ്മിന്റെ സീറ്റുകളാണെന്നുള്ളതും ശ്രദ്ധേയമാണ്.എറണാകുളം ജില്ലയിലെ പ്രസ്റ്റീജ് സീറ്റായ പെരുമ്പാവൂരും പിറവവും കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കാന്‍ സിപിഎം തീരുമാനിച്ചു. രണ്ടു സീറ്റുകളും വിട്ടുനല്‍കുന്നതിന് എറണാകുളം ജില്ലാ കമ്മിറ്റിയില്‍ ധാരണയായി. ഇതോടെ ചങ്ങനാശേരി സീറ്റ് വേണമെന്ന ആവശ്യത്തില്‍നിന്ന് ജോസ് വിഭാഗം പിന്നോട്ടുപോകും.
ചങ്ങനാശേരിയില്‍ തട്ടി ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ച വഴിമുട്ടിയിരുന്നു. സീറ്റ് സിപിഐക്ക് നല്‍കാനാവില്ലെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ചങ്ങനാശേരിയില്ലെങ്കില്‍ കാഞ്ഞിരപ്പള്ളി നല്‍കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നിലപാട് എടുത്തു. എന്നാല്‍ പെരുമ്പാവൂരും ചാലക്കുടിയും ചങ്ങനാശേരിയിലെ തടസം നീക്കി.
ഉപതെരഞ്ഞെടുപ്പിലൂടെ ഇടതു മുന്നണി പിടിച്ചെടുത്ത പാലായ്ക്കും പാര്‍ട്ടി എം എല്‍ മാരുടെ സിറ്റിംഗ് സീറ്റുകളായ , കാഞ്ഞിരപ്പള്ളി, ഇടുക്കി എന്നിവയ്ക്കും പുറമേ കടുത്തുരുത്തി, തൊടുപുഴ സീറ്റുകളും ആദ്യ റൗണ്ടില്‍ തന്നെ ജോസിനു നല്കാന്‍ തീരുമാനമായിരുന്നു. ഇടുക്കിയില്‍ ഇടതിന് വേണ്ടി തോറ്റ ഫ്രാന്‍സിസ് ജോര്‍ജ് ഇപ്പോള്‍ ജോസഫിനൊപ്പമാണ് എന്നത് അവിടെ കാര്യങ്ങള്‍ എളുപ്പമാക്കി. ഇത്തവണ ഇടുക്കിയില്‍ റോഷി കാഞ്ഞിരപ്പള്ളിയില്‍ ജയരാജ് എന്നിവര്‍ കഴിഞ്ഞ തവണ എതിര്‍ത്ത മുന്നണിയുടെ സ്ഥാനാര്‍ഥികളായി.
കാഞ്ഞിരപ്പള്ളിയില്‍ ഇടതു മുന്നണിയുടെ സ്ഥിരം പരാജയ കക്ഷിയായ സിപിഐയുടെ എതിര്‍പ്പിന് യാതൊരു പരിഗണനയും ഉണ്ടായില്ല. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സ്വന്തം മണ്ഡലമാണ് എന്നൊക്കെ ചില ശബ്ദങ്ങള്‍ ഉണ്ടായി എങ്കിലും അതൊക്കെ ചര്‍ച്ചയില്‍ വന്നില്ല.25 വര്‍ഷമായി സിപിഎം കൈവശം വെക്കുന്ന റാന്നി വിട്ടുകൊടുത്തതാണ് മറ്റൊരു നേട്ടം. രാജു ഏബ്രഹാമിന് പകരം ഒരു പേര് സിപിഎമ്മില്‍ ഇല്ലാ എന്നതാണ് കേരളാ കോണ്‍ഗ്രസിന് എമ്മിന് അനുകൂലമായത്. എന്നാല്‍ സിപിഎം സിറ്റിംഗ് സീറ്റായ തൃശൂരിലെ ചാലക്കുടിയില്‍ ഇടതു സ്ഥാനാര്‍ഥി രണ്ടിലയില്‍ മത്സരിക്കുന്നതിന് തടസമുണ്ടായില്ല എന്നതും ശ്രദ്ധേയം.
കെ.എം മാണിയുടെ കാലത്തെ മലബാറില്‍ രണ്ടു സീറ്റുകള്‍ പാര്‍ട്ടിയ്ക്കുള്ളതാണ്.മകന്റെ കാലത്തും ഈ പതിവിന് മാറ്റമില്ല. കണ്ണൂരിലെ ഇരിക്കൂര്‍, കോഴിക്കോട്ടെ കുറ്റ്യാടി. ഇതില്‍ ഇരിക്കൂര്‍ കോണ്‍ഗ്രസ് പതിറ്റാണ്ടായി ജയിക്കുന്ന മണ്ഡലമാണ് എങ്കില്‍ കുറ്റ്യാടി കഴിഞ്ഞ തവണ മാത്രം തോറ്റ ശക്തി കേന്ദ്രമാണ്. മുസ്ലിം ലീഗിന് എതിരെ കേരളാ കോണ്‍ഗ്രസിലൂടെ ഒരു മുസ്ലിം സ്ഥാനാര്‍ഥി എന്ന തന്ത്രമാകും ഇടതു മുന്നണി ഇവിടെ പയറ്റുക.
ഇരിക്കൂര്‍, കുറ്റ്യാടി, ചാലക്കുടി, പെരുമ്പാവൂര്‍, പിറവം കടുത്തുരുത്തി, തൊടുപുഴ, ഇടുക്കി, പാലാ,പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, റാന്നി എന്നിങ്ങനെയാണ് പാര്‍ട്ടിയുടെ സീറ്റുകള്‍.